തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ (പി.എസ്.സി.) യുടെ മൂല്യ നിർണ്ണയത്തിൽ വിവാദം. സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ചീഫ് (ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡിവിഷന്‍) തസ്തികയിലേക്കുള്ള പരീക്ഷയുടെ മൂല്യനിര്‍ണ്ണയത്തിലാണ് പി.എസ്.സി.ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചിരിക്കുന്നത്. വിവരണാത്മക രീതിയിലുള്ള പരീക്ഷയില്‍ ചില ഉദ്യോഗാര്‍ത്ഥികള്‍ എഴുതിയ പത്തോളം ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ മൂല്യനിര്‍ണ്ണയം നടത്താതെ പൂര്‍ണ്ണമായും ഉപേക്ഷിച്ചതായാണ് പുതിയ വെളിപ്പെടുത്തല്‍. സംഭവത്തില്‍ ജ്യുഡീഷ്യല്‍ അന്വേഷണം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
അതിവേഗ അന്വേഷണമാണ് ലക്ഷ്യം. പിഴവു കണ്ടെത്തിയാല്‍ പി എസ് സിയില്‍ അഴിച്ചു പണിയും വരും.പത്ത് ചോദ്യങ്ങള്‍ക്ക് കൂടി മാര്‍ക്കിട്ടിരുന്നെങ്കില്‍ നിലവിലെ റാങ്ക് പട്ടികകള്‍ തന്നെ മാറിമറിയുമായിരുന്നു എന്നതിനാലാണ് പി.എസ്.സി. ഈ വലിയ പിഴവ് തിരുത്താന്‍ തയ്യാറാകാതെ ഒളിച്ചുകളി നടത്തിയത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉത്തരക്കടലാസ് പോലും നല്‍കാതെ രഹസ്യമാക്കി വെച്ച അഴിമതി, ഒടുവില്‍ വിവരാവകാശ നിയമപ്രകാരമുള്ള കടുത്ത അപ്പീല്‍ നടപടികള്‍ക്കൊടുവിലാണ് പുറത്തുവന്നത്.
ഒന്നേകാല്‍ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം ചീഫ്, പേഴ്‌സ്‌പെക്ടീവ് പ്ലാനിങ് ഡിവിഷന്‍ ചീഫ്, പ്ലാനിങ് കോഓര്‍ഡിനേഷന്‍ ഡിവിഷന്‍ ചീഫ് എന്നീ മൂന്ന് ഉയര്‍ന്ന തസ്തികളിലേക്കാണ് 2023 ജൂലൈ 13-ന് പൊതു പ്രാഥമിക പരീക്ഷ നടന്നത്. ആകെ 228 പേരാണ് ഈ പരീക്ഷ എഴുതിയത്. തുടര്‍ന്ന് 2025 മേയ് 31-ന് പി.എസ്.സി. ഇതിന്റെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.
എന്നാല്‍ ഈ പട്ടികയിലെ അപാകതകള്‍ പരിശോധിക്കാതെ, തൊട്ടടുത്ത മാസം തന്നെ ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ചീഫ് തസ്തികയിലെ ഏക ഒഴിവിലേക്ക് ഒന്നാം റാങ്കുകാരനായ അരുണ്‍ ജെ. പ്രതാപിനെ തിടുക്കത്തില്‍ നിയമിക്കുകയായിരുന്നു. ഇദ്ദേഹം ഇടതുപക്ഷ സര്‍വീസ് സംഘടനയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.
സിപിഎം നോമിനിയായി നിയമിക്കപ്പെട്ട പിഎസ്സി ചെയര്‍മാന്‍ ഡോ. എം.ആര്‍. ബൈജുവും രണ്ട് അംഗങ്ങളുമാണ് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കായി അഭിമുഖം നടത്തിയത്. ഈ അഭിമുഖ സമയത്ത് തന്നെ മൂല്യനിര്‍ണ്ണയത്തിലെ ഗുരുതരമായ പിഴവ് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നെങ്കിലും ഭരണതലത്തിലുള്ള സ്വാധീനം ഉപയോഗിച്ച് അക്കാര്യം രഹസ്യമാക്കി വെക്കുകയായിരുന്നു.തനിക്ക് ലഭിച്ച മാര്‍ക്കില്‍ കടുത്ത സംശയം തോന്നിയ മൂന്നാം റാങ്കുകാരനായ കെ. ശ്യാം കൃഷ്ണന്‍ ഉത്തരക്കടലാസിന്റെ പകര്‍പ്പിനായി പിഎസ്സിയെ സമീപിച്ചതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.
ഡിജിറ്റല്‍ മൂല്യനിര്‍ണ്ണയ രീതിയായ ‘ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ്ങില്‍’ ഒന്‍പത് മുതല്‍ പതിനെട്ട് വരെയുള്ള തുടര്‍ച്ചയായ പത്ത് ചോദ്യങ്ങള്‍ മാര്‍ക്കിടാതെ പൂര്‍ണ്ണമായും ഒഴിവാക്കിയതായി ഇദ്ദേഹം കണ്ടെത്തി. തുടര്‍ന്ന് ശ്യാം കൃഷ്ണന്‍ പി.എസ്.സി.ക്ക് ഔദ്യോഗികമായി പരാതി നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പിഎസ്സി നടത്തിയ പ്രാഥമിക പരിശോധനയില്‍ പരീക്ഷയെഴുതിയ 228 ഉദ്യോഗാര്‍ത്ഥികളുടെയും ഉത്തരക്കടലാസുകളില്‍ ഈ പത്ത് ചോദ്യങ്ങള്‍ നോക്കിയിട്ടേയില്ല എന്ന് ബോധ്യപ്പെട്ടതാണ്.മൂന്ന് റാങ്ക് പട്ടികകളും അന്തിമമായിട്ടില്ലെന്ന ബാലിശമായ കാരണം പറഞ്ഞ് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ പരീക്ഷയിലെ മാര്‍ക്ക് കൃത്യമായി പ്രസിദ്ധീകരിക്കാതെ പി.എസ്.സി. ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുകയാണ്.
ഇതിനകം തന്നെ ഡിവൈഎസ്പി, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികകളിലെ പിഎസ്സി നിയമനങ്ങള്‍ വലിയ വിവാദമായിരിക്കെയാണ്, ലക്ഷങ്ങള്‍ ശമ്പളമുള്ള തസ്തികകളിലും ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി ഇടതുപക്ഷ അനുകൂലികള്‍ക്കായി പി.എസ്.സി. വഴിവിട്ട കളികള്‍ ആണ് നടത്തിയത്. ലഭിച്ച ഉത്തരക്കടലാസുകളില്‍ മാര്‍ക്കിടാത്ത പേജുകള്‍ വ്യക്തമായി കണ്ടതോടെയാണ് പി.എസ്.സി.യുടെ പരീക്ഷാ നടത്തിപ്പിലെ സുതാര്യത ചോദ്യം ചെയ്യപ്പെടുന്നത്.