• Sun. Oct 18th, 2026

24×7 Live News

Apdin News

ശമ്പളം കിട്ടാതെ താരങ്ങളും ഹബാസും കളംവിട്ടു; പരിശീലനം ബഹിഷ്‌കരിച്ച് ഈസ്റ്റ് ബംഗാൾ; ഐഎസ്എൽ മുന്നൊരുക്കങ്ങൾ താളംതെറ്റുന്നു

Byadmin

Oct 17, 2026


കൊൽക്കത്ത: പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) സീസൺ മുന്നോട്ട് പോകവേ കൊൽക്കത്തൻ വമ്പന്മാരായ ഈസ്റ്റ് ബംഗാൾ എഫ്‌സി കടുത്ത സാമ്പത്തിക-ഭരണപ്രതിസന്ധിയിൽ.

പരിശീലക ജീവനക്കാർക്കും ഫസ്റ്റ് ടീം കളിക്കാർക്കും മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ഹെഡ് കോച്ച് അന്റോണിയോ ലോപ്പസ് ഹബാസിന്റെ നേതൃത്വത്തിൽ താരങ്ങൾ പരിശീലനം ബഹിഷ്‌കരിച്ചു.

ഇതോടെ പുതിയ സീസണിനായുള്ള ക്ലബ്ബിന്റെ മുന്നൊരുക്കങ്ങൾ പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

റിപ്പോർട്ടുകൾ പ്രകാരം, കളിക്കാർ രാജാർഹാട്ടിലെ പരിശീലന ഗ്രൗണ്ടിൽ എത്തിയെങ്കിലും കുടിശ്ശിക തീർത്തുനൽകാതെ മൈതാനത്തിറങ്ങില്ലെന്ന കർശന നിലപാട് സ്വീകരിക്കുകയായിരുന്നു.

വിദേശ താരങ്ങൾ, സീനിയർ കളിക്കാർ, കോച്ചിംഗ് സ്റ്റാഫുകൾ എന്നിവർക്ക് പുറമെ റിസർവ് ടീമിലെയും (U23) അക്കാദമിയിലെയും താരങ്ങൾക്കും കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്നാണ് വിവരം.

4 കോടി ബാങ്കിലുണ്ട്, പക്ഷെ തൊടാനാകില്ല!

കുടിശ്ശികയായ തുകയുടെ വലിയൊരു ഭാഗം ഉടൻ തന്നെ കൊടുത്തുതീർക്കാൻ ക്ലബ് മാനേജ്‌മെന്റ് ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും പ്രശ്നം ഇതുവരെ പൂർണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ല.

ക്ലബ്ബിന്റെ ബാങ്ക് അക്കൗണ്ടിൽ നിലവിൽ ഏകദേശം 4 കോടി രൂപയോളം ഉണ്ടെന്നാണ് വിവരം. എന്നാൽ സാങ്കേതികവും നിയമപരവുമായ ചില തടസ്സങ്ങൾ കാരണം ഈ ഫണ്ട് ഉപയോഗിക്കാൻ മാനേജ്‌മെന്റിന് സാധിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന അവകാശവാദങ്ങൾ.

ഇമാമി പിന്മാറിയത് കനത്ത തിരിച്ചടിയായി

ശ്രീ സിമന്റുമായുള്ള കരാർ അവസാനിച്ചതിനെ തുടർന്ന് 2022-ലാണ് ഇമാമി ഗ്രൂപ്പ് ഈസ്റ്റ് ബംഗാളിന്റെ പ്രധാന നിക്ഷേപകരായി എത്തുന്നത്

2024-ലെ കലിംഗ സൂപ്പർ കപ്പ് കിരീടനേട്ടത്തിലും കൊൽക്കത്ത ഫുട്ബോൾ ലീഗിലെ വിജയങ്ങളിലുമെല്ലാം ഇമാമിയുടെ സാമ്പത്തിക പിന്തുണ നിർണ്ണായകമായിരുന്നു.

എന്നാൽ, കഴിഞ്ഞ ഓഗസ്റ്റ് 25-ന് ഇമാമി ഗ്രൂപ്പ് ക്ലബ്ബിന്റെ നിക്ഷേപക, മാനേജ്‌മെന്റ് ചുമതലകളിൽ നിന്ന് ഔദ്യോഗികമായി പിന്മാറുകയും ഓഹരികളും വോട്ടവകാശവും ക്ലബ്ബിന് തിരികെ കൈമാറുകയും ചെയ്തു.

നിലവിൽ കേവലം ഒരു സ്പോൺസറായി മാത്രമാണ് ഇമാമി തുടരുന്നത്. ഈ പ്രധാന നിക്ഷേപകന്റെ പെട്ടെന്നുള്ള പിന്മാറ്റമാണ് ക്ലബ്ബിനെ നിലവിലെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത്.

ഗ്രൗണ്ടിലും കനത്ത തിരിച്ചടികൾ

കളത്തിന് പുറത്തെ സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കൊപ്പം കളത്തിലെ മോശം പ്രകടനവും ഈസ്റ്റ് ബംഗാളിന് വലിയ തലവേദനയാകുന്നുണ്ട്. കഴിഞ്ഞ ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ മോഹൻ ബഗാൻ സൂപ്പർ ജയന്റിനോട് 1-0 നാണ് ഈസ്റ്റ് ബംഗാൾ പരാജയപ്പെട്ടത്.

തൊട്ടുപിന്നാലെ ഒക്ടോബർ 13-ന് നടന്ന എഎഫ്‌സി ചാമ്പ്യൻസ് ലീഗ് രണ്ടാം പോരാട്ടത്തിൽ ഇറാഖി ക്ലബ്ബായ അൽ ഷോർട്ടയോട് 3-2 എന്ന സ്കോറിനും ടീം തോൽവി വഴങ്ങി.

മുന്നിൽ കടുപ്പമേറിയ മത്സരങ്ങൾ

ഐഎസ്എല്ലിൽ ഗോവയിൽ ചർച്ചിൽ ബ്രദേഴ്‌സിനെതിരെയാണ് ഈസ്റ്റ് ബംഗാളിന്റെ ആദ്യ മത്സരം. തുടർന്ന് ഇന്റർ കാശി, ഒമാന്റെ അൽ-സീബ് (എഎഫ്‌സി) എന്നിവർക്കെതിരെയും മത്സരങ്ങൾ കാത്തിരിക്കുന്നു.

വരും ദിവസങ്ങളിൽ അടുത്തടുത്തായി പ്രധാന മത്സരങ്ങൾ വരാനിരിക്കെ, ശമ്പള തർക്കം ഉടനടി പരിഹരിച്ച് പരിശീലനം പുനരാരംഭിക്കാൻ കഴിഞ്ഞില്ലെങ്കിൽ റെഡ് ആൻഡ് ഗോൾഡ് ബ്രിഗേഡിന്റെ സീസൺ വലിയ ദുരന്തത്തിലേക്ക് വഴിമാറും.







By admin