- ഡോ.വത്സലൻ വാതുശേരി
നോവൽ, കഥ, കവിത, നിരൂപണം, യാത്ര എന്നിങ്ങനെയുള്ള വ്യവസ്ഥാപിത ജനുസുകൾക്കു പുറത്തേക്കും എഴുത്തിന്റെ ലോകം പടർന്നു പടർന്നു പോകുന്നതിന് സമീപ മലയാളത്തിൽ ഒട്ടേറെ ഉദാഹരണങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. സുധാമേനോന്റെ ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ’ ആണ് ഈ നിലയിൽ എനിക്ക് സമീപകാലത്ത് ഏറെ ശ്രദ്ധേയമായി അനുഭവപ്പെട്ട ഒരു പുസ്തകം. അതിനു ശേഷം ആ നിലയിൽ ശ്രദ്ധേയമായി അനുഭവപ്പെട്ട മറ്റൊരു ഗ്രന്ഥമാണ് ടി. അനീഷ് എഴുതിയ ‘പരാജിത നായകർ – തമിഴ് താര രാഷ്ട്രീയത്തിന്റെ കഥ’. പഴയരീതിയിൽ ജീവചരിത്രം എന്നോ പുതിയ രീതിയിൽ സംസ്കാര പഠനം എന്നോ ലേബലൊട്ടിക്കാൻ കഴിയാത്ത ഒരുപറ്റം രചനകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. (ലേഖനങ്ങൾ എന്ന ലേബലിലാണ് പുസ്തകം ഇറങ്ങിയിട്ടുള്ളതെങ്കിലും ആ ലേഖനങ്ങൾക്ക് തന്നെ വ്യത്യസ്തമായ ഐഡന്റിറ്റി ഉണ്ട്.) അതുതന്നെയാണ് ഈ ഗ്രന്ഥത്തിൻറെ വ്യത്യസ്തതയും സവിശേഷതയും. മലയാളത്തിൽ സമാനതകൾ ഏറെയില്ലാത്ത ഒരു വിഷയമാണ് ടി. അനീഷ് ഈ ഗ്രന്ഥത്തിൽ പഠനവിധേയമാക്കുന്നത്.


തമിഴ്നാടിനെ സംബന്ധിച്ച് സിനിമയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം ഒരു പുതിയ വിഷയമല്ല. സിനിമയോട് ചേർന്നാണ് തമിഴ് രാഷ്ട്രീയത്തിന്റെ ഒരു പ്രധാനധാര എന്നും സഞ്ചരിച്ചിട്ടുള്ളത്. അതിൽത്തന്നെ താരങ്ങളുടെ സ്വാധീനം അവഗണിക്കാൻ കഴിയാത്ത വിധത്തിൽ ശക്തവും വിപുലവുമായിരുന്നു, എന്നും. എം.ജി. രാമചന്ദ്രനിൽ തുടങ്ങി ഇന്ന് ജോസഫ് വിജയ് വരെയുള്ള തമിഴ്നാട് മുഖ്യമന്ത്രിമാർ സിനിമയുടെ കളരിയിൽ നേടിയ പകിട്ടും പ്രതാപവും സ്വാധീനങ്ങളും കൈമുതലാക്കിയാണ് രാഷ്ട്രീയത്തിൽ ജയിച്ചു കയറിയത്. ഇങ്ങനെ ചിലർ രാഷ്ട്രീയത്തിൽ വെന്നിക്കൊടി പാറിച്ചു. എന്നാൽ ചില താരങ്ങൾ രാഷ്ട്രീയത്തിന്റെ ഗോദയിൽ കുറെ കാലം അടിച്ചും പിടിച്ചും നിന്ന് ഒടുവിൽ പരാജയം ഏറ്റുവാങ്ങി പിൻവാങ്ങുകയായിരുന്നു. ഈ പരാജിത താരങ്ങൾ സിനിമയിൽ നേടിയെടുത്ത ഇടങ്ങളും അതിൻറെ തുടർച്ചയായി ഉണ്ടാക്കിയ രാഷ്ട്രീയത്തിലെ പങ്കാളിത്തവും ഇവരണ്ടിന്റെയും പരിണാമങ്ങളുമാണ് അനീഷ് സമർപ്പണ ബുദ്ധിയോടെയുള്ള അന്വേഷണങ്ങളുടെയും സൂക്ഷ്മ നിരീക്ഷണങ്ങളുടെയും ബലത്തിൽ വിശകലന വിധേയമാക്കുന്നത്.
ശിവാജി ഗണേശൻ, എസ്. എസ്. രാജേന്ദ്രൻ, കെ. ഭാഗ്യരാജ്, ടി രാജേന്ദർ, ശരത് കുമാർ, കമൽഹാസൻ, വിജയകാന്ത്, കരുണാസ്, കാർത്തിക്ക്, സീമാൻ, രജനികാന്ത്, എന്നീ 11 താരങ്ങളെപ്പറ്റിയാണ് ഈ പഠനം. എം.ജി. രാമചന്ദ്രനും ജയലളിതയും ജോസഫ് വിജയും രാഷ്ട്രീയത്തിൽ വിജയിച്ച താരങ്ങൾ ആയതുകൊണ്ട് അവരെ പഠനത്തിൽ ഒഴിവാക്കിയിട്ടുണ്ട്. ഈ ലേഖനങ്ങളിൽ ഓരോന്നും ഓരോ സമ്പൂർണ്ണപഠനമാണ്. ഓരോ നടനെപ്പറ്റിയുമുള്ള പഠനം മൂന്ന് തലങ്ങളിലൂടെയാണ് അനീഷ് നടത്തുന്നത്. ഒന്ന്, നടന്റെ സാമുദായികവും സാമൂഹികവുമായ പശ്ചാത്തലവും പദവിയും. രണ്ട്, സിനിമയിലേക്കുള്ള വരവും അവിടെ നേടിയ ഇടവും നടൻ എന്ന നിലയിലും താരം എന്ന നിലയിലുമുള്ള തനിമയും. മൂന്ന്, രാഷ്ട്രീയത്തിലേക്കുള്ള പ്രവേശവും അവിടെ നേരിടേണ്ടിവന്ന പ്രശ്നങ്ങളും പ്രതിസന്ധികളും അതിൻറെ ആത്യന്തിക പരിണാമവും. ജാതി സമവാക്യങ്ങൾ പ്രത്യക്ഷത്തിൽത്തന്നെ സ്വാധീനം ചെലുത്തുന്ന മേഖലകളാണ് തമിഴ് സിനിമയും രാഷ്ട്രീയവും. പല താരങ്ങളും സിനിമ നൽകിയ പരിവേഷം വച്ചു മാത്രമല്ല അവർ ഉൾപ്പെടുന്ന ജാതി ഗ്രൂപ്പുകളെ മുന്നിൽ കണ്ടുകൊണ്ട് കൂടിയാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതും പ്രവർത്തിച്ചതും. താരങ്ങളുടെ സാമുദായിക പദവിയെ പ്പറ്റിയുള്ള ഈ ആമുഖ വിചാരങ്ങൾ രാഷ്ട്രീയ മേഖലയിലുള്ള അവരുടെ സ്വാധീനങ്ങളെപ്പറ്റിയുള്ള വിശകലനങ്ങൾക്ക് ശക്തമായ പിൻബലമാവുന്നുണ്ട്.
ഈ ഗ്രന്ഥത്തിൽ ഏറ്റവും ആകർഷകമായി അനുഭവപ്പെട്ട ഭാഗം താരങ്ങളുടെ രൂപം, അഭിനയം, ശരീരഭാഷ, മാനറിസങ്ങൾ തുടങ്ങിയ കാര്യങ്ങളെപ്പറ്റിയുള്ള അതിസൂക്ഷ്മമായ നിരീക്ഷണങ്ങളാണ്. താരപദവിയിലേക്കുള്ള അയാളുടെ വളർച്ചയിലും സ്വീകാര്യതയിലും ഈ ഘടകങ്ങൾ എങ്ങനെ പങ്കുവഹിച്ചു എന്ന വിശകലനങ്ങൾ കേവലം ആസ്വാദനങ്ങൾ എന്നതിനപ്പുറം ഈ പഠനങ്ങളെ ഗൗരവതരമാക്കുന്നുണ്ട്. ഓരോ നടന്റെയും വ്യത്യസ്തത എന്ത് എന്നും അതെങ്ങനെ തമിഴ് സിനിമയുടെ സൗന്ദര്യപരവും സാമ്പത്തികവുമായ മേഖലകളെ സ്വാധീനിക്കുന്നു എന്നും അനീഷ് കൃത്യമായി കണ്ടെത്തുന്നുണ്ട്. ഈ താരങ്ങളുടെ സിനിമകൾ കണ്ടു പരിചയമുള്ളവരെ സംബന്ധിച്ച് ആ സിനിമാ സംസ്കാരത്തിലൂടെ ഒരു ഓർമ്മസഞ്ചാരം നടത്താൻ ഈ വിവരണങ്ങൾ അവസരം നൽകുന്നു. മേൽപ്പറഞ്ഞ നടന്മാരുടെ പങ്കാളിത്തമുള്ള, തമിഴ് സിനിമയിലെ നാഴികക്കല്ലുകൾ എന്ന് വിശേഷിപ്പിക്കാവുന്ന ഒട്ടേറെ സിനിമകൾ ഈ സന്ദർഭത്തിൽ അനീഷ് പഠനവിധേയമാക്കുന്നുണ്ട്. ഈ ഗ്രന്ഥത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ഓരോ താരത്തിന്റെയും ഇത്തരത്തിലുള്ള കൃത്യമായ കാരിക്കേച്ചർ നിർമ്മിതിയാണ്.
ഇങ്ങനെ താര വ്യക്തിത്വത്തിന്റെ സാമുദായികവും സിനിമാപരവുമായ അടിസ്ഥാനങ്ങൾ ഉറപ്പിച്ചതിനുശേഷമാണ് അവരുടെ രാഷ്ട്രീയ താൽപര്യങ്ങളിലേക്ക് അനീഷ് കടക്കുന്നത്. കൃത്യമായ രാഷ്ട്രീയലക്ഷ്യങ്ങൾ മുൻനിർത്തി രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന താരങ്ങളുണ്ട്. നിലപാടുകളുടെ അടിസ്ഥാനത്തിലും ജാതിരാഷ്ട്രീയത്തിന്റെ പ്രേരണയിലും വന്നവരുണ്ട്. രാഷ്ട്രീയപ്പാർട്ടികളുടെ ഉപകരണം എന്ന നിലയിൽ വന്നവരുണ്ട്. രാഷ്ട്രീയവും സിനിമയും തമ്മിലുള്ള ബന്ധം കൊണ്ട് രാഷ്ട്രീയവേദികൾ പങ്കിടാൻ താല്പര്യപ്പെട്ട വരും ഉണ്ട്. ചിലർ സ്വന്തമായി പാർട്ടികൾ ഉണ്ടാക്കി. ചിലർ നിലവിലുള്ള പാർട്ടികളുടെ ഭാഗമായി. അങ്ങനെ പ്രവർത്തിച്ചു പോകുന്നതിനിടയിൽ ഒരു പാർട്ടി വിട്ടു മറ്റു പാർട്ടികളിലേക്ക് ചേക്കേറിയവരും പുതിയ മുന്നണി ബന്ധങ്ങൾ സൃഷ്ടിച്ചവരും ഉണ്ട്. പിടിപ്പുകേടും നിലപാടില്ലായ്മയും കൊണ്ട് സ്വന്തം കുഴി തോണ്ടിയവരും ഉണ്ട്. ഇത്തരത്തിലുള്ള ചരിത്രങ്ങളും രാഷ്ട്രീയ മേഖലയിലെ പിന്നാമ്പുറ കഥകളും അനീഷ് വിവരിച്ചുപോകുന്നു. രാഷ്ട്രീയത്തിൽ അവർ പരാജയപ്പെട്ടതിനു പിന്നിലെ കാരണങ്ങൾ വിശകലനം ചെയ്യുന്ന സന്ദർഭങ്ങളിൽ ഒരു രാഷ്ട്രീയ നിരീക്ഷകന്റെ സൂക്ഷ്മമായ നിരൂപണ ബുദ്ധിയും വിശകലന പാടവും തെളിഞ്ഞു കാണാൻ കഴിയുന്നു.
തികച്ചും പാരായണ ക്ഷമമായ ഒരു ഗ്രന്ഥമാണ് പരാജിത നായകർ. അനേകം കൗതുകങ്ങളിലൂടെ വായനക്കാരെ കൊണ്ടുപോകുന്ന, വായിച്ച് രസിക്കാവുന്ന ഒരു ഗ്രന്ഥം. എന്നാൽ കേവലമായ ലഘുവായനയ്ക്കുള്ള ഒരു ഉപാധിയല്ല, തമിഴ് സിനിമയെപ്പറ്റിയും അതിനോട് ചേർന്ന് ചലിച്ചു കൊണ്ടിരിക്കുന്ന തമിഴ് രാഷ്ട്രീയത്തെപ്പറ്റിയുമുള്ള ഒട്ടേറെ തിരിച്ചറിവുകളിലേക്ക് നമ്മെ നയിക്കുന്ന ഗൗരവതരമായ ഒരു പഠനമാണ് ഈ ഗ്രന്ഥം.