കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ താരലേലത്തില്‍ സഞ്ജുവിന് പിന്നാലെ സഹോദരന്‍ സാലി സാംസനെയും സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. കെസിഎല്‍ പ്രഥമ സീസണിലും സാലി കൊച്ചി ബ്ലൂ ടൈഗേര്‍സിന്റെ ഭാഗമായിരുന്നു. അടിസ്ഥാന വിലയായ 75,000 രൂപക്ക് തന്നെയാണ് സാലിയെ കൊച്ചി സ്വന്തമാക്കിയത്.
നേരത്തെ, 26.8 ലക്ഷം രൂപയ്ക്ക് സഞ്ജു സാംസനെയും കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ടീമില്‍ എത്തിച്ചിരുന്നു. ഓള്‍ റൗണ്ടറായ സാലി കൊച്ചിയില്‍ എത്തുന്നതിന് മുന്‍പ് വയനാടിനായി മത്സരിച്ചിട്ടുണ്ട്. കൂടാതെ അണ്ടര്‍ 16 വിഭാഗത്തില്‍ സൗത്ത് സോണിനുവേണ്ടി കളിച്ച സാലി കേരളത്തിന്റെ അണ്ടര്‍ 23, 25 ടീമുകളിലും അംഗമായിരുന്നു.
ഐപിഎല്‍ പോലുള്ള പ്രധാന ലീഗുകള്‍ കളിച്ച താരങ്ങള്‍ എ കാറ്റഗറിയിലും, മാറ്റ് താരങ്ങളെ ബി, സി ക്യാറ്റഗറികളിലും ആയിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. എ ക്യാറ്റഗറിയിലെ താരങ്ങള്‍ക്ക് 3 ലക്ഷം രൂപയും, ബി ക്യാറ്റഗയിലെ താരങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും, സി ക്യാറ്റഗറിയിലെ താരങ്ങള്‍ക്ക് 75,000 രൂപയും ആയിരുന്നു അടിസ്ഥാന വില.
3 ലക്ഷം മാത്രം അടിസ്ഥാന വിലയുള്ള സഞ്ജുവിനെ വാശിയേറിയ ലേലത്തിനൊടുവിലാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് കെസില്‍ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് തുകയ്ക്ക് വാങ്ങിയത്.