ന്യൂദല്‍ഹി: പല രീതിയില്‍ ഇന്ത്യയിലെ സുപ്രീംകോടതി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്ന സാഹചര്യമാണ് ഇന്നുള്ളതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നടക്കുന്ന സമരത്തെ സൂചിപ്പിച്ചുകൊണ്ട് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ. സിജെപിയും കോണ്‍ഗ്രസ് ചായ് വുള്ള മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും മുതിര്‍ന്ന അഭിഭാഷകരും എല്ലാം ബിജെപിയ്‌ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും എതിരായ വിധിക്ക് വേണ്ടി സുപ്രീംകോടതിയില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്ന തെറ്റായ സാഹചര്യം കണ്ടാണ് ഹരീഷ് സാല്‍വെയുടെ ഈ നിരീക്ഷണം.
ഇന്ത്യ കലാപം വിതയ്‌ക്കുമെന്നും ഇന്ത്യ ‘കത്തിയെരിയുമെന്നും മറ്റുമുള്ള സിജെപി പോലുള്ള പാര്‍ട്ടികളുടെ ആശങ്കാജനകമായ അവകാശവാദങ്ങളെയും മുന്നറിയിപ്പുകളെയും സാൽവെ തള്ളി. സുപ്രീം കോടതി, തിരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണോത്സുകമായ രാഷ്‌ട്രീയ നിലപാടുകളെയും സമ്മർദ്ദ തന്ത്രങ്ങളെയും അദ്ദേഹം തുറന്നുകാട്ടി. “രാജ്യം കത്തും” എന്ന് ഭീഷണിപ്പെടുത്തി ജഡ്ജിമാരിൽ സമ്മർദ്ദം ചെലുത്തുന്നത്, സ്ഥാപനങ്ങളെ തെരുവ് രാഷ്‌ട്രീയത്തിന് ബന്ദികളാക്കുന്നതിന് തുല്യമാണ്. ജഡ്ജിമാരെ തെറ്റായ കാര്യങ്ങൾ ചെയ്യാൻ അവരെ നിർബന്ധിക്കുന്നത് ജനാധിപത്യത്തിന് ഭീഷണിയാണ്. കാരണം സർക്കാരിനെപ്പോലെ പണമോ തോക്കുകളോ ഉപയോഗിച്ചല്ല, മറിച്ച് ജനങ്ങളുടെ വിശ്വാസത്തിൽ നിന്നാണ് കോടതികൾക്ക് അധികാരം ലഭിക്കുന്നത്.”- ഹരീഷ് സാല്‍വെ വ്യക്തമാക്കി.
ചിലർ തെരുവുകളിൽ ആൾക്കൂട്ടത്തെ സംഘടിപ്പിച്ച് തീവെപ്പ് നടത്തുകയാണെന്ന് പ്രതിപക്ഷപാര്‍ട്ടികളെയും സിജെപിയെയും കുറ്റപ്പെടുത്തിയ അദ്ദേഹം ഇങ്ങിനെയാണ് രാജ്യം കത്തുന്നതെന്നും വിമര്‍ശിച്ചു. “എന്തുകൊണ്ടാണ് രാജ്യം കത്തുന്നത്? കാരണം, ചിലർ തെരുവുകളിൽ ആൾക്കൂട്ടത്തെ സംഘടിപ്പിക്കുകയും തീവെപ്പ് നടത്തുകയും ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.
സി.ജെ.പി.യുമായി ( സിജെപി നടത്തുന്ന ജുഡീഷ്യൽ ഉത്തരവാദിത്തത്തിനും പരിഷ്കരണത്തിനുമുള്ള പ്രചാരണം) ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങളെക്കുറിച്ച് സംസാരിക്കവെ, ചില നടപടികൾ ജനാധിപത്യപരമായ വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശത്തിന്റെ പരിധി ലംഘിച്ച് നിയമവിരുദ്ധമായ പെരുമാറ്റമായി മാറിയെന്ന് സാൽവെ ചൂണ്ടിക്കാട്ടി; അഭിപ്രായസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ പൊതുക്രമം (public order) ഒരു സുപ്രധാന അതിർവരമ്പായി നിലനിൽക്കുന്നുവെന്ന കാര്യം മറക്കരുതെന്നും ഹരീഷ് സാല്‍വെ വ്യക്തമാക്കി.
തന്റെ ജന്മനാട്ടിൽ നടത്തിയ പ്രസംഗത്തിനിടെ ജുഡീഷ്യറിയുടെ പങ്കിനെക്കുറിച്ച് സി.ജെ.പി. (CJP) സ്ഥാപകൻ അഭിജിത് ദിപ്കെ പരസ്യമായി ചോദ്യം ഉന്നയിച്ചതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതുപോലെ സുപ്രീം കോടതിയാണ് അന്തിമ അധികാരിയെങ്കിൽ സർക്കാരിന് പകരം കോടതിയെത്തന്നെയാകും നേരിടുകയെന്ന് സൗരവ് ദാസ് അഭിപ്രായപ്പെട്ടിരുന്നു.
ബിജെപിയോട് എതിര്‍പ്പുള്ള വിരമിച്ച സീനിയര്‍ ജഡ്ജിമാരായ രോഹിന്‍ടൺ നരിമാൻ, ഉജ്ജൽ ഭുയാൻ മുതൽ മദൻ ലോക്കൂർ വരെയുള്ളവര്‍ എസ്.ഐ.ആർ (SIR), മുഖ്യതെരഞ്ഞെുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാർ എന്നിവരുമായി ബന്ധപ്പെട്ട വിഷയത്തിൽ കോണ്‍ഗ്രസിന് അനുകൂലമായ പ്രതികരണങ്ങള്‍ മാധ്യമങ്ങളിലൂടെ തുടര്‍ച്ചായി നടത്തുന്നുണ്ട്. ഇത് എസ് ഐ ആര്‍ വിഷയത്തില്‍ വിധി പറയാന്‍ പോകുന്ന ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനത്തെ സ്വാധീനിക്കാൻ സുപ്രീം കോടതി ജഡ്ജിമാർ ശ്രമിക്കുന്നതിന്റെ സൂചനയായി ആരോപിക്കപ്പെടുന്നുണ്ട്.