ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ടി-20 പരമ്പര സമനിലയിൽ. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇരു ടീമുകളും രണ്ട് വീതം മാച്ചുകൾ വിജയിക്കുകയും, നിർണായകമായ സീരീസ് ഡിസൈഡർ മത്സരം മഴമൂലം ഫലമില്ലാതെ അവസാനിക്കുകയും ചെയ്തതോടെയാണ് (No Result) പരമ്പര 2-2 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞത്.
ബാറ്റർമാരുടെ സമ്പൂർണ്ണാധിപത്യം കണ്ട പരമ്പരയായിരുന്നു ഇത്. ബാറ്റർമാർക്ക് അനുകൂലമായി പിച്ചൊരുക്കിയ മത്സരങ്ങളിൽ ഇരു ടീമിന്റെയും ബാറ്റിങ് യൂണിറ്റ് ആ ആനുകൂല്യം അക്ഷരാർത്ഥത്തിൽ മുതലെടുത്തു.
അഞ്ച് മത്സരങ്ങളിൽ നിന്നുമായി ഇരു ടീമുകളും ചേർന്ന് 105 സിക്സറുകളാണ് അടിച്ചുകൂട്ടിയത്. പരമ്പരയിലെ അവസാന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ബാറ്റ് ചെയ്തിരുന്നില്ല എന്നതും, ഇന്ത്യക്കാകട്ടെ വെറും 7.4 ഓവർ മാത്രമാണ് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചD എന്നതും ഇതിനോടൊപ്പം ചേർത്തു വായിക്കണം.
എന്നിട്ടും ഈ പരമ്പര ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്. ഒരു ടി-20ഐ bilateral പരമ്പരയിലെ ഏറ്റവും ഉയർന്ന നാലാമത്തെ സിക്സർ നേട്ടം സ്വന്തമാക്കിയാണ് ഇന്ത്യ – വിൻഡീസ് സീരീസ് അവസാനിച്ചത്. ബെംഗളൂരു M. ചിന്നസ്വാമി സ്റ്റേഡിയത്തിലെ പോരാട്ടം പൂർണ്ണമായി നടന്നിരുന്നെങ്കിൽ ഒരുപക്ഷേ ടി-20 ചരിത്രത്തിൽ ഏറ്റവുമധികം സിക്സറുകൾ പിറവിയെടുത്ത bilateral പരമ്പരയായും ഇത് മാറുമായിരുന്നു.
ഒരു ടി-20ഐ ബൈലാറ്ററൽ പരമ്പരയിൽ ഏറ്റവുമധികം സിക്സറുകൾ
(ടീമുകൾ – ആകെ സിക്സർ – വർഷം എന്ന ക്രമത്തിൽ)
വെസ്റ്റ് ഇൻഡീസ് & ഇംഗ്ലണ്ട് – 120 (2023)
വെസ്റ്റ് ഇൻഡീസ് & ഓസ്ട്രേലിയ – 117 (2025)
ഇന്ത്യ & ന്യൂസിലൻഡ് – 116 (2026)
ഇന്ത്യ & വെസ്റ്റ് ഇൻഡീസ് – 105 (2026)
ഓരോ മത്സരത്തിലെയും സിക്സർ കണക്കുകൾ:
ആദ്യ മത്സരം: ആകെ 15 സിക്സറുകൾ (ഇന്ത്യ – 8, വിൻഡീസ് – 7)
രണ്ടാം മത്സരം: റാഞ്ചിയിൽ ആകെ പിറന്നത് 33 സിക്സറുകൾ (വെസ്റ്റ് ഇൻഡീസ് – 20, ഇന്ത്യ – 13)
മൂന്നാം മത്സരം: 21 സിക്സറുകൾ (ഇന്ത്യ – 8, വെസ്റ്റ് ഇൻഡീസ് – 13)
നാലാം മത്സരം: ഇരു ടീമുകളും ചേർന്ന് അടിച്ചുകൂട്ടിയത് 29 സിക്സറുകൾ (ഇന്ത്യ – 13, വെസ്റ്റ് ഇൻഡീസ് – 16)
അഞ്ചാം മത്സരം: ബെംഗളൂരുവിൽ മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ 7.4 ഓവറിൽ നിന്നു മാത്രം ഇന്ത്യ 7 സിക്സറുകൾ നേടി.
അതേസമയം, വിൻഡീസിനെതിരായ പരമ്പരയ്ക്ക് പിന്നാലെ ന്യൂസിലൻഡ് പര്യടനത്തിനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യൻ ടീം. ടെസ്റ്റും ഏകദിനവും ടി-20യുമായി സമ്പൂർണ്ണ പരമ്പരകളാണ് ഇന്ത്യ ന്യൂസിലൻഡിൽ കളിക്കുക.