• Mon. Jul 27th, 2026

24×7 Live News

Apdin News

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 41 ആയി; ഇന്ന് മരിച്ചത് കൊയിലാണ്ടി നടേരി സ്വദേശി ബിജു

Byadmin

Jul 27, 2026


കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് കൊയിലാണ്ടി നടേരി സ്വദേശി തെറ്റിക്കുന്ന് ബിജുവാണ് ( 49 ) മരിച്ചത്. ഇതോടെ ഈ വർഷം സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം 41 ആയി. ബിജു കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

പനിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തിന് ജൂലൈ 23-നാണ് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച പുലർച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. രോഗബാധയുടെ ഉറവിടം വ്യക്തമല്ല. പൊതുജലാശയങ്ങളിലോ കുളങ്ങളിലോ കുളിക്കുന്ന ശീലമില്ലാതിരുന്ന വ്യക്തിയായതിനാൽ എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ഇയാളുടെ രോഗബാധയെ തുടർന്ന് പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. കൂടാതെ പ്രദേശത്ത് ക്ലോറിനേഷൻ നടപടികളും പൂർത്തിയാക്കി.

സംസ്ഥാനത്ത് ഈ വർഷം ജനുവരി ഒന്ന് മുതൽ ജൂലൈ 25 വരെ 40 പേർ മരണപ്പെട്ടതായാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കിയത്. 154 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഈ മാസം മാത്രം 13 പേർക്ക് രോഗം സ്ഥിരീകരിക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തു. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ അമീബിക് മസ്തിഷ്കജ്വരം വൻതോതിൽ വർധിച്ചു. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 201 പേർക്ക് രോഗം ബാധിക്കുകയും 47 പേർ മരിക്കുകയും ചെയ്തിരുന്നു.

2024-ൽ 29 രോഗബാധയും 7 മരണവും 29 സംശയിക്കപ്പെട്ട കേസുകളും ഒരു സംശയ മരണവും റിപ്പോർട്ട് ചെയ്തിരുന്നു. ആഗോള അടിസ്ഥാനത്തിൽ 97-99% വരെ മരണസാധ്യത കണക്കാക്കപ്പെടുന്ന അസുഖത്തെ ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്നു എന്നതാണ് ആരോഗ്യവകുപ്പിന്റെ ഏക ആശ്വാസം. കേരളത്തിൽ നിലവിൽ 25.97% ആണ് മരണനിരക്ക്.



By admin