• Thu. Jul 17th, 2025

24×7 Live News

Apdin News

സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം പിന്‍വലിച്ചു; ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടു

Byadmin

Jul 17, 2025


തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 22 മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി സ്വകാര്യ ബസ് ഉടമകളുടെ സംഘടനകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ബസുടമകള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ 99 ശതമാനം കാര്യങ്ങളും പരിഹരിക്കപ്പെട്ടുവെന്ന് ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട ഗണേഷ് കുമാര്‍ അവകാശപ്പെട്ടു.

വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിക്കണമെന്നതായിരുന്നു ബസുടമകളുടെ ആവശ്യങ്ങളിലൊന്ന്. ഇക്കാര്യത്തില്‍ വിദ്യാര്‍ഥികളുടെ അഭിപ്രായങ്ങള്‍ അറിയാന്‍ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥന്‍ വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തും. ഇതിന് ശേഷം ബസുടമകളുമായും ചര്‍ച്ച നടത്തും. രണ്ടാഴ്ചക്കുള്ളില്‍ ഇക്കാര്യങ്ങള്‍ നടക്കും. 140 കിലോമീറ്ററിന് മുകളില്‍ സര്‍വീസ് നടത്താനുള്ള ബസ് പെര്‍മിറ്റിന്റെ കാര്യത്തില്‍ രാഷ്ട്രീയ തീരുമാനം വരണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ച് മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബസ് ഉടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഗതാഗത കമ്മീഷണര്‍ ബസ് ഉടമകളുമായി ആദ്യ ഘട്ടത്തില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് ഏഴാം തിയതി സൂചന പണിമുടക്ക് നടത്തിയിരുന്നു. ഇതിനുശേഷമാണ് ബസുടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്.

By admin