• Fri. Sep 20th, 2024

24×7 Live News

Apdin News

സാമൂഹിക മാറ്റങ്ങള്‍ക്ക് വിദ്യാഭ്യാസ മുന്നേറ്റം അനിവാര്യം: ഇ.ടി മുഹമ്മദ് ബഷീര്‍

Byadmin

Sep 19, 2024


സാമൂഹിക മാറ്റങ്ങൾക്കും രാഷ്ട്രീയ ശാക്തീകരണത്തിനും വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം അനിവാര്യമാണെന്ന് മുസ്ലിംലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ ആശീർവാദത്തോടെ ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ലാഡർ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ജാർഖണ്ഡിലെ ജംതാര ജില്ലയിലെ പച്ച്മോരിയയിൽ പ്രവർത്തിക്കുന്ന ഉംഫഹദ് പബ്ലിക് സ്‌കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസമാണ് ഒരു സമൂഹത്തെ മുന്നോട്ട് നയിക്കുന്നത്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഉംഫഹദ് പബ്ലിക് സ്‌കൂളെന്നും ഇ.ടി പറഞ്ഞു. മുസ്ലിംലീഗിന്റെ രാഷ്ട്രീയം കേവലമായ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മാത്രമല്ല. ജീവകാരുണ്യ, വിദ്യാഭ്യാസ പ്രവത്തനങ്ങളും മുസ്ലിംലീഗ് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ദേശീയ രാഷ്ട്രീയത്തിൽ ലാഡർ ഫൗണ്ടേഷൻ രൂപീകരിച്ച് പ്രവർത്തിക്കുന്നത് മുസ്ലിംലീഗിന്റെ സന്നദ്ധ, വിദ്യാഭ്യാസ സേവനങ്ങളെ ഏകോപിപ്പിക്കുന്നതിന് വേണ്ടിയാണ്. സമ്പൂർണ്ണമായ സാമൂഹിക ശാക്തീകരണമാണ് മുസ്ലിംലീഗ് എക്കാലത്തും മുന്നോട്ട് വെച്ച ആശയം. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ഈ ആശയത്തിന്റെ ഗുണഭോക്താക്കളാണെന്നും ഇ.ടി പറഞ്ഞു. മുസ്ലിംലീഗിന്റെ എം.പിമാർ കേരളത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്നവരല്ല. രാജ്യത്തെ മുഴുവൻ പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങൾക്കും വേണ്ടി ശബ്ദമുയർത്തുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ ഏത് ഭാഗത്തും ലാഡർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സമാനമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ മുസ്ലിംലീഗ് സന്നദ്ധമാണെന്നും ഇ.ടി കൂട്ടിച്ചേർത്തു.

ജാർഖണ്ഡ് ഗ്രാമീണ വികസന വകുപ്പ മന്ത്രി ഡോ. ഇർഫാൻ അൻസാരി, മുസ്ലിംലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് കോയ തിരുനാവായ, ഫസൽ ഇമാം, ഡോ. നസിറുദ്ദീൻ, ഹാഫിസ് അലീമുദ്ദീൻ, മൗലാനാ ഇനമുദ്ധീൻ, ഫാറൂഖ് അഹ്സം, ലാഡർ ഫൌണ്ടേഷൻ വൈസ് ചെയർമാൻ ഹമദ് മൂസ, ലാഡർ ഫൌണ്ടേഷൻ സെക്രട്ടറി എം.വി സിദ്ദീഖ്, യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷെരീഫ് സാഗർ, സഹീർ ഗസ്സാലി, സലിം വാഫി പ്രസംഗിച്ചു. മൗലാനാ ഫഖ്റുദ്ദീൻ സ്വാഗതവും പ്രിൻസിപ്പൽ അബ്ദുറഹ്‌മാൻ റഹ്‌മാനി നന്ദിയും പറഞ്ഞു.

By admin