കൊച്ചി: കോണ്‍ഗ്രസ് നേതാക്കളെ ഒഴിച്ച് എല്ലാവരെയും സ്തുതിക്കുന്നയാളാണ് ശശി തരൂരെന്നും അദ്ദേഹത്തിന് ശ്വാസം മുട്ടുന്നെങ്കില്‍ പാര്‍ട്ടി വിട്ട് ഇഷ്ടമുളള രാഷ്ട്രീയം സ്വീകരിക്കണമെന്നും കെ. മുരളീധരന്‍. നിലവിലെ നിലപാട് പാര്‍ട്ടിക്കും അദ്ദേഹത്തിനും ഒരുപോലെ ബുദ്ധിമുട്ടാണെന്നും പറഞ്ഞു. തരൂരിന് മുന്നില്‍ രണ്ട് വഴികളാണ് ഉളളതെന്നും ഒന്നുകില്‍ അദ്ദേഹത്തിന് ശ്വാസം മുട്ടുന്നുണ്ടെങ്കില്‍ പാര്‍ട്ടി വിടുകയോ അല്ലെങ്കില്‍ അദ്ദേഹം പാര്‍ട്ടിക്ക് വിധേയനാകുകയോ ചെയ്യണമെന്ന് മുരളീധരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളെ ഒഴിച്ച് എല്ലാവരെയും ശശിതരൂര്‍ സ്തുതിക്കുന്നുണ്ട്. മോദിയെയും പിണറായിയെയും സ്തുതിക്കുന്നുണ്ട്. ഏറെ നാളുകളായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തുന്ന നിലപാടാണ് ശശി തരൂര്‍ സ്വീകരിച്ചുവരുന്നത്. നിലവിലെ രീതികളുമായി മുന്നോട്ടുപോയാല്‍ ശശി തരൂരിന്റെ രാഷ്ട്രീയ വ്യക്തിത്വം തന്നെ ഇല്ലാതാകുമെന്നും കെ മുരളീധരന്‍ പറഞ്ഞു.
തരൂര്‍ വിഷയം ഇനി ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി നല്‍കിയ ചുമതലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അത്് പറയേണ്ടത് പാര്‍ട്ടിക്കുളളിലാണ്. എല്ലാ അഭിപ്രായങ്ങളും സ്വീകരിക്കണമെന്നില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. തരൂര്‍ ബിജെപിയിലേക്കെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്. തുടര്‍ച്ചയായി മോദിയെയും ബിജെപിയെയും പുകഴ്ത്തുന്ന ശശി തരൂര്‍ കോണ്‍ഗ്രസിനെ ഇകഴ്ത്തുകയും ചെയ്യുന്നുണ്ട്.
അടുത്തിടെ ‘ദി ഹിന്ദു’ പത്രത്തില്‍ മോദിയെ പ്രശംസിച്ചു ലേഖനം എഴുതിയ അദ്ദേഹം കഴിഞ്ഞദിവസം ഇന്ദിരാഗാന്ധിയെയും സഞ്ജയ് ഗാന്ധിയെയും അടിയന്തരാവസ്ഥയെയും വിമര്‍ശിച്ച് ലേഖനം എഴുതുകയും ചെയ്തിരുന്നു. തരൂരിന്റെ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ താനാണെന്ന് വ്യക്തമാക്കുന്ന സര്‍വേ ഫലവും ശശി തരൂര്‍ പങ്കുവെച്ചിരുന്നു.