‘ആക്ഷന്‍ ഹീറോ ബിജു-2’ എന്ന സിനിമയുടെ പേര് വ്യാജ രേഖയിലൂടെ സ്വന്തമാക്കിയെന്ന നടന്‍ നിവിന്‍ പോളിയുടെ പരാതിയില്‍ നിര്‍മാതാവ് പി.എ. ഷംനാസിനെതിരെ കേസ്.
2023ല്‍ നിവിന്‍ പോളി, സംവിധായകന്‍ എബ്രിഡ് ഷൈന്‍, തലയോലപ്പറമ്പ് സ്വദേശി ഷംനാസ് എന്നിവര്‍ ഒപ്പിട്ട കരാറില്‍ സിനിമയുടെ എല്ലാ അവകാശവും നിവിന്‍ പോളിയുടെ നിര്‍മാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
എന്നാല്‍, തന്റെ വ്യാജ ഒപ്പിട്ട രേഖ ഫിലിം ചേംബറില്‍ ഹാജരാക്കി സിനിമയുടെ പേരിന്റെ അവകാശം ഷംനാസ് സ്വന്തമാക്കിയെന്നാണ് ആരോപണം. ജാമ്യമില്ലാ വകുപ്പുകളാണ് ഷംനാസിനെതിരെ പാലാരിവട്ടം പൊലീസ് ചുമത്തിയിട്ടുള്ളത്.
നേരത്തെ, പോളി ജൂനിയര്‍ കമ്പനി, ചിത്രത്തിന്റെ ഓവര്‍സീസ് അവകാശം താനറിയാതെ മറ്റൊരു കമ്പനിക്ക് നല്‍കിയെന്നും ചിത്രത്തിന്റെ അവകാശം തനിക്കാണെന്നും കാണിച്ച് ഷംനാസ് നല്‍കിയ പരാതിയില്‍ നിവിന്‍ പോളിക്കെതിരെയും കേസെടുത്തിരുന്നു.