കണ്ണൂര്‍ : ശ്രീകൃഷ്ണജയന്തി ഘോഷയാത്രയെ ആര്‍എസ്എസിന്റെ രാഷ്‌ട്രീയ പദ്ധതിയെന്ന് വിശേഷിപ്പിച്ച് ശോഭ കെടുത്താൻ ശ്രമിച്ച് സിപിഎം നേതാവ് പി ജയരാജന്‍. കേരളത്തിന്റെ തെരുവുകളില്‍ മുന്നേ ഉണ്ടായിരുന്നത് ചതയദിന ഘോഷയാത്രകള്‍ മാത്രമാണെന്നാണ് ജയരാജന്റെ പ്രസ്താവന.
കേരളത്തിലെ കുടുംബങ്ങളില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ആര്‍എസ്എസ് പദ്ധതിയുടെ ഭാഗമായാണ് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര തുടങ്ങിയത് എന്നാണ് ജയരാജൻ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പോഡ്കാസ്റ്റ് പരമ്പരയായ മോട്ടോര്‍സൈക്കില്‍ ഡയറീസിൽ പറഞ്ഞത്.
ശ്രീകൃഷ്ണന് മേലുള്ള വിശ്വാസം എത്രയോ കാലമായി നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ അയിത്ത ജാതിക്കാര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. ക്ഷേത്ര പ്രവേശന വിളംബരം വരുന്നത് വരെ അത് തുടര്‍ന്നു. നായര്‍ സമുദായത്തിന് പോലും പ്രവേശനം നിയന്ത്രിതമായിരുന്നെന്ന് മന്നത്ത് പദ്മനാഭന്‍ അടക്കം പറഞ്ഞിട്ടുണ്ട് .
മുമ്പ് പി ജയരാജന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയിരുന്ന ഘട്ടത്തില്‍ ആര്‍എസ്എസിന്റെ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകള്‍ക്ക് ബദലായി ബാലസംഘം, മഹിളാ അസോസിയഷന്‍ എന്നിവയുടെ നേതൃത്വത്തിൽ സിപിഎം നേതൃത്വത്തിലുള്ള ക്ലബ്ബുകള്‍ ഘോഷയാത്രകള്‍ സംഘടിപ്പിച്ചിരുന്നു. ബാലഗോകുലം അടക്കം സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന ഇത്തരം പരിപാടികള്‍ക്ക് ബദലായി ആയിരുന്നു അന്ന് സിപിഎം ഇങ്ങനെ ഒരു നീക്കം നടത്തിയിരുന്നു.