• Thu. Jul 17th, 2025

24×7 Live News

Apdin News

ഷിരൂര്‍ ദുരന്തത്തിന് ഇന്നേക്ക് ഒരു വര്‍ഷം; നോവായി അര്‍ജുന്‍

Byadmin

Jul 17, 2025


ലോറി ഡ്രൈവര്‍ അര്‍ജുന്‍ ഉള്‍പ്പടെ 11 പേരുടെ ജീവനെടുത്ത ഷിരൂര്‍ ദുരന്തത്തിന് ഇന്നേക്ക് ഒരു വര്‍ഷം. 2024 ജൂലൈ 16നായിരുന്നു കനത്ത മഴയില്‍ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ അര്‍ജുനെ കാണാതാവുന്നത്. 72 ദിവസം നീണ്ടുനിന്ന രക്ഷാ ദൗത്യത്തിനൊടുവിലാണ് അര്‍ജുന്റെ മൃതദേഹാവശിഷ്ടവും ട്രക്കും ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ നിന്ന് കണ്ടെടുത്തത്.

കര്‍ണാടക ഷിരൂരിലെ ദേശീയപാത 66ല്‍ ജൂലൈ പതിനാറിന് രാവിലെ എട്ടേ കാലോടെയാണ് ദുരന്തമുണ്ടായത്. മണ്ണും പാറയും ചെളിയും ദേശീയപാതയിലേക്ക് ഇരച്ചെത്തി സമീപത്തെ ഒരു ചായക്കടയും വീടുകളും തകര്‍ന്നു. മലയാളി ഡ്രൈവറായ അര്‍ജുന്‍ ഉള്‍പ്പെടെ നിരവധി പേരെ കാണാതായി.

മൂന്നു ഘട്ടങ്ങളായിട്ടായിരുന്നു രക്ഷാപ്രവര്‍ത്തനം. എന്‍ ഡി ആര്‍ എഫും നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരും തിരഞ്ഞിട്ടും ശ്രമങ്ങള്‍ വിഫലമായി. ജൂലൈ 20ന് പുഴയില്‍ സോണാര്‍, റഡാര്‍ പരിശോധനകള്‍ നടത്തി. തുടര്‍ന്ന് ജൂലൈ 25ന് തിരച്ചിലിന് മലയാളി മേജര്‍ ജനറല്‍ എം ഇന്ദ്രബാലനും സംഘവും എത്തിയിരുന്നു. ജൂലൈ 27ന് സന്നദ്ധപ്രവര്‍ത്തകന്‍ ഈശ്വര്‍ മാല്‍പെയും സംഘവും തിരച്ചിലിന് എത്തിയിരുന്നു.

ജൂലൈ 28ന് ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എന്നാല്‍, ഓഗസ്റ്റ് 13ന് പ്രതിഷേധത്തെ തുടര്‍ന്ന് ദൗത്യം പുനരാരംഭിച്ചു. ഓഗസ്റ്റ് 14 ന് നാവികസേന ലോറിയിലുണ്ടായിരുന്ന വടം കണ്ടെത്തി. പിന്നീട്, തിരച്ചിലിന്റെ മൂന്നാം ഘട്ടം സെപ്തംബര്‍ 20ന് ആരംഭിച്ചു. ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിച്ച് തിരച്ചില്‍ ആരംഭിച്ചു. സെപ്തംബര്‍ 22ന് അധികൃതരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഈശ്വര്‍ മാല്‍പെ തിരച്ചില്‍ നിര്‍ത്തി. സെപ്തംബര്‍ 23ന് ഇന്ദ്രബാലന്റെ നേതൃത്വത്തില്‍ വീണ്ടും തിരച്ചില്‍ ആരംഭിച്ചു. ഒടുവില്‍ 72 ദിവസത്തെ തിരച്ചിലിനൊടുവില്‍ സെപ്തംബര്‍ 25ന് പുഴയില്‍ ലോറിയും കാബിനില്‍ അര്‍ജുന്റെ മൃതദേഹഭാഗങ്ങളും കണ്ടെത്തി.

By admin