തിരുവനന്തപുരം: വൈസ് ചാന്‍സലര്‍ ഡോ മോഹന്‍ കുന്നുമ്മല്‍ സസ്പന്‍ഡ് ചെയ്തിട്ടും വകവയ്‌ക്കാതെ കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ കെ എസ് അനില്‍ കുമാര്‍. വ്യാഴാഴ്ചയും ഓഫീസിലെത്തിയ അദ്ദേഹത്തെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഭരണഘടനയുടെ പകര്‍പ്പ് നല്‍കി സ്വീകരിച്ചു.
ഇടത് സിന്‍ഡിക്കേറ്റംഗങ്ങളും ഡോ കെ എസ് അനില്‍ കുമാറിന് പിന്തുണയുമായെത്തി.സസ്പന്‍ഷന്‍ നടപടിക്കെതിരെ നിയമ വഴി തേടുമെന്ന് ഡോ കെ എസ് അനില്‍ കുമാര്‍ പറഞ്ഞു. സര്‍ക്കാരും കോടതിയെ സമീപിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.
വൈസ് ചാന്‍സലര്‍ക്ക് രജ്‌സ്ട്രാറെ സസ്പന്‍ഡ് ചെയ്യാന്‍ അധികാരമില്ലെന്നാണ് ഇടതു സംഘടനകളും മന്ത്രിയും പറയുന്നത്.സിന്‍ഡിക്കേറ്റാണ് രജിസ്ട്രാറെ നിയമിക്കുന്നതെന്നും അതിനാല്‍ നടപടിയെടുക്കാനും സിന്‍ഡിക്കേറ്റിനാണ് അധികാരമെന്നുമാണ് വാദം.
അതേസമയം റഷ്യന്‍ സന്ദര്‍ശനത്തിനായി അവധിയില്‍ പ്രവേശിച്ച വി സി മോഹന്‍ കുന്നുമ്മലിന് പകരം താത്കാലിക ചുമതല ഡിജിറ്റല്‍ സര്‍വകലാശാല വി സി ഡോ സിസ തോമസിനാണ്. ഡോ സിസ തോമസ് കേരള സര്‍വകലാശാലയിലെത്തി ചുമതല ഏറ്റെടുത്തു.