• Sun. Sep 22nd, 2024

24×7 Live News

Apdin News

ശരീരം തളർന്ന സുധീർ ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്താൽ നാട്ടിലെത്തി

Byadmin

Sep 22, 2024


ദമ്മാം: നാട്ടിൽ നിന്നും മടങ്ങിയെത്തിയതിന് പിന്നാലെ പക്ഷാഘാതത്തെ തുടർന്ന് ശരീരത്തിന്റെ വലതു വശം തളർന്ന ചെർപ്പുളശേരി സ്വദേശി സുധീറിനെ കെഎംസിസി വൽഫയർ ടീമിന്റെ സഹായത്താൽ തുടർ ചികിത്സക്കായി നാട്ടിലെത്തിച്ചു. 17 വർഷമായി ഖോബാറിൽ ഹൗസ് ഡ്രൈവറായി സേവനമനുഷ്ഠിച്ചു വരുകയായിരുന്ന സുധീർ രണ്ടാഴ്ച മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്.

തിരികെ എത്തിയതിന്റെ രണ്ടാം ദിവസമാണ് ഒരു വശം തളർന്നു വീണത്. തുടർന്ന് സ്പോൺസർ ഖോബാർ കിങ് ഫഹദ് ഹോസ്പിറ്റലിൽ എത്തിച്ചു വെങ്കിലും ശരീരത്തിന്റെ വലതു വശത്തിന്റെ ചലനശേഷി പൂർണ്ണമായും തളർന്നതായുള്ള വിവരമാണ് ലഭിച്ചത്.

കഴിഞ്ഞ 10 ദിവസങ്ങൾക്കു മുമ്പാണ് ഇദ്ദേഹത്തെ ഖോബാർ കിങ് ഫഹദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച വിവരം ദമ്മാം പാലക്കാട്‌ ജില്ലാ കെഎംസിസി അറിയുന്നത്. തുടർന്ന് പാലക്കാട് ജില്ലാ സെക്രട്ടറി ഷെരീഫ് പാറപ്പുറത്ത് അൽ ഖോബാർ കെഎംസിസി വെൽഫയർ വിഭാഗം ചെയർമാൻ ഹുസൈൻ നിലമ്പൂർ അഖ്റബിയ്യ കെഎംസിസി പ്രസിഡന്റ്‌ സലീം തുറക്കൽ എന്നിവരുടെ സഹായം തേടി. ആരോഗ്യ നില മെച്ചപ്പെടുന്ന പക്ഷം പത്ത് ദിവസങ്ങൾ കഴിഞ്ഞു മാത്രമേ യാത്ര ചെയ്യാനാവൂ എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു . ആശ്വാസ വാക്കുകളുമായി അഖ്റബിയ്യ കെഎംസിസി പ്രവർത്തകർ കൂടെ ഉണ്ടായിരുന്നു.

ഇതിനോടകം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള എല്ലാ രേഖകളും ഹുസൈൻ നിലമ്പൂരിന്റെ നേതൃത്വത്തിൽ തയ്യാറാക്കി.

ഒരാളുടെ അകമ്പടിയോടെ മാത്രമേ യാത്ര ചെയ്യാവൂ എന്ന് ഡോക്ടർ നിർദ്ദേശിച്ചതിനെ തുടർന്ന് കൂടെ ഹുസൈൻ നിലമ്പൂരും നാട്ടിലേക്ക് പോകാൻ തയ്യാറായി. അദ്ദേഹത്തിന്റെ തുടർ ചികിത്സക്കും മറ്റും സാമ്പത്തിക സഹായവും മറ്റും സ്പോൺസർ ഉറപ്പ് നൽകി. അതനുസരിച്ചു കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 12:10 നുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ സുധീറിനെയും കൊണ്ട് ഹുസൈൻ നിലമ്പൂർ നാട്ടിൽ പോയി വീട്ടുകാരെ സമീപം എത്തിച്ചു.

ആശുപത്രിയിലും യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതിനും അൽഖോബാർ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ ഇഖ്‌ബാൽ ആനമങ്ങാട്, സലീം തുറക്കൽ, മൊയ്‌ദീൻ ദേലം പാടി, ഇർഷാദ് കാവുങ്ങൽ, സക്കറിയ ചൂരിയാട്ട് തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.

By admin