
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ എസ്എഫ്ഐക്കാര്‍ കൂട്ടത്തോടെ പിഎസ്സിയുടെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപക റാങ്ക് ലിസ്റ്റുകളില്‍ ഇടംപിടിച്ചു. ഇവരില്‍ ഭൂരിഭാഗവും സംസ്‌കൃത സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി നേടിയവരാണ്.
സര്‍വകലാശാലയുടെ നാക് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍ പൂര്‍വ വിദ്യാര്‍ത്ഥികളുടെ പ്ലേസ്‌മെന്റ് വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പ് മേധാവികളോടു നിര്‍ദേശിച്ചപ്പോഴാണ് സംസ്‌കൃത വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ നിയമന വിവരങ്ങള്‍ ലഭിച്ചത്.
സംസ്‌കൃത സര്‍വകലാശാലയിലെ സംസ്‌കൃതം (സാഹിത്യം) വിഭാഗത്തിലെ 19 പേരാണ് പിഎസ്‌സി റാങ്ക് പട്ടികയില്‍ ഇടംനേടിയത്. സംഭവം വിവാദമായതോടെ സര്‍വകലാശാലയിലെ മറ്റു വകുപ്പുകള്‍ പ്ലേസ്‌മെന്റ് വിവരങ്ങള്‍ മറച്ചുവച്ചിരിക്കുകയാണ്.
കേരള, കാലിക്കറ്റ്, എംജി സര്‍വകലാശാലകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പിഎസ്സി റാങ്ക് പട്ടികകളില്‍ ഇടം കിട്ടാതിരിക്കുമ്പോഴാണ് കുഫോസിലെയും സംസ്‌കൃത സര്‍വകലാശാലയിലെയും വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ നിയമനം നേടിയത്. സംസ്‌കൃത സര്‍വകലാശാലയിലെ സംസ്‌കൃതം (സാഹിത്യം) പൂര്‍വ വിദ്യാര്‍ത്ഥിനിയും എസ്എഫ്ഐ- ഡിവൈഎഫ്ഐ നേതാവുമായിരുന്ന വനിത പിഎസ്സി അംഗമായശേഷമാണ് സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ പിഎസ്സി വഴി സര്‍ക്കാര്‍ ജോലി ലഭിച്ചത്. വിവിധ പിഎസ്സി പരീക്ഷകളിലെ ചോദ്യകര്‍ത്താക്കളില്‍ ഭൂരിപക്ഷവും ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ഇടതുപക്ഷ അദ്ധ്യാപക സംഘടനയിലെ അംഗങ്ങളാണ്.
ആരോപണ വിധേയമായ നിയമന ശിപാര്‍ശകള്‍ നിര്‍ത്തിവയ്‌ക്കണമെന്നും ഡിവൈഎഫ്ഐ നേതാവായ പിഎസ്സി അംഗത്തിന്റെ പങ്ക് അന്വേഷിക്കണമെന്നും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി ലഭിച്ചിട്ടുണ്ട്.