സി.പി.എം പ്രവർത്തകർ സംസ്ഥാനത്തുടനീളം നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന കൊലവിളി മുദ്രാവാക്യങ്ങൾക്കെതിരെ കേസെടുക്കമമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം ആവശ്യപ്പെട്ടു. നിയമ വ്യവസ്ഥയെ നോക്കുകുത്തിയാക്കുന്ന ഭീഷണികളാണ് സി.പി.എമ്മുകാർ മുഴക്കുന്നത്. വണ്ടൂരിൽ മീഡിയ വൺ മാനേജിംഗ് എഡിറ്റർക്കെതിരെ കൈകൾ വെട്ടുമെന്നാണ് മുദ്രാവാക്യം വിളിച്ചത്.
മണ്ണാർക്കാട്ട് സ്വന്തം പാർട്ടിക്കാരനായ പി.കെ ശശിക്കെതിരെ അരിവാൾ കൊണ്ടൊരു പരിപാടിയുണ്ടെന്നും വേണ്ടി വന്നാൽ തല കൊയ്യുമെന്നും മുദ്രാവാക്യം വിളിച്ചു. കാസർക്കോട് കുമ്പളയിൽ സി.പി.എമ്മിന്റെ തന്നെ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഭരിക്കുന്ന പോലീസുകാർക്കെതിരെയാണ് കൈയും കാലും തലയും വെട്ടുമെന്ന് അലറി വിളിച്ച് പ്രകടനം നടത്തിയത്. സ്വന്തം നേതാവിന്റെ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ പോലീസുകാരുടെ സാന്നിധ്യത്തിൽ കൊലവിളി നടത്തിയിട്ടും പോലീസ് നോക്കി നിൽക്കുകയാണ്.
പോലീസിന്റെ അറിവോടെയാണ് ക്രമസമാധാന നില തകർക്കുന്ന വിധത്തിൽ മുദ്രാവാക്യങ്ങൾ മുഴുക്കുന്നത്. രാജ്യത്തെ നിയമ വ്യവസ്ഥ പ്രകാരം കേസെടുക്കേണ്ട വകുപ്പുണ്ടായിട്ടും ആഭ്യന്തര വകുപ്പ് അനങ്ങാത്തത് സ്വന്തം പാർട്ടിക്കാരാണ് എന്നത് കൊണ്ട് മാത്രമാണ്. മറ്റേതെങ്കിലും പാർട്ടിയോ സംഘടനയോ ആണ് ഇങ്ങനെ മുദ്രാവാക്യം വിളിച്ചിരുന്നതെങ്കിൽ ഇതാകുമായിരുന്നില്ല പ്രതികരണം. സി.പി.എമ്മുകാർക്ക് കേരളത്തിൽ എന്തും ചെയ്യാമെന്ന സ്ഥിതി വന്നിരിക്കുകയാണ്. ഇത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഇത്തരം സംഭവങ്ങളിൽ കേസെടുത്ത് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പി.എം.എ സലാം ആവശ്യപ്പെട്ടു.