നാഗ്പൂർ: ആർ.എസ്.എസിനെ പ്രശംസിച്ച് ഇന്ത്യയിലെ ഇസ്രായേൽ കോൺസൽ ജനറൽ യാനിവ് റെവാച്ച് . ഭാരതത്തിന്റെ പുരോഗതിക്ക് ആർ.എസ്.എസ് നൽകിയ സംഭാവനകൾ വില മതിക്കാനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതം ‘പരമ വൈഭവ’ത്തിലേക്ക് അതായത് മഹത്വത്തിന്റെയും സമൃദ്ധിയുടെയും പരമോന്നത ശിഖരത്തിലേക്ക് എത്തിച്ചേരുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
നാഗ്പൂരിൽ നടന്ന ആർ.എസ്.എസിന്റെ വാർഷിക വിജയദശമി ചടങ്ങുകളിൽ പങ്കെടുത്ത ശേഷം, എക്സിലാണ് യാനിവ് റെവാച്ച് ഇക്കാര്യം കുറിച്ചിരിക്കുന്നത് . ‘ നാഗ്പൂരിൽ നടന്ന ആർ.എസ്.എസിന്റെ വാർഷിക വിജയദശമി ആഘോഷങ്ങളിൽ അതിഥിയായി ക്ഷണിക്കപ്പെട്ടത് വലിയ ബഹുമതിയായിരുന്നു. ആർ.എസ്.എസ് ശതാബ്ദി വർഷം പൂർത്തിയാക്കി 101-ാം വർഷത്തിലേക്ക് കടക്കുന്നതിനാൽ ഈ അവസരം വളരെ സവിശേഷമാണ്.
സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും ഭാരതത്തിന്റെ പുരോഗതിക്കായി ആർ.എസ്.എസ് നൽകിയ സംഭാവനകൾ അതുല്യമാണ്. “ഇതുകൊണ്ടാണ് ഭാരതം ‘പരമ വൈഭവ’ത്തിൽ എത്തിച്ചേരുമെന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ലാത്തത് “ എന്നും കുറിച്ച അദ്ദേഹം ആർഎസ്‌എസ് പ്രാർത്ഥനാ ഗാനമായ നമസ്‌തേ സദാ വത്സലേയിലെ ‘ പരം വൈഭവം നേതുമേതത് സ്വരാഷ്‌ട്രം , സമര്‍ഥാ ഭവത്വാശിഷാ തേ ഭൃശം ‘ എന്ന വരികളോടെയാണ് കുറിപ്പ് അവസാനിപ്പിച്ചത് .