
കോട്ടയം : കാരണ ഭൂതനും മകള്‍ക്കുമെതിരെ നടപടി വന്നപ്പോള്‍ തെരുവില്‍ അഴിഞ്ഞാടിയത് പാര്‍ട്ടിയിലെ ചാവേര്‍ ഗുണ്ടകള്‍ മാത്രമാണെന്ന് ബിജെപി നേതാവ് എന്‍.ഹരി. കേരളം നടുങ്ങിയ അഴിമതിക്കെതിരെ പരാതി നല്‍കിയ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജിന്റെ വസതിയിലേക്ക് പോലും ലക്ഷ്യബോധമില്ലാത്ത സഖാക്കള്‍ മാര്‍ച്ച് നടത്തി. ഉറഞ്ഞുതുള്ളി.
അഭിപ്രായസ്വാതന്ത്ര്യം കുഴിച്ചുമൂടിയ പിണറായി റിപ്പബ്ലിക് ഇവിടെ ഇനി വിലപ്പോവില്ല എന്ന് മനസിലാക്കണം. അഴിമതി പുറത്തു കൊണ്ടുവന്ന ആള്‍ക്ക് നേരെയുള്ള ഈ വിരട്ടല്‍ നാടകം കോട്ടയത്ത് ചെലവാകില്ല. ഇത്തരത്തിലുള്ള ആക്രമണത്തിന് ഇനി മുതിര്‍ന്നാല്‍ ബിജെപിയുടെ ചെറുത്തുനില്‍പ്പിന്റെ ചൂട് കുട്ടി സഖാക്കള്‍ അറിയും.
ജനാധിപത്യ മര്യാദകള്‍ കാറ്റില്‍ പറത്തിയുള്ള സമര കോലാഹലത്തിനാണ് പലയിടവും സാക്ഷ്യം വഹിച്ചത്. ഒരു ന്യൂനപക്ഷം മാത്രമാണ് തെരുവ് സമരത്തിനായി രംഗത്ത് വന്നത്. അന്വേഷണ ഏജന്‍സികളുടെ സ്വാതന്ത്ര്യത്തെ തടസപ്പെടുത്താന്‍ ജനാധിപത്യ രാജ്യത്ത് പൗരബോധമുള്ള ആരും തയാറാവില്ല.
എന്നാല്‍ ചോരകൊണ്ട് കണക്ക് തീര്‍ത്ത പാരമ്പര്യമുള്ള പാര്‍ട്ടിയും മുന്‍മുഖ്യമന്ത്രിയുടെ ആശ്രിതവത്സരരും മാത്രമാണ് തെരുവില്‍ ഇറങ്ങിയത്.
പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും വെല്ലുവിളിച്ചുള്ള സ്വരാജിന്റെ പ്രസ്താവന കണ്ടപ്പോള്‍ സഹതാപം തോന്നി. അവസാനശ്വാസം വരെ പോരാടുന്ന സിപിഎമ്മിനെ ഇന്ത്യ കണ്ടു കഴിഞ്ഞു. പോരാട്ടം കഴിഞ്ഞപ്പോള്‍ ഭരണത്തിന്റെ അവസാന വിക്കറ്റും തെറിച്ചു. ഓടിയ വഴിയില്‍ പുല്ലുപോലും കിളിര്‍ക്കുന്നില്ല. ത്രിപുരയ്‌ക്കും ബംഗാളിനും പിന്നാലെ കേരളവും വലിയ പരിവര്‍ത്തനത്തിന് തയാറെടുക്കുകയാണെന്ന് എന്‍.ഹരി പറഞ്ഞു.
ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന് വീമ്പിളക്കിയ സഖാവ് പിണറായിക്ക് ഒപ്പം നിയമസഭയില്‍ മൂന്ന് എംഎല്‍എമാരാണ് പാര്‍ട്ടിക്കുളളത്. വസ്തുതകളെ അവഗണിച്ച് പിണറായി ശൈലിയിലുള്ള ഭീഷണിപ്പെടുത്തല്‍ വേണ്ട സ്വരാജ് സഖാവേ.
ഇഡിയും കേന്ദ്ര ഏജന്‍സികളും അഴിമതിക്കാരെ പൂട്ടാനുളള നീക്കം തുടരും. ദയവുചെയ്ത് ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്.