• Tue. Apr 21st, 2026

24×7 Live News

Apdin News

ശ്രീപത്മനാഭന് നിറപുത്തരി സമര്‍പ്പിക്കാനായി പുത്തരിക്കണ്ടമൊരുങ്ങുന്നു

Byadmin

Apr 17, 2026



തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും പുത്തരിക്കണ്ടമൊരുങ്ങുന്നു ശ്രീപത്മനാഭന് നെല്‍ക്കതിര്‍ സമര്‍പ്പിക്കാന്‍. പുത്തരിക്കണ്ടം പേര് സൂചിപ്പിക്കുന്നത് പോലെതന്നെ നെല്‍വയലുകള്‍ നിറഞ്ഞ വലിയൊരു പാടമായിരുന്നു. പുത്തരിക്കണ്ടവും ശ്രീപത്മനാഭ സ്വാമി ക്ഷേത്രവും തമ്മില്‍ ചരിത്രപരമായി ഒരു ബന്ധമുണ്ട്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരി ഉത്സവത്തിന് ആവശ്യമായ നെല്ല് വിളയിച്ചിരുന്നത് ക്ഷേത്രത്തിന് മുന്നിലുള്ള പുത്തരിക്കണ്ടത്ത് ആയിരുന്നു. പതിനെട്ടാം നൂറ്റാണ്ട് മുതല്‍ പുത്തരിക്കണ്ടത്ത് വിളഞ്ഞ നെല്ലായിരുന്നു ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിറപുത്തരി ആഘോഷങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നത്.

പുത്തരിക്കണ്ടമെന്ന വിശാലമായ പാടശേഖരം ഭഗവാന്റെ തന്നെ ഭൂമിയായാണ് വിശ്വസിക്കപ്പെടുന്നത്. പഴയ കാലത്ത് ക്ഷേത്രത്തിലെ നിത്യനിദാനങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കുമുള്ള നെല്ല് ഇവിടെയാണ് ഉല്‍പ്പാദിപ്പിച്ചിരുന്നത്. കര്‍ക്കടക മാസത്തില്‍ വിത്തുപാകി മുളപ്പിച്ച ഞാറ്, വലിയ ആഘോഷങ്ങളോടെ പുത്തരിക്കണ്ടത്ത് നട്ടിരുന്നു. രാജഭരണകാലത്ത് തിരുവിതാംകൂര്‍ മഹാരാജാവായിരുന്നു ഞാറ് നടീലിന് നേതൃത്വം നല്‍കിയിരുന്നത്.

ചിങ്ങമാസത്തില്‍ പുത്തരിക്കണ്ടത്ത് നിന്ന് കൊയ്‌തെടുക്കുന്ന പുതിയ നെല്‍ക്കതിരുകള്‍ ഭക്തിപുരസ്സരം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. ഈ കതിരുകള്‍ ഭഗവാന് നിവേദിച്ചശേഷം ഭക്തര്‍ക്ക് പ്രസാദമായി നല്‍കുന്നു. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായാണ് ഈ പുത്തരിയെ കാണുന്നത്.

കാര്‍ഷിക സംസ്‌കാരവും ആത്മീയതയും തമ്മിലുള്ള അവിഭാജ്യമായ ബന്ധമാണ് ഈ ഐതിഹ്യം കാണിക്കുന്നത്. നിറ എന്നാല്‍ വീട് നിറയെ ഐശ്വര്യം വരിക എന്നും പുത്തരി എന്നാല്‍ പുതിയ അരി എന്നും അര്‍ത്ഥം. പ്രകൃതി കനിഞ്ഞു നല്‍കുന്ന വിളവുകള്‍ ആദ്യം ദൈവത്തിന് സമര്‍പ്പിക്കുക എന്നതാണ് നിറപുത്തരി ചടങ്ങ്. പുതുതായി കൊയ്‌തെടുത്ത നെല്‍ക്കതിരുകള്‍ ഭഗവാന് സമര്‍പ്പിക്കുന്നതിലൂടെ നാടിന് ഐശ്വര്യവും സമൃദ്ധിയും ലഭിക്കുമെന്നാണ് വിശ്വാസം.

പുത്തരിക്കണ്ടത്ത് നിന്ന് കൊയ്‌തെടുക്കുന്ന കതിര് രാജഭരണകാലത്ത് മഹാരാജാവ് തലയില്‍ ചുമന്നാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് എത്തിച്ചിരുന്നത്. രാജഭരണത്തിനു ശേഷം നഗരത്തിന്റെ പ്രഥമ പൗരന്‍ എന്ന നിലയില്‍ മേയര്‍ നെല്‍ക്കതിര്‍ ചുമന്ന് ക്ഷേത്രത്തിലേക്ക് എത്തിച്ചു തുടങ്ങി. തിരുവനന്തപുരം നഗരസഭ രൂപീകൃതമായ കാലം മുതല്‍ ഈ രീതി തുടര്‍ന്നു വന്നു. മുത്തുക്കുടകളുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ കതിര്‍ക്കെട്ടുകള്‍ തലയില്‍ ചുമന്ന് മേയര്‍ പടിഞ്ഞാറേ നട വഴി ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുന്നു. ക്ഷേത്രത്തിലെ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഈ കതിരുകള്‍ സ്വീകരിച്ച് ശ്രീകോവിലില്‍ പൂജിക്കുന്നു. തുടര്‍ന്ന് ഈ കതിരുകള്‍ ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്യുന്നു.

കതിര്‍കറ്റ തലയില്‍ ചുമന്ന് ക്ഷേത്രത്തില്‍ എത്തിക്കുക എന്ന അപൂര്‍വ്വമായ ചടങ്ങ് ക്ഷേത്രത്തിലും ആചാരത്തിലും വിശ്വാസമില്ലാത്തവര്‍ അനുഷ്ഠിക്കാന്‍ തയ്യാറാകാത്തതോടെ അന്യംനിന്ന് പോയിരുന്നു. കേരളത്തിലെ മറ്റൊരു ആരാധനാലയത്തിലും കാണാത്ത, നഗരസഭയും ക്ഷേത്രവും തമ്മിലുള്ള രാഷ്‌ട്രീയവും ആത്മീയതയും ചേര്‍ന്ന ചടങ്ങ് 2000 ല്‍ പുനരാരംഭിച്ചുവെങ്കിലും 2005നു ശേഷം കതിര്‍കറ്റ തലയില്‍ ചുമക്കാന്‍ മേയര്‍മാരായിരുന്നവര്‍ തയ്യാറായിരുന്നില്ല.

എന്നാല്‍ പതിറ്റാണ്ടുകളുടെ ഇടത് കുത്തക അവസാനിപ്പിച്ച് ബിജെപി നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തില്‍ വന്നതോടെയാണ് ആചാരങ്ങള്‍ വീണ്ടും അനുഷ്ഠിക്കാന്‍ തയ്യാറായത്.

 

By admin