• Sat. Nov 14th, 2026

24×7 Live News

Apdin News

മാവോയിസ്റ്റ് വിളനിലത്തില്‍ ഉയരുന്ന കായികാരവം

Byadmin

Nov 14, 2026



രാജ്യസുരക്ഷയെ വെല്ലുവിളിച്ചും, നിരപരാധികളുടെ ചോര വീഴ്‌ത്തിയും മാവോയിസ്റ്റ് ഭീകരര്‍ വിഹരിച്ചിരുന്ന ഛത്തീസ്ഗഢിലെ ബസ്തറില്‍ ഇപ്പോള്‍ വെടിയൊച്ചകളില്ല. പകരം വനവാസി സമൂഹത്തിലെ കായിക പ്രതിഭകള്‍ കഴിവുകള്‍ മാറ്റുരയ്‌ക്കുന്ന സൗഹൃദ കൂട്ടായ്‌മയുടെ ആരവങ്ങളാണ് ഉയരുന്നത്. ഈ ‘ബസ്തര്‍ ഒളിമ്പിക്‌സിന്റെ’ മൂന്നാം പതിപ്പില്‍ ആറുലക്ഷത്തിലേറെ യുവതീ യുവാക്കളാണ് പങ്കെടുക്കുന്നത്. ഛത്തീസ്ഗഢ് കായിക യുവജന ക്ഷേമവകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മേളയില്‍, ഏഴ് ജില്ലകളില്‍ നിന്നുള്ളവരാണ് അത്ലറ്റിക്‌സ്, അമ്പെയ്‌ത്ത്, ബാഡ്മിന്റണ്‍, ഫുട്‌ബോള്‍, ഹോക്കി, ഭാരോദ്വഹനം, കരാട്ടെ, കബഡി, ഖോ-ഖോ, വോളിബോള്‍, വടംവലി തുടങ്ങിയ ഇനങ്ങളില്‍ മത്സരിക്കുന്നത്. മാവോയിസ്റ്റ് ഭീകരതയുടെ ചോരപുരണ്ട ചരിത്രമുള്ള ഛത്തീസ്ഗഢിന് ഇത് പുതിയൊരു മുഖം നല്‍കിയിരിക്കുന്നു.

നവംബര്‍ നാലിന് തുടക്കം കുറിച്ച ഈ കായിക മാമാങ്കം മൂന്ന് ഘട്ടങ്ങളിലായാണ് പൂര്‍ത്തിയാവുക. 14 മുതല്‍ 17 വരെ പ്രായപരിധിയുള്ളവര്‍ ജൂനിയര്‍ വിഭാഗത്തിലും, അതിനു മുകളിലുള്ളവര്‍ക്ക് പ്രായപരിധിയില്ലാതെ സീനിയര്‍ വിഭാഗത്തിലും പങ്കെടുക്കാം. യുവതികളുടെ പങ്കാളിത്തമാണ് കൂടുതല്‍. ആയുധം വച്ച് കീഴടങ്ങി സമാധാനത്തിന്റെ മാര്‍ഗത്തിലേക്ക് വന്ന മാവോയിസ്റ്റുകള്‍ക്കും, മാവോയിസ്റ്റ് ആക്രമണങ്ങളില്‍ ഭിന്നശേഷിക്കാരായവര്‍ക്കും പങ്കെടുക്കാമെന്നത് ബസ്തര്‍ ഒളിമ്പിക്‌സിന്റെ പ്രത്യേകതയാണ്. ഇവര്‍ക്ക് ബ്ലോക്ക്-ജില്ലാതല മത്സരങ്ങള്‍ ഒഴിവാക്കി നേരിട്ട് ഡിവിഷന്‍ തലത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുന്നു. സംഘര്‍ഷബാധിത മേഖലകളിലെ ജനങ്ങളെ കായികരംഗത്തേക്ക് ആകര്‍ഷിച്ച് മുഖ്യധാരയുടെ ഭാഗമാക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്‌ഫോടനങ്ങളില്‍ കാലുകള്‍ നഷ്ടപ്പെട്ടവര്‍ വീല്‍ചെയറുകളിലിരുന്ന് കഴിഞ്ഞ ബസ്തര്‍ ഒളിമ്പിക്‌സിലെ മത്സരയോട്ടത്തില്‍ പങ്കെടുക്കാനെത്തിയത് ഹൃദയത്തില്‍ തൊടുന്ന ആവേശദായകമായ കാഴ്ചയായിരുന്നു. ഓരോ പതിപ്പിലും പങ്കെടുക്കുന്നവരുടെ എണ്ണം കുത്തനെ വര്‍ധിക്കുന്നതിലൂടെ, ഈ നീക്കം ലക്ഷ്യത്തിലേക്ക് വിജയകരമായി മുന്നേറുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.

ഏഷ്യാഡ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഒളിമ്പിക്‌സ് മുതലായ രാജ്യാന്തര കായിക മത്സരങ്ങളില്‍ ഭാരതത്തിന് പലപ്പോഴും പ്രതീക്ഷിക്കുന്ന നേട്ടം കൈവരിക്കാന്‍ കഴിയാറില്ല. താരങ്ങള്‍ക്ക് സഹജമായ ശാരീരിക ക്ഷമത ഇല്ലാത്തത് ഇതിനൊരു കാരണമായി ചൂണ്ടിക്കാട്ടാറുണ്ട്. മറ്റുള്ളവരെ അപേക്ഷിച്ച് ശാരീരിക ക്ഷമത കൂടുതലുള്ള വനവാസി വിഭാഗങ്ങളിലുള്ളവരെ കണ്ടെത്തി ചെറുപ്പം മുതല്‍ പരിശീലനം നല്‍കിയാല്‍ കായിക മേഖലയില്‍ ഭാരതത്തിന് അഭിമാനകരമായ മുന്നേറ്റം കാഴ്ചവയ്‌ക്കാന്‍ കഴിയുമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. അമ്പെയ്‌ത്ത്, ജിംനാസ്റ്റിക്‌സ് ഇനങ്ങളില്‍ ഇവര്‍ക്ക് തിളങ്ങാന്‍ കഴിയും. ബസ്തര്‍ ഒളിമ്പിക്‌സില്‍ നിന്ന് കായിക മികവുള്ളവരെ കണ്ടെത്തി ഉയര്‍ന്ന പരിശീലന കേന്ദ്രങ്ങളിലേക്ക് എത്തിക്കാനുള്ള പദ്ധതി വിജയങ്ങളിലേക്ക് നയിക്കുമെന്ന് ഉറപ്പാണ്.

ദിമാഗി നക്‌സലുകളും ഭരണാധികാരികളും കൈകോര്‍ത്ത് മാവോയിസ്റ്റ് ഭീകരരെ സഹായിക്കുന്ന നയമാണ് യുപിഎ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് സമാന്തരഭരണത്തിലൂടെ ബസ്തറിനെ ചോരക്കളമാക്കിക്കൊണ്ടിരുന്ന മാവോയിസ്റ്റുകളെ ശക്തമായി അടിച്ചമര്‍ത്താന്‍ തുടങ്ങിയത്. കഴിഞ്ഞവര്‍ഷത്തെ ബസ്തര്‍ ഒളിമ്പിക്‌സില്‍ വിജയികളായവര്‍ക്ക് സമ്മാനദാനം നടത്തിയ അമിത് ഷാ, അഞ്ച് വര്‍ഷത്തിനുള്ളില്‍ ബസ്തറിനെ രാജ്യത്തെ ഏറ്റവും വികസിത ഗോത്രമേഖലയാക്കി മാറ്റാന്‍ കഠിനാധ്വാനം ചെയ്യുമെന്ന് ഉറപ്പുനല്‍കി.

ഭീതിയുടെ നാടായിരുന്ന ബസ്തര്‍ പ്രതീക്ഷകള്‍ നിറഞ്ഞ പ്രദേശമായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും ഷാ ചൂണ്ടിക്കാട്ടി. ‘അടുത്ത വര്‍ഷം ഈ ഒളിമ്പിക്‌സിനായി ഞാന്‍ വീണ്ടും വരുമ്പോള്‍, ഛത്തീസ്ഗഢ് ഉള്‍പ്പെടെ രാജ്യത്തുനിന്ന് നക്‌സലിസം പൂര്‍ണമായും ഇല്ലാതായിരിക്കും. ബസ്തര്‍ നക്‌സല്‍ മുക്തമായിരിക്കും’ എന്നാണ് അമിത് ഷാ പറഞ്ഞത്. അത് യാഥാര്‍ത്ഥ്യമായതില്‍ ഓരോ പൗരനും അഭിമാനിക്കാം.

By admin