• Fri. Oct 23rd, 2026

24×7 Live News

Apdin News

സഞ്ജു സാംസൺ സമ്മർദ്ദങ്ങളെ മികച്ച രീതിയിൽ നേരിട്ടു: ഇർഫാൻ പത്താൻ

Byadmin

Oct 23, 2026


ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ടി-20യിൽ മിന്നും പ്രകടനങ്ങൾ നടത്തിയതിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. സമ്മർദ്ദങ്ങളെ സഞ്ജു മികച്ച രീതിയിൽ നേരിട്ടുവെന്നാണ് ഇർഫാൻ പത്താൻ പ്രശംസിച്ചത്.

“സഞ്ജു സാംസൺ മികച്ച രീതിയിലാണ് ബാറ്റ് ചെയ്തത്. ഇന്നിംഗ്സ് തുടങ്ങിയ രീതി വളരെ മികച്ചതായിരുന്നു. ബാറ്റ് ചെയ്യുമ്പോൾ എപ്പോഴും സമ്മർദ്ദം ഉണ്ടാവും. എന്നാൽ സഞ്ജു ആ സമ്മർദ്ദത്തെ നന്നായി നേരിട്ടു. ബാറ്റ് വീശുന്ന രീതി കാണുമ്പോൾ ഔട്ട് സ്വിങർ പന്തുകളിൽ അദ്ദേഹം പുറത്താകാൻ സാധ്യതയുണ്ട് എന്ന് തോന്നാം. എന്നാൽ അതിനനുസരിച്ച് അദ്ദേഹം വരുത്തുന്ന മാറ്റങ്ങൾ വളരെ ശ്രദ്ധേയമാണ്.

ലെഗ് സൈഡിലും ഗ്രൗണ്ടിലൂടെയും എങ്ങനെ റൺസ് നേടണം എന്ന് സഞ്ജുവിന് മികച്ച രീതിയിൽ അറിയാം. പന്ത് വൈഡായി ലഭിക്കുമ്പോൾ ഗ്രൗണ്ടിലൂടെ ഷോട്ടുകൾ കളിച്ചുകൊണ്ട് റൺസ് നേടാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. സഞ്ജു വരുത്തുന്ന മാറ്റങ്ങളിൽ നിന്നും പല കാര്യങ്ങളും പഠിക്കാനുണ്ട്.

ഒരു ബൗളർ നിങ്ങളുടെ ബലഹീനത മനസ്സിലാക്കി അതിലൂടെ നിങ്ങളെ പുറത്താക്കാൻ ശ്രമിച്ചാലും നിങ്ങൾക്ക് റൺസ് നേടാൻ കഴിയുന്ന ഷോട്ടുകൾ കളിച്ചുകൊണ്ടിരുന്നാൽ അത് എളുപ്പമുള്ള കാര്യമാവും. കരിയറിന്റെ ഈ സമയങ്ങളിൽ ഇത്തരം മാറ്റങ്ങൾ വരുത്താനും തന്റെ ബാറ്റിംഗ് മികച്ചതാക്കാനും സഞ്ജു സാംസൺ പഠിച്ചുകഴിഞ്ഞു” ഇർഫാൻ പത്താൻ തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.

ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജു സാംസൺ ആണ് ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത്. 33 പന്തുകളിൽ നിന്നും 8 ഫോറുകളും നാല് സിക്സുകളും അടക്കം 67 റൺസാണ് സഞ്ജു നേടിയത്. കളിയിലെ താരവും സഞ്ജുവാണ്.

മത്സരത്തിൽ നാല് വിക്കറ്റുകൾക്കാണ് ഇന്ത്യ വിജയിച്ചത്. ഹാഗ്ലി ഓവലിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ഉയർത്തിയ 225 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.







By admin