കാൺപൂർ: സാമ്പത്തിക നിയന്ത്രണങ്ങളിലും വീട്ടിൽ സ്ഥാപിച്ച സിസിടിവി ക്യാമറകൾ വഴിയുള്ള നിരന്തര നിരീക്ഷണത്തിലും മനംനൊന്ത് കോടീശ്വരനായ ഭാര്യാപിതാവിനെ മരുമകൾ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി.
ഉത്തർപ്രദേശിലെ കാൺപൂരിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. പ്രമുഖ ഔഷധ വ്യാപാരിയായ വിനീത് മിനോച്ചയാണ് (63) സ്വന്തം ഫ്ലാറ്റിൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിനീതിന്റെ മരുമകൾ ശാലു, മുൻ ജീവനക്കാരനായ വിശാൽ ഗൗതം, സഹായി രാജ് കിഷോർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
വീട്ടിൽ നൃത്തം, പുറത്ത് പാർട്ടി; ഭയം അഭിനയിച്ച് മരുമകൾ
ശനിയാഴ്ച രാത്രി 9:30-ഓടെ വിനീതിന്റെ മകൻ സുബ്രത്, മരുമകൾ ശാലു, ഇവരുടെ ആറുവയസ്സുകാരനായ മകൻ എന്നിവർ കാൺപൂരിലെ ഒരു ലോഞ്ചിൽ നടന്ന പാർട്ടിയിൽ പങ്കെടുക്കാൻ പോയിരുന്നു. പുലർച്ചെ 3 മണി വരെ നീണ്ട പാർട്ടിയിൽ ഇരുവരും സാധാരണ രീതിയിൽ പെരുമാറുകയും, ഭക്ഷണം കഴിക്കുകയും നൃത്തം ചെയ്യുകയും ചെയ്തിരുന്നതായി ഹോട്ടൽ അധികൃതർ വ്യക്തമാക്കി. എന്നാൽ ഈ സമയത്ത് വീട്ടിൽ ക്രൂരമായ കൊലപാതകം നടക്കുകയായിരുന്നു.
പാർട്ടി കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം ഭാര്യാപിതാവിന്റെ മൃതദേഹം കണ്ട് ശാലു പൊട്ടിക്കരഞ്ഞെങ്കിലും, പോലീസിന്റെ ചോദ്യം ചെയ്യലിൽ നിഗൂഢതകൾ ഒന്നൊന്നായി പുറത്തുവന്നു.
സ്വാഭാവിക മരണമാക്കാൻ പദ്ധതി, ഒടുവിൽ കത്തിക്കുത്ത്
അപ്പാർട്ട്മെന്റിലെ സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണ്ണായക വഴിത്തിരിവായത്. കുടുംബം പാർട്ടിക്ക് പോയതിന് തൊട്ടുപിന്നാലെ രണ്ട് പേർ ഫ്ലാറ്റിലേക്ക് കടക്കുന്നത് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. ശാലു നൽകിയ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചാണ് മുൻ ജീവനക്കാരനായ വിശാലും സഹായിയും അകത്തുകടന്നത്.
രാത്രി 10:58-ഓടെ വിനീത് വീട്ടിൽ തിരിച്ചെത്തി. ഉറങ്ങിക്കിടക്കുമ്പോൾ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഹൃദയാഘാതമാണെന്ന് വരുത്തിത്തീർക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, വീട്ടിൽ നടക്കാനിറങ്ങിയ വിനീത് അക്രമികളെ നേരിട്ട് കണ്ടതോടെ പദ്ധതി മാറ്റുകയും കത്തി ഉപയോഗിച്ച് കഴുത്തിലും നെഞ്ചിലും കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.
നിർണ്ണായകമായത് ഡിജിറ്റൽ തെളിവുകൾ
മോഷണശ്രമമല്ലെന്നും കുടുംബത്തിനുള്ളിലെ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നും പോലീസ് വേഗത്തിൽ തിരിച്ചറിഞ്ഞു. മുൻ ജീവനക്കാരനായ വിശാലിനെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞതോടെയാണ് ഗൂഢാലോചന വെളിപ്പെട്ടത്.
ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച പോലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്:
മെയ് 1 മുതൽ കൊലപാതകം നടന്ന ദിവസം വരെ ശാലുവും വിശാലും ഫോൺ, വാട്ട്‌സ്ആപ്പ് വഴി 309 തവണ ആശയവിനിമയം നടത്തി. 49 സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തു: ഇരുവരും തമ്മിൽ കൈമാറിയ 49 വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ നീക്കം ചെയ്തതായി കണ്ടെത്തി. ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ് ഫോറൻസിക് സംഘം.
6 ലക്ഷത്തിന്റെ കരാർ:
കൊലപാതകത്തിനായി 6 ലക്ഷം രൂപയുടെ ക്വട്ടേഷനാണ് ശാലു നൽകിയത്. മുൻകൂറായി 2 ലക്ഷം രൂപയും ബാക്കി 4 ലക്ഷം രൂപ 15 ദിവസത്തിന് ശേഷവും നൽകാനായിരുന്നു ധാരണ. വിനീതിന്റെ മകന് കൊലപാതകത്തിൽ പങ്കുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്.