കണ്ണൂര്‍: ചെങ്ങന്നൂര്‍ കാരണവര്‍ വധക്കേസില്‍ പ്രതിയായ ഷെറിന്റെ മോചനം ഉടനുണ്ടായേക്കും. ഷെറിന്റെ മോചനം സംബന്ധിച്ച സര്‍ക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി. ഈ മാസം 22 വരെ പരോള്‍ കാലാവധിയില്‍ തുടരുന്ന ഷെറിന് അവര്‍ കിടക്കുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തി ബോണ്ട് നല്‍കിയാല്‍ പുറത്തിറങ്ങാനാകുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ജയിലിലെ നല്ലനടപ്പ് പരിഗണിച്ചാണ് ഷെറിന് മോചനമായിരിക്കുന്നത്.
2009 ലായിരുന്നു ഷെറിനും കുട്ടാളികളും ചേര്‍ന്ന് ചെങ്ങന്നൂര്‍ ഭാസ്‌ക്കര കാരണവരെ കൊലപ്പെടുത്തിയെന്ന കേസില്‍ ജയിലിലായത്. നാലു ദിവസം മുമ്പായിരുന്നു ഗവര്‍ണര്‍ ഷെറിനെ വിട്ടയയ്ക്കാനുള്ള നിര്‍ദേശത്തില്‍ ഒപ്പുവെച്ചത്്. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയതും. മന്ത്രിസഭായോഗം തീരുമാനം എടുത്തിട്ട് നാലഞ്ചു മാസം കഴിഞ്ഞെങ്കിലും ഗവര്‍ണറിന്റെ അംഗീകാരത്തിനായി വെച്ചിരിക്കുകയായിരുന്നു.
നല്ല നടപ്പ് കൂടി കണക്കാക്കിയാണ് ഷെറിന് മോചനം നല്‍കുന്നത്. അതേസമയം നെയ്യാറ്റിനകര, പൂജപ്പുര, വിയ്യൂര്‍ ജയിലുകളില്‍ മാറിമാറി പാര്‍പ്പിച്ചിട്ടുള്ള ഷെറിനെ ഒടുവിലാണ് കണ്ണൂരിലേക്ക് മാറ്റിയത്. നേരത്തേ ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതിന് ഷെറിനെതിരേ ആരോപണം ഉയര്‍ന്നിരുന്നു. പിന്നീട് വിദേശവനിതയെ കയ്യേറ്റം ചെയ്‌തെന്ന ആരോപണത്തിലും ഇവര്‍ കൂടുങ്ങിയിരുന്നു. ഷെറിനെതിരേ സഹതടവുകാരില്‍ ഒരാളായിരുന്ന സുനിതയും നേരത്തേ ഷെറിനെതിരേ ആരോപണവുമായി രംഗത്ത് വന്നിരുന്നു.