
അയോദ്ധ്യ: ശ്രീരാമജന്മഭൂമി ക്ഷേത്രത്തെക്കുറിച്ച് കേരളത്തിലടക്കമുള്ള ചില മാധ്യമങ്ങള്‍ക്കും ഇന്നലെ വരെ ശ്രീരാമനെയും ശ്രീരാമക്ഷേത്രത്തേയും അധിക്ഷേപിച്ചവര്‍ക്കും ഇപ്പോള്‍ വലിയ ആശങ്കകളാണ്. കാണിക്കയായി കിട്ടിയതൊക്കെ മോഷ്ടിച്ചിരിക്കുന്നുവെന്നാണ് ഇവര്‍ കരഞ്ഞുവിളിക്കുന്നത്. പരാതിയും ആക്ഷേപവുമെല്ലാം സോഷ്യല്‍ മീഡിയയിലാണ്. പോലീസ് സ്റ്റേഷനില്‍ പോയിട്ടില്ല. കോടതിയില്‍ പോയിട്ടില്ല. തെരുവ് തോറും നടന്ന് വിളിച്ചുകൂവുകയാണവര്‍. അയോദ്ധ്യയില്‍ കൊള്ള നടന്നുവെന്ന് സ്ഥാപിച്ചെടുക്കണം. തെരുവ് പ്രസംഗങ്ങളിലും ചാനല്‍ ഗോദകളിലും പത്രത്താളുകളിലും ഈ പച്ചക്കള്ളം ആവര്‍ത്തിക്കണം. തത്കാലത്തേക്ക് ഒരു മനസ്സുഖം. എല്ലായിടത്തും തോല്‍ക്കുന്നതിന്റെ നിരാശ തീര്‍ക്കാനുള്ള അടവ് നയം. അതിനപ്പുറം അയോദ്ധ്യയെച്ചൊല്ലി ഉയര്‍ത്തുന്ന ഈ മുറവിളിക്ക് അടിസ്ഥാനമൊന്നുമില്ല.
എന്നിട്ടും, കോടാനുകോടി ആളുകളുടെ സ്വപ്‌നമായ ശ്രീരാമക്ഷേത്രത്തിന് മേല്‍ ആരോപിക്കപ്പെടുന്ന ഏത് കളങ്കവും ഗൗരവത്തോടെ കാണാനാണ് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചത്. ജനങ്ങളുടെ മനസില്‍ സംശയത്തിന്റെ ചെറിയ കറ പോലും ക്ഷേത്രത്തെപ്പറ്റിയുണ്ടാകാന്‍ പാടില്ലെന്ന നിര്‍ബന്ധബുദ്ധി ട്രസ്റ്റിനുണ്ട്. രാമനാണ് ആദര്‍ശപുരുഷന്‍ എന്നതുകൊണ്ടുതന്നെ ഇക്കാര്യത്തിലും ശ്രീരാമന്‍ പിന്തുടര്‍ന്ന ധാര്‍മ്മിക പാതയിലൂന്നി നിയമത്തെയും നിയമ സംവിധാനങ്ങളെയും മുന്‍നിര്‍ത്തി വ്യാജ ആരോപണങ്ങളെ നേരിടാനാണ് ട്രസ്റ്റ് തീരുമാനിച്ചത്.
ജീവിതംതന്നെ വ്യാജമാക്കിത്തീര്‍ത്ത ചില രാഷ്‌ട്രീയ നേതാക്കളും പാര്‍ട്ടികളുമാണ് മോഷണമെന്ന നുണക്കഥയുമായി ഇറങ്ങിയത്. പതിറ്റാണ്ടുകളുടെ കോടതി വ്യവഹാരത്തിനും നൂറ്റാണ്ടുകളുടെ ജനകീയ പോരാട്ടത്തിനും അളവില്ലാത്ത ബലിദാനങ്ങള്‍ക്കുമൊടുവിലാണ് ശ്രീരാമജന്മഭൂമിയില്‍ ഭഗവാന്‍ രാമന്റെ ഭവ്യ മന്ദിരം ഉയര്‍ന്നത്. ഇപ്പോള്‍ ആരോപണവുമായി രംഗത്തുവന്നവര്‍ അക്കാലമത്രയും ചെയ്തത് രാമനിന്ദയായിരുന്നു. അവര്‍ രാമഭക്തരെ അധിക്ഷേപിച്ചു. സന്ത് തുളസീദാസിനെയും രാമചരിത മാനസത്തെയും ആക്ഷേപിച്ചു. രാമന്‍ കെട്ടുകഥയാണെന്ന് ലേഖനങ്ങള്‍ ചമച്ചു. ജനങ്ങളെ രാമക്ഷേത്രത്തിനെതിരെ തിരിക്കാന്‍ പരിശ്രമിച്ചു. മതവിദ്വേഷം സൃഷ്ടിച്ചു. കലാപങ്ങളുണ്ടാക്കി മുതലെടുപ്പിന് ശ്രമിച്ചു. അവര്‍ തന്നെയാണ്, മറ്റെല്ലാം പാളിയപ്പോള്‍ വ്യാജരാഗം മൂളി വീണ്ടും രംഗത്തിറങ്ങുന്നത്.
അയോദ്ധ്യയില്‍ ഭൂമികുംഭകോണം നടക്കുന്നുവെന്ന ആരോപണവുമായി ഇതേ കൂട്ടര്‍ 2021ലും രംഗത്തുണ്ടായിരുന്നു. ഇന്നത്തെപ്പോലെ അന്നും പരാതികളില്ല. എഫ്‌ഐആറില്ല. അന്തരീക്ഷത്തില്‍ ആരോപണം മാത്രം പാറിനടന്നു. അത് പലരും ഏറ്റുപിടിക്കുകയും ഉച്ചത്തില്‍ കൂവിയാര്‍ക്കുകയും ചെയ്തു. ഭക്തര്‍ ഭഗവാന് സമര്‍പ്പിക്കുന്ന സമ്പത്തിനെ കാണിക്കയെന്നാണ് വിളിക്കുക. എന്നാല്‍ ഇവര്‍ ഒരു മോഷണക്കഥ ഉണ്ടാക്കുമ്പോള്‍ പോലും ആ സമര്‍പ്പണത്തെ പിരിവെന്ന് വിളിക്കാനാണ് തയാറായത്. ആരോപണം ഉന്നയിച്ചവര്‍ പരാതി നല്കിയില്ലെന്ന് മാത്രമല്ല, ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിനോ (എസ്‌ഐടി) ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കോ ഒരു തെളിവും കൈമാറിയിട്ടുമില്ല.
അതേസമയം ക്ഷേത്ര ട്രസ്റ്റ് അങ്ങേയറ്റം ഉത്തരവാദിത്തത്തോടെ ആരോപണങ്ങളെ നേരിട്ടു. നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാന്‍ എസ്‌ഐടി രൂപീകരിക്കണമെന്ന് ട്രസ്റ്റ് തന്നെ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അന്വേഷണസംഘത്തെ നിയോഗിക്കുകയും ചെയ്തു. ട്രസ്റ്റിന്റെ പ്രധാന ചുമതലക്കാരായ ചമ്പത് റായിയും അനില്‍ മിശ്രയും എസ്‌ഐടിക്കുമുന്നില്‍ ഹാജരായി. രാജ്യ ചരിത്രത്തില്‍ പൈപ്പ് കുംഭകോണവും ബൊഫോഴ്‌സ് അഴിമതിയും നാഷണല്‍ ഹെറാള്‍ഡ് മുതല്‍ മദ്യ അഴിമതിയും വരെയുള്ള ഏതെങ്കിലും കേസില്‍ ഇന്നേവരെ ഏതെങ്കിലും ആരോപണ വിധേയര്‍ സ്വയം എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട ചരിത്രമില്ല. അഭിഭാഷകന്റെ സഹായമില്ലാതെയോ ഒഴികഴിവുകള്‍ പറയാതെയോ അവരാരും എസ്‌ഐടിക്ക് മുന്നിലോ കോടതിയിലോ ഹാജരായ ചരിത്രമില്ല.
അന്വേഷണം സംബന്ധിച്ച് എസ്‌ഐടി ഔദ്യോഗികമായി പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. എന്നിട്ടും വ്‌ളോഗര്‍മാരും സോഷ്യല്‍ മീഡിയയും ചില മാധ്യമങ്ങളും തോന്നുന്നതെല്ലാം വിളിച്ചു പറയുകയാണ്. അതെല്ലാം പണ്ടേ രാമക്ഷേത്ര വിരുദ്ധരായ രാഷ്‌ട്രീയക്കാര്‍ ഏറ്റുപാടുകയും ചെയ്യുന്നു, അവരുടെ വാദഗതികളുടെ വിശ്വാസ്യത സംശയനിഴലിലാണ്.
പതിനഞ്ച് ദിവസത്തിനകം എസ്‌ഐടി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കണ്ടെത്തലുകള്‍ വരാനിരിക്കുന്നതേയുള്ളൂ. ആരോപണങ്ങള്‍ സംബന്ധിച്ച തെളിവുകള്‍ കൈവശമുള്ളവര്‍ അത് അന്വേഷണസംഘത്തിന് കൈമാറുകയാണ് വേണ്ടത്. അതിന് തയാറാകാതെ നിരുത്തരവാദപരമായ ആരോപണങ്ങളിലൂടെ ക്ഷേത്രത്തിന്റെ കീര്‍ത്തിയെ അപമാനിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.
എസ്‌ഐടിയിലൂടെ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണമാണ് യുപി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിഷണര്‍, ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍, ധനകാര്യ വിദഗ്ധര്‍ എന്നിവരടങ്ങുന്നതാണ് പ്രത്യേക അന്വേഷണ സംഘം. ആരോപണവിധേയരില്‍ ക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട ജീവനക്കാരും ഭാരവാഹികളും ഉള്‍പ്പെടുന്നതുകൊണ്ടാണ് ഇത്രയും പ്രധാനപ്പെട്ട വിഭാഗത്തെത്തന്നെ നിയോഗിച്ചത്. സാധാരണ പോലീസിനെ അപേക്ഷിച്ച് സൈബര്‍, ഫോറന്‍സിക്, ഫിനാന്‍ഷ്യല്‍ ഓഡിറ്റ് തുടങ്ങിയ മേഖലകളിലെ വിദഗ്ധരും എസ്‌ഐടിക്ക് ഒപ്പമുണ്ട്. വിശദമായ നിയമനടപടികള്‍ക്ക് ശക്തമായ അടിത്തറ നല്‍കുന്നതിന് അന്വേഷണസംഘത്തെ ഇത് സഹായിക്കും. ഇപ്പോള്‍ എസ്‌ഐടി പോരാ എന്നാണ് രാമക്ഷേത്രവിരുദ്ധരുടെ ആക്ഷേപം. ആരോപണത്തിന്റെ പേരില്‍ പരാതി നല്കാത്തവര്‍ എസ്‌ഐടിയെ മാറ്റാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ നടപടികള്‍ ശരിവച്ച അലഹബാദ് ഹൈക്കോടതി, ഇക്കൂട്ടരുടെ നീക്കം തള്ളിക്കളഞ്ഞിട്ടുമുണ്ട്.
ലോകമെമ്പാടുമുള്ള രാമഭക്തര്‍ക്ക് അറിയേണ്ടത് സത്യാവസ്ഥയാണ്. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്ക് കഠിന ശിക്ഷ ലഭിക്കണമെന്നും സംവിധാനത്തില്‍ പോരായ്‌മകളുണ്ടെങ്കില്‍ ഉടന്‍ പരിഹരിക്കണമെന്നും എല്ലാവരും ആഗ്രഹിക്കുന്നു. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് വിശ്വാസത്തെയും ആചാരങ്ങളെയും മുറിവേല്‍പ്പിച്ചവര്‍ക്കും ശിക്ഷ ഉറപ്പാക്കണമെന്നും രാമഭക്തര്‍ ആവശ്യപ്പെടുന്നു.