• Fri. Jun 19th, 2026

24×7 Live News

Apdin News

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

Byadmin

Jun 19, 2026



പണമൊഴുക്കി ചരിത്രം മാറ്റിയെഴുതുന്നതും വളച്ചൊടിച്ച ചരിത്രാഖ്യാനങ്ങള്‍ തിരുത്തുന്നതിനും ആര്‍എസ്എസ് എന്തെങ്കിലും മുന്‍കൈയെടുക്കുന്നുണ്ടോ?

നിരവധി സംഘടനകള്‍ ഈ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇതിഹാസ് സങ്കലന്‍ സമിതി അത്തരമൊരു സംഘടനയാണ്. മറ്റൊന്ന് ബാബാ സാഹേബ് ആപ്‌തെ സ്മാരക സമിതിയാണ്. മൂന്നാമത്തേത് പ്രജ്ഞാ പ്രവാഹ് ആണ്. ഈ സംഘടനകള്‍ വിവിധ സംരംഭങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് പോലുള്ള വിദ്യാര്‍ത്ഥി സംഘടനകളും വിദ്യാഭാരതി പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സംഭാവന നല്‍കിയിട്ടുണ്ട്.

സ്‌കൂള്‍ പാഠപുസ്തകങ്ങളിലെ ചരിത്രവിവരണം കൂടുതല്‍ പൂര്‍ണ്ണവും കൃത്യവുമാണെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഏതെങ്കിലും പ്രത്യയശാസ്ത്രത്തിന് അനുസൃതമായി ചരിത്രം തിരിച്ചെഴുതുക എന്നതല്ല ലക്ഷ്യം, മറിച്ച് ചരിത്ര സംഭവങ്ങളെ ഒഴിവാക്കലുകളോ മറയ്‌ക്കലുകളോ ഇല്ലാതെ അവതരിപ്പിക്കുക എന്നതാണ്. സത്യസന്ധമായ അവതരണമാണ് വേണ്ടത്.

സരസ്വതി നദിയുടെ ഉദാഹരണം എടുക്കുക. മഹാഭാരത കാലഘട്ടത്തിന് വളരെ മുമ്പുതന്നെ അപ്രത്യക്ഷമായതിനാല്‍ അത് എപ്പോഴെങ്കിലും നിലനിന്നിരുന്നോ എന്ന് ചിലര്‍ വര്‍ഷങ്ങളായി ചോദ്യം ചെയ്തിരുന്നു. ഗവേഷകര്‍ സര്‍വേകളും പഠനങ്ങളും നടത്തി, അതിന്റെ ഗതിയും ഉത്ഭവവും സംബന്ധിച്ച തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. പ്ലക്ഷ പ്രശ്രവണം എന്നറിയപ്പെടുന്ന സ്ഥലം തിരിച്ചറിഞ്ഞിട്ടുണ്ട്, നിരവധി കിലോമീറ്ററുകള്‍ വ്യാപിച്ചുകിടക്കുന്ന നീര്‍ച്ചാലുകള്‍ കണ്ടെത്തിയിട്ടുണ്ട്, കൂടാതെ ഐഎസ്ആര്‍ഒ നടത്തിയ മാപ്പിങ് പഠനങ്ങള്‍ ഗണ്യമായ ഭൂഗര്‍ഭ ജലപ്രവാഹത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നു. നദിയുടെ ചരിത്രപരമായ നിലനില്‍പ്പിനെക്കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ക്ക് അത്തരം കണ്ടെത്തലുകള്‍ കാരണമായി.

ആര്യ സിദ്ധാന്തം മുതല്‍ ഭാരതീയ ചരിത്രത്തിന്റെ വിവിധ വശങ്ങള്‍ വരെയുള്ള വിഷയങ്ങളില്‍ സാമൂഹിക, അക്കാദമിക് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷകര്‍ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സംഘവുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളിലൂടെയും പുസ്തകശാലകളിലൂടെയും അത്തരം സാഹിത്യങ്ങള്‍ ലഭ്യമാണ്. അക്കാദമിക് പാഠ്യപദ്ധതിയിലേക്ക് പുതിയ ചരിത്ര വ്യാഖ്യാനങ്ങള്‍ കൊണ്ടുവരുന്നത് ക്രമേണയുള്ള ഒരു പ്രക്രിയയാണ്, പക്ഷേ ആ ദിശയിലുള്ള ശ്രമങ്ങള്‍ തുടരുന്നു.

എങ്കിലും പാഠപുസ്തകങ്ങളില്‍ അത്തരം കാര്യങ്ങള്‍ ഉണ്ടോ ഇല്ലയോ എന്നത് ഒരു വശം മാത്രമാണ്. നമുക്ക് ചരിത്രവും പാരമ്പര്യങ്ങളും കുട്ടികളിലേക്ക് നേരിട്ട് കൈമാറാനും
കഴിയും. ഞാന്‍ രാമായണമോ മഹാഭാരതമോ സ്‌കൂളില്‍ നിന്നോ കോളജില്‍ നിന്നോ അല്ല, വീട്ടില്‍ നിന്നാണ് പഠിച്ചത്. ഛത്രപതി ശിവാജി മഹാരാജിനെക്കുറിച്ച് പാഠപുസ്തകങ്ങളില്‍ നിന്നല്ല, മറിച്ച് സാമൂഹികവും സാംസ്‌കാരികവുമായ പരിപാടികളിലൂടെയാണ് പഠിച്ചത്.

ഹിന്ദു ഐക്യത്തിന് തടസമായ ജാതി വിഭജനങ്ങളെ ആര്‍എസ്എസ് എങ്ങനെ അഭിസംബോധന ചെയ്യുന്നു?

ഇന്നത്തെ ജാതി വ്യവസ്ഥ പരമ്പരാഗത അര്‍ത്ഥത്തിലുള്ള ഒന്നല്ല. ജാതി വ്യവസ്ഥ നല്ലതോ ചീത്തയോ എന്നതിനെക്കുറിച്ച് ഞാന്‍ അഭിപ്രായം പറയുന്നില്ല, പക്ഷേ ചരിത്രപരമായി അത് ഒരു തൊഴിലിനെ ഒരു പ്രത്യേക സമൂഹവുമായി ബന്ധിപ്പിക്കുന്ന ആശയവുമായി ബന്ധപ്പെട്ടതാണ്. ഇന്ന് അങ്ങനെയല്ല. ആര്‍ക്കും ഏത് തൊഴിലും പിന്തുടരാം. അതിനാല്‍, ആ സമ്പ്രദായം ഇനി നിലനില്‍ക്കില്ല.

ജാതിയുടെ പേരില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത് ക്രമമില്ലായ്‌മയും ഭിന്നതയുമാണ്. അത് ഒരു ഘടനാപരമായ വ്യവസ്ഥയല്ല. ചരിത്രത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ അത് ഒരു ഉദ്ദേശ്യം നിറവേറ്റിയിരിക്കാം; എനിക്കറിയില്ല. എന്നാല്‍ ഡോ. ഹെഡ്‌ഗേവാര്‍ മുതല്‍ ബാളാസാഹേബ് ദേവറസ് വരെ, ആര്‍എസ്എസ് ഒരു രൂപത്തിലുമുള്ള വിവേചനത്തെ പിന്തുണയ്‌ക്കുന്നില്ലെന്ന് സ്ഥിരമായും കൃത്യമായും പ്രഖ്യാപിച്ചിട്ടുണ്ട്. വിവേചനം പ്രോത്സാഹിപ്പിക്കുന്ന എന്തും പൂര്‍ണ്ണമായും ഉപേക്ഷിക്കണം.

1925-ല്‍ സ്ഥാപിതമായതു മുതല്‍, അത്തരം വ്യത്യാസങ്ങളില്ലാതെയാണ് ആര്‍എസ്എസ് പ്രവര്‍ത്തിച്ചത്. സംഘത്തിനുള്ളില്‍, ജാതി നിലവിലില്ല. ജാതിയെക്കുറിച്ച് ചോദിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യുന്നില്ല. വര്‍ഷങ്ങളോളം ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടും, എന്റെ സഹപ്രവര്‍ത്തകരുടെ ജാതി എന്താണെന്ന് എനിക്ക് പലപ്പോഴും അറിയില്ല.

ഞാന്‍ സര്‍കാര്യവാഹ് ആയപ്പോള്‍, സുരേഷ് ജി സോണിയെ സഹ സര്‍കാര്യവാഹ് ആയി നിയമിച്ചു. ‘സോണി ജിയെ നിയമിച്ചതിലൂടെ, ഒബിസി സമൂഹത്തിന് പ്രാതിനിധ്യം ലഭിച്ചുവെന്നാണ് ചില മാധ്യമങ്ങള്‍ എഴുതിയത്. പിറ്റേന്ന്, ചായ കുടിക്കുമ്പോള്‍, ഞാന്‍ സുരേഷ് ജിയോട് ചോദിച്ചു, ”നിങ്ങള്‍ ഒബിസി സമൂഹത്തില്‍ നിന്നുള്ളയാളാണോ?” അദ്ദേഹം പുഞ്ചിരിച്ചു. ഇന്നും, അദ്ദേഹം ഏതില്‍ പെട്ടയാളാണെന്ന് എനിക്കറിയില്ല.

ജാതിവ്യത്യാസം ഇരുട്ട് പോലെയാണ്. ഇരുട്ടിനെ തോല്‍പ്പിക്കാന്‍ എല്ലാ ഊര്‍ജ്ജവും ചെലവഴിക്കുന്നത് എന്തിനാണ്? പകരം, ഒരു വിളക്ക് കത്തിക്കുക, ഇരുട്ട് സ്വയം അപ്രത്യക്ഷമാകും. നമ്മള്‍ വരയ്‌ക്കുന്ന വലിയ രേഖ, നാമെല്ലാവരും ഹിന്ദുക്കളാണ് എന്നതാണ്. ആളുകള്‍ വിവിധ ജാതികളില്‍ പെട്ടവരാകാം, വിവിധ ഭാഷകള്‍ സംസാരിക്കുന്നവരാകാം, വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവരാകാം, അല്ലെങ്കില്‍ വ്യത്യസ്ത സാമ്പത്തിക പശ്ചാത്തലങ്ങളില്‍ പെട്ടവരാകാം. ഈ വ്യത്യാസങ്ങളെല്ലാം നിലനില്‍ക്കാം. എന്നാല്‍ ഇതിനെല്ലാം ഉപരിയായി ഒരു വലിയ സ്വത്വം നിലനില്‍ക്കുന്നു: ‘ഞാന്‍ ഒരു ഹിന്ദുവാണ്, ഞാന്‍ ഭാരതമാതാവിന്റെ പുത്രനാണ് എന്നതാണത്.
ഒരു ശാഖയിലെ അന്തരീക്ഷം സ്വാഭാവികമായും വ്യത്യാസങ്ങള്‍ക്കപ്പുറത്തേക്ക് നീങ്ങാന്‍ വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നു. ഹൃദയങ്ങളില്‍ മാറ്റം വരുത്തുക എന്നതാണ് ലക്ഷ്യം. ഹൃദയ പരിവര്‍ത്തനമില്ലാതെ, പുറമേയുള്ള പരിഷ്‌കരണങ്ങള്‍ നിലനില്‍ക്കില്ല.

നമ്മുടെ സംഘചാലകരില്‍ ഒരാളുടെ ഉദാഹരണം ഞാന്‍ ഓര്‍ക്കുന്നു, അദ്ദേഹത്തിന്റെ കുടുംബപ്പേര് ‘ഭോണ്ടൂ’ ആയിരുന്നു. മറാഠിയില്‍, ഭോണ്ടൂ എന്നതിന് ഒരു വ്യാജന്‍, വഞ്ചകന്‍ എന്നൊക്കെയാണ് അര്‍ത്ഥം. ഒരു അഭിഭാഷകനെന്ന നിലയില്‍, അദ്ദേഹം നിയമപരമായി തന്റെ കുടുംബപ്പേര് ദേശ്മുഖ് എന്ന് മാറ്റി. എല്ലാവരും ബഹുമാനിക്കുന്ന കുടുംബപ്പേരാണത്. ആളുകള്‍ അഡ്വക്കേറ്റ് ദേശ്മുഖിനെ തേടിവരും. അപ്പോള്‍ അയല്‍ക്കാര്‍ ചോദിക്കും, ‘ഏത് ദേശ്മുഖ്? ഓ, ഭോണ്ടൂ ദേശ്മുഖ്!’ പഴയ തനിമ ഒരിക്കലും അദ്ദേഹത്തെ വിട്ടുപോയില്ല. ഒടുവില്‍, അദ്ദേഹം തന്റെ യഥാര്‍ത്ഥ കുടുംബപ്പേരിലേക്ക് മടങ്ങി. പുറംലേബലുകള്‍ മാറ്റുന്നതില്‍ കാര്യമില്ല. ജാതി മനസ്സിലും ഹൃദയത്തിലുമാണ് നിലനില്‍ക്കുന്നത്. മാറ്റം അവിടെയാണ് വേണ്ടത്. നമ്മളെല്ലാവരും മനുഷ്യരും ഭാരതമാതാവിന്റെ മക്കളുമാണെന്ന് നാം ആത്മാര്‍ത്ഥമായി ചിന്തിച്ചാല്‍, സംഘര്‍ഷത്തിന് ഇടം കുറയും. ഹൃദയപരിവര്‍ത്തനം കൊണ്ടുവരാനാണ് സംഘത്തിന്റെ ശ്രമം.

ഭാരതം ഭരിക്കുന്നത് ആര്‍എസ്എസ്സോ ആര്‍എസ്എസ് സ്വാധീനമുള്ളവരോ ആണെന്ന ധാരണ ഇന്ന് നിലവിലുണ്ട്. സ്ഥാപിത സമയത്ത് സംഘം നിശ്ചയിച്ച ലക്ഷ്യം നേടിയെന്ന് വിശ്വസിക്കുന്നുണ്ടോ?

സ്ഥാപിത സമയത്ത് ആര്‍എസ്എസ് സ്വയം നിശ്ചയിച്ച പ്രാഥമിക ലക്ഷ്യം മുഴുവന്‍ ഹിന്ദു സമൂഹത്തിന്റെയും സംഘടന എന്നതാണ്. ആ ലക്ഷ്യത്തില്‍ അധികാരത്തെക്കുറിച്ചോ തെരഞ്ഞെടുപ്പുകളെക്കുറിച്ചോ സര്‍ക്കാരുകളെക്കുറിച്ചോ പരാമര്‍ശമില്ല. അതൊന്നും സംഘത്തിന്റെ ലക്ഷ്യങ്ങളല്ല.

ആര്‍എസ്എസ് ഒരിക്കലും ഭരിക്കില്ല. ആര്‍എസ്എസിന് സ്വാധീനമുണ്ടാകാം, പക്ഷേ ഭരണം എല്ലായ്‌പ്പോഴും ജനങ്ങളുടെയും ഭരണഘടനാപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുടെയും കൈകളിലായിരിക്കും. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ജനങ്ങള്‍ ഇത് തീരുമാനിക്കുന്നു, അവര്‍ തീരുമാനിക്കുന്നതെന്തും വിജയിക്കും. അധികാരത്തിനായി സംഘം പരിശ്രമിക്കുന്നില്ല.

ഒരു ഹിന്ദി കവിതയില്‍ പറയുന്നതുപോലെ: ”സിംഹാസനം പിടിച്ചെടുക്കുക എന്നത് നമ്മുടെ ലക്ഷ്യമല്ല. മുഴുവന്‍ സമൂഹവും നമ്മോടൊപ്പം ചേര്‍ന്ന് മുന്നോട്ട് പോകുക എന്നതാണ് ലക്ഷ്യം.” അങ്ങനെ മുന്നോട്ട് പോകുന്നതിന്റെ ഉപോല്‍പ്പന്നമെന്ന നിലയില്‍, ആര്‍എസ്എസ് ചിന്തകളാല്‍ പ്രചോദിതരായ സ്വയംസേവകരോ രാഷ്‌ട്രീയ പാര്‍ട്ടികളോ അധികാരത്തില്‍ വരാന്‍ സാധ്യതയുണ്ട്. അതിനര്‍ത്ഥം ആര്‍എസ്എസ് ഭരിക്കുന്നു എന്നല്ല. ഓരോ സ്വയംസേവകനും താന്‍ പ്രവര്‍ത്തിക്കുന്ന മേഖലയുടെ അച്ചടക്കത്തിനും ഉത്തരവാദിത്തങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കണമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്രത്തിലോ സംസ്ഥാനങ്ങളിലോ ഉള്ള സര്‍ക്കാരുകളില്‍ സേവനമനുഷ്ഠിക്കുന്നവര്‍ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നു. അതുകൊണ്ട് ഒരു സര്‍ക്കാരിനെയും ആര്‍എസ്എസ് സര്‍ക്കാര്‍’ എന്ന് വിളിക്കാന്‍ കഴിയില്ല. ഭരണഘടനാപരമായി, അത് ഭാരത സര്‍ക്കാരാണ്. ആ അര്‍ത്ഥത്തില്‍ അതിനെ ഒരു ബിജെപി സര്‍ക്കാര്‍ എന്ന് പോലും വിശേഷിപ്പിക്കാന്‍ കഴിയില്ല.

ആര്‍എസ്എസ് ആരെയും ഭരിക്കുന്നില്ല; എല്ലാവരുമായും സൗഹൃദം സ്ഥാപിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. അതിനാല്‍, സ്വയംസേവകര്‍ അധികാര സ്ഥാനങ്ങളിലുള്ളപ്പോള്‍ മാത്രമേ ആര്‍എസ്എസിന് സുഹൃത്തുക്കളുണ്ടാകൂ എന്ന് ആരും കരുതരുത്. സര്‍ക്കാരില്‍ സേവനമനുഷ്ഠിക്കുന്ന സ്വയംസേവകര്‍ അവരുടെ ഓഫീസിന്റെ അച്ചടക്കമനുസരിച്ച് അവരുടെ കടമകള്‍ നിര്‍വഹിക്കുന്നു. നമ്മുടെ പ്രധാന ലക്ഷ്യം സമാജത്തിന്റെ സംഘടനയാണ്, ആ ലക്ഷ്യം പൂര്‍ണ്ണമായി സാക്ഷാത്കരിക്കപ്പെടുന്നതിന് നമുക്ക് ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. അതുകൊണ്ടാണ് ഭാവിയെക്കുറിച്ച് നമ്മള്‍ സംസാരിക്കുന്നത്.

ഭാരത വിഭജനത്തെയും മതപരിവര്‍ത്തനത്തെയും മഹാത്മാഗാന്ധി ശക്തമായി എതിര്‍ത്തിരുന്നെങ്കിലും, ചില വലതുപക്ഷ പ്രവര്‍ത്തകര്‍ ഇപ്പോഴും അദ്ദേഹത്തെ ഒരു എതിരാളിയായി കാണുന്നു. ഈ ശത്രുതയ്‌ക്ക് പിന്നിലെ അടിസ്ഥാന കാരണം എന്താണ്?

എനിക്കറിയില്ല; നിങ്ങള്‍ അവരോട് നേരിട്ട് ചോദിക്കൂ. ആര്‍എസ്എസിനെ സംബന്ധിച്ചിടത്തോളം, ഞങ്ങള്‍ എല്ലാ ദിവസവും ചൊല്ലുന്ന ഏകാത്മതാ സ്‌തോത്രത്തില്‍ ഗാന്ധിജിയുടെ പേരുണ്ട്. തിലകോ ഗാന്ധിരാദൃതാഃ എന്ന വരി ഞങ്ങള്‍ പതിവായി ചൊല്ലുന്നു. അദ്ദേഹത്തിന്റെ ചില നയങ്ങളോട് ഞങ്ങള്‍ വിയോജിച്ചിരുന്നു, പ്രത്യേകിച്ച് പ്രീണന നയങ്ങളായി ഞങ്ങള്‍ കണ്ടതും സാങ്കേതികവിദ്യയുടെ ചില വശങ്ങളോടുള്ള അദ്ദേഹത്തിന്റെ ശക്തമായ എതിര്‍പ്പും. അതേസമയം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വിശുദ്ധി, ത്യാഗ മനോഭാവം, നിസ്വാര്‍ത്ഥത എന്നിവയെക്കുറിച്ച് തര്‍ക്കമില്ല.

1922 ല്‍, ഗാന്ധിജി യെര്‍വാഡ ജയിലില്‍ തടവിലാക്കപ്പെട്ടപ്പോള്‍, മാര്‍ച്ച് 20 വര്‍ഷം തോറും ‘ഗാന്ധി ദിനം’ ആയി ആചരിക്കാന്‍ പ്രവിശ്യാ കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചു. നാഗ്പൂര്‍ പ്രവിശ്യാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ആദ്യത്തെ ആചരണത്തില്‍, ഗാന്ധിജിയെക്കുറിച്ച് സംസാരിച്ചത് ഡോ. ഹെഡ്ഗേവാറാണ്. ഡോക്ടര്‍ജി ഗാന്ധിജിയെ ‘പുണ്യപുരുഷന്‍’ എന്നാണ് വിശേഷിപ്പിച്ചത്. താന്‍ ശരിയെന്ന് വിശ്വസിച്ചത് യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാ ശക്തിയും ഗാന്ധിജി ചെലവഴിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ആ ലക്ഷ്യത്തിനായി അദ്ദേഹം എല്ലാം നല്‍കി, മനസ്സില്‍ സ്വാര്‍ത്ഥതയുടെ കണിക പോലും ഉണ്ടായിരുന്നില്ല. അത്തരമൊരു വ്യക്തിയെ എപ്പോഴും ഓര്‍മ്മിക്കണമെന്ന് ഡോക്ടര്‍ജി പറഞ്ഞു.

എന്നാല്‍ അദ്ദേഹത്തെ ഓര്‍മ്മിച്ചാല്‍ മാത്രം പോരാ; നമ്മുടെ സ്വന്തം ജീവിതത്തില്‍ ആ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നാം പരിശ്രമിക്കുകയും വേണം. പിന്നീട്, ഗുരുജി ഗോള്‍വല്‍ക്കറെ ഗാന്ധി ജയന്തി പരിപാടിയില്‍ പ്രസംഗിക്കാന്‍ സാംഗ്ലിയിലേക്ക് ക്ഷണിച്ചു. ആ പ്രസംഗം ശ്രീഗുരുജി സാഹിത്യ സര്‍വസ്വത്തിലുണ്ട്. 1936-ല്‍ ഗാന്ധിജി വാര്‍ധയിലെ ഒരു ആര്‍എസ്എസ് ക്യാമ്പ് സന്ദര്‍ശിച്ചു. ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍, ദല്‍ഹിയിലെ വാല്മീകി കോളനിയില്‍ താമസിച്ചിരുന്നപ്പോള്‍, സ്വയംസേവകരാണ് അദ്ദേഹത്തിന് സുരക്ഷ ഒരുക്കിയത്.

1947 സെപ്തംബര്‍ 27ന് ഗാന്ധിജി ഒരു ആര്‍എസ്എസ് ശാഖ സന്ദര്‍ശിച്ചു. സമ്മേളനത്തെ അഭിസംബോധന ചെയ്തു. ആ പ്രസംഗം പിറ്റേന്ന് ഹരിജനില്‍ പ്രസിദ്ധീകരിച്ചു. ഗാന്ധിജിയുമായുള്ള സംഘത്തിന്റെ ബന്ധം എപ്പോഴും സൗഹാര്‍ദ്ദപരമായിരുന്നു. പല തരത്തിലും, ഗാന്ധിജിയെ സനാതന ധര്‍മ്മത്തിന്റെ ജീവിക്കുന്ന ഒരു രൂപമായിട്ടാണ് ഞങ്ങള്‍ കാണുന്നത്. ഇതാണ് സംഘത്തിന്റെ കാഴ്ചപ്പാട്.
( അവസാനിച്ചു)

 

By admin