• Thu. Jul 31st, 2025

24×7 Live News

Apdin News

സീതാന്വേഷണം

Byadmin

Jul 30, 2025



രാമനും ലക്ഷ്മണനും ശബരിയുടെ സ്മരണയ്‌ക്കും അവളുടെ പാവനമായ ശുദ്ധഭക്തിക്കും ആദരം അർപ്പിച്ച്, തങ്ങളുടെ ദക്ഷിണദിശയിലേക്കുള്ള യാത്ര തുടർന്നു. മുന്നോട്ടുള്ള പാത തീരെ എളുപ്പമായിരുന്നില്ല. ഇരുണ്ടു സാന്ദ്രമായ വനങ്ങൾ, വൻനദികൾ, അപകടകരമായ പ്രദേശങ്ങൾ എല്ലാം അവർ നേരിട്ടുവെങ്കിലും അവർ ലക്ഷ്യം നേടാനുള്ള ഉറച്ച തീരുമാനത്തോടെ നടന്നു. ശബരി ഓർമ്മിപ്പിച്ചതായ അവിച്ഛിന്നഭക്തിയുടെ ശക്തിയുംധാർമ്മികപ്രവർത്തനങ്ങളെ  പ്രതിരോധിക്കാൻ  ഒരു ശക്തിക്കും കഴിയില്ല എന്നഉറപ്പും രാമനെ യാത്രയിൽ മുന്നോട്ട് നയിച്ചു.

പമ്പാനദിയുടെ പവിത്രസുന്ദരമായ തീരത്തേക്ക് അടുക്കുമ്പോൾ ദൃശ്യമാകെ മാറി. നദിയിലെ വെള്ളത്തിന് മുകളിലൂടെ വീശുന്ന നനുത്ത തണുത്ത കാറ്റും, പൂമരങ്ങളും, പക്ഷികളുടെ കളകൂജനവും പൂക്കളുടെ സുഗന്ധവും എങ്ങും നിറഞ്ഞിരുന്നു. ദുഃഖത്തിനിടയിലും പമ്പാനദീതടം രാമനിൽ പ്രശാന്തി നിറച്ചു.  സീതയെ സദാ നിനച്ചുകൊണ്ട് തന്റെ ദൗത്യത്തിൽ ഉറച്ച് രാമനവിടെ വിശ്രമിച്ചു.

പമ്പയുടെ തീരത്ത് ഋഷ്യമൂക പർവ്വതം സ്ഥിതി ചെയ്യുന്നു, അവിടെ നടുകടത്തപ്പെട്ട വാനരരാജകുമാരൻ സുഗ്രീവൻ, തന്റെ നാലു വിശ്വസ്ത മന്ത്രിമാർ—ഹനുമാൻ, നളൻ, നീലൻ, താരൻ- എന്നിവരോടൊപ്പം ഒളിവിൽ കഴിയുന്നു. കിഷ്കിന്ധയുടെ രാജാവായിരുന്ന സുഗ്രീവൻ, തന്റെ ജ്യേഷ്ഠൻ ബാലിയുമായുണ്ടായ വലിയൊരു തെറ്റിദ്ധാരണമൂലം കൊട്ടാരത്തിൽ നിന്നും ആട്ടി പുറത്താക്കപ്പെട്ടു. അതിബലവനായ ജ്യേഷ്ഠൻ തന്നെ കൊന്നുകളയുമെന്ന നിത്യഭയത്തിൽ സുഗ്രീവൻ കഴിഞ്ഞുവന്നു. ഒരു ഋഷിയുടെ ശാപം മൂലം ബാലിക്ക് ഋഷ്യമൂകപർവ്വതത്തിൽ കയറാൻ പാടില്ല എന്നതുകൊണ്ട്  സുഗ്രീവൻ അവിടെ മാത്രം സുരക്ഷിതനായിരുന്നു.

ഹനുമത്സംഗമം

സുഗ്രീവന്റെ മുഖ്യമന്ത്രി, ജ്ഞാനവും കരുത്തും ഒരുപോലെ സ്വായത്തമായുള്ള ദിവ്യനായ ഹനുമാൻ, രണ്ട് അകലെ നിന്ന് മനുഷ്യരൂപങ്ങൾ നടന്നു തങ്ങളെ സമീപിക്കുന്ന കാര്യം ശ്രദ്ധിച്ചു. അവരുടെ അസാധാരണമായ മുഖചൈതന്യം ദൂരെനിന്നുതന്നെ ശ്രദ്ധിച്ച ഹനുമാൻ ഒരു സാധാരണ സന്യാസിയുടെ വേഷത്തിൽ അവരെ സമീപിച്ചു. കൈകൾ കൂപ്പി ഹനുമാൻ അവരെ ഊഷ്മളമായി അഭിവാദനം ചെയ്തു സ്വാഗതം പറഞ്ഞു.  “അല്ലയോ മാനനീയരായ അതിഥികളേ, ഘോരമായ ഈ വനം നിങ്ങളെപ്പോലുള്ളവർക്ക് ഉചിതമായ സ്ഥലമല്ല. ആരാണ് നിങ്ങളെന്നും എന്താണ് ഈ വനത്തിലേക്ക് വരാൻ കാരണമെന്നും പറഞ്ഞാലും.” ഹനുമാന്റെ ശബ്ദം മൃദുവായിരുന്നു. നേർമ്മയുള്ളതും. അതിൽ സ്വാഭാവികമായി ഒരു മഹത്വവും  ഹൃദയശുദ്ധിയും നിറഞ്ഞിരുന്നതായി രാമൻ തിരിച്ചറിഞ്ഞു. രാമൻ പുഞ്ചിരിയോടെ അവരുടെ പേരുകളും കുടുംബപശ്ചാത്തലവും വനത്തിൽ കഴിയാനിടയായ കഥയും സീതാപഹരണത്തിന്റെ കാര്യവും ഹനുമാനെ അറിയിച്ചു. സീതയെ തേടി കണ്ടുപിടിക്കുക എന്ന അവരുടെ ലക്ഷ്യം വെളിപ്പെടുത്തി. വിനയത്തോടെ അവൻ പറഞ്ഞു, “ഞാൻ ഹനുമാൻ, വാനരരാജാവായ സുഗ്രീവന്റെ ദാസനാണ്. എന്റെ യജമാനനും ഇവിടെയീ മലയിൽ പരദേശവാസവും ദുഃഖവും അനുഭവിക്കുകയാണ്.  നിങ്ങൾക്ക് ഒരുപക്ഷേ പരസ്പരം സഹായിക്കാൻ കഴിഞ്ഞേക്കാം.”

രാമസുഗ്രീവ സഖ്യം

സുഗ്രീവനുമായുള്ള കൂടിക്കാഴ്ചക്കായി ഹനുമാൻ ഉടനെ തന്നെ രാമനെയും ലക്ഷ്മണനെയും തന്റെ ഇരുതോളത്തുമെടുത്ത് വൻകാട്ടിനിടയിലൂടെ ചാടി ക്ഷണനേരത്തിൽ വാനരരാജാവിന് മുന്നിലെത്തി. വിധിവശാൽ സംഭവിച്ചതായ രാമനും സുഗ്രീവനും തമ്മിലുള്ള കൂടിക്കാഴ്ച അത്യധികം ശുഭകരമായിരുന്നു.  സീതയെ രാവണൻ തട്ടിക്കൊണ്ടുപോയതിനെക്കുറിച്ച് രാമൻ സുഗ്രീവനോട് പറഞ്ഞു.  സുഗ്രീവൻ തന്റെ പരദേശവാസവും സഹോദരൻ ബാലിയുടെ ക്രൂരതയെക്കുറിച്ചും സംസാരിച്ചു. തങ്ങൾ രണ്ടും സമാനമായ ദുഃഖത്തിലാണെന്നു കണ്ട്, അവർ പരസ്പരസഹായത്തിനായി ഒരുടമ്പടിയിൽ ഏർപ്പെട്ടു. ബാലിയിൽ നിന്ന് രാജ്യം തിരികെ ലഭ്യമാക്കാൻ സഹായിക്കാമെന്ന് രാമൻ സുഗ്രീവന് വാഗ്ദാനം ചെയ്തു. മറുവശത്ത് സീതയെ കണ്ടെത്താൻ സഹായിക്കുമെന്ന് സുഗ്രീവൻ രാമന്  വാക്ക് നല്കി. ഈ ഉടമ്പടി ഉറപ്പിക്കാനായി ലളിതമെങ്കിലും അവരൊരു പവിത്രമായ ചടങ്ങ് നടത്തി.  വിറകു കൂട്ടിയിട്ട് കത്തിച്ച് അഗ്നിയെ വലംവച്ച് രണ്ടുപേരും തമ്മിൽ സഖ്യമുറപ്പിച്ചു. മാത്രമല്ല അവർ ധർമ്മബന്ധിതരും ഭാവത്തിൽ സഹോദരങ്ങളുമായിത്തീർന്നു.

അങ്ങിനെ, പുതുതായുണ്ടായ ധൈര്യവും രാമൻ തങ്ങളെ സംരക്ഷിച്ചുകൊള്ളും എന്ന ഉറപ്പും കൊണ്ട് സുഗ്രീവൻ തന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഒരേറ്റുമുട്ടലിനായി തയ്യാറെടുത്തു. ഹനുമാനും അംഗദനും മറ്റു മന്ത്രിമാരും രാമ-സുഗ്രീവ സഖ്യത്തിൽ ആഹ്ളാദചിത്തരായി. ധർമ്മത്തിന്റെ പ്രതിരൂപമായ രാമന്റെ സാന്നിദ്ധ്യം അവരുടെ ജീവിതത്തെ പ്രതീക്ഷാനിർഭരമാക്കി.

കുറച്ചു നാൾ മുമ്പ് വനത്തിന് മുകളിലൂടെ പറന്നുപോയൊരു ആകാശരഥത്തിൽ നിന്നും താഴെ വീണ ആഭരണങ്ങൾ സുഗ്രീവൻ രാമന് കാണിച്ചുകൊടുത്തു. രാമൻ അവയെ ഉടൻതന്നെ സീതയുടെ ആഭരണങ്ങളായി തിരിച്ചറിഞ്ഞു നിശബ്ദമായി കരഞ്ഞുപോയി. എങ്കിലും തന്റെ ലക്ഷ്യത്തിലേക്ക് അടുക്കുന്നതിന് സഹായകരമായ  സുഗ്രീവസഖ്യം രാമനെ സമാശ്വസിപ്പിച്ചു.

എന്നാൽ, സുഗ്രീവന് ബാലിയെ നേരിടാനുള്ള തന്റെ കരുത്തിൽ അപ്പോഴും ആശങ്കയുണ്ടായിരുന്നു. ബാലിയുടെ അപാരമായ ശക്തിയുടെയും ഭയാനകമായ വീര്യത്തിന്റെയും ചിത്രം അവന്റെ മനസ്സിനെ വേട്ടയാടി. എന്നിട്ടും, രാമന്റെ ശാന്തമായ വാക്കുകൾ അവന് ആശ്വാസം നൽകി. “സുഗ്രീവാ എന്റെ വാഗ്ദാനത്തിൽ സംശയിക്കരുത്. എന്നിൽ അഭയം പ്രാപിക്കുന്നവരെ ഞാൻ ഒരിക്കലും കൈവിടില്ല. ഇപ്പോൾ ധൈര്യമായിപ്പോയി ബലിയെ ദ്വന്ദയുദ്ധത്തിനായി വെല്ലുവിളിക്കൂ, ഉചിതമായ സമയത്ത് ഞാൻ എന്റെ അമ്പ് തൊടുത്തു ബാലിയെ ഇല്ലാതാക്കും നിശ്ചയം.”

ബാലി സുഗ്രീവയുദ്ധം

രാമന്റെ വാക്കുകൾ കേട്ട് ഉത്സാഹത്തോടെ സുഗ്രീവൻ കിഷ്കിന്ധയുടെ കവാടത്തിലേക്ക് കയറിനിന്ന്, മലകളിലും കാടുകളിലും പ്രതിധ്വനിച്ചതായ ഒരു ഘോരഗർജനം പുറപ്പെടുവിച്ചു. ബാലി സുഗ്രീവന്റെ വെല്ലുവിളി കേൾക്കുമ്പോൾ ഭാര്യ താരയോടൊപ്പം കൊട്ടാരത്തിനുള്ളിൽ ആയിരുന്നു. ബാലിയ്‌ക്ക് തന്റെ അഭിമാനത്തിന് മുറിവേറ്റതായി തോന്നി. താരയുടെ വിവേകം നിറഞ്ഞ, ജാഗ്രതയുള്ള ഉപദേശം അവഗണിച്ച്, അവൻ പ്രഖ്യാപിച്ചു, “ഈ ഭീരു എന്നെ വെല്ലുവിളിക്കാൻ ധൈര്യപ്പെട്ടിരിക്കുന്നു! മുമ്പ് ചെയ്തതുപോലെ ഞാൻ അവനെ തകർത്തുകളയും.” താരയുടെ അപേക്ഷകൾ അവഗണിച്ച്, ബാലി തന്റെ കോട്ടയിൽ നിന്ന് ചാടി സുഗ്രീവനെ നേരിടാൻ യുദ്ധക്കളത്തിലെത്തി.

രണ്ട് സഹോദരന്മാരും അതിശക്തമായ ക്രോധത്തോടെ ഏറ്റുമുട്ടി. യോദ്ധാക്കളുടെ സ്വാഭാവികമായ തിളക്കത്തോടെ ശോഭിച്ചിരുന്ന അവർ ശരീരപ്രകൃതിയിലും രൂപത്തിലും ബലത്തിലും തുല്യരായിരുന്നു, രാമന് പോലും അവരെ വേർതിരിച്ചറിയാൻ ബുദ്ധിമുട്ടായി. മത്തുപിടിച്ച രണ്ട് വലിയ ആനകൾ മാരമായ യുദ്ധത്തിൽ ഏർപ്പെട്ടതുപോലെ അവർ പോരാടി, അവരുടെ പ്രഹരങ്ങൾ ഭൂമിയെ കുലുക്കുകയും കാട്ടിലെ ജീവികളെ ഭയപ്പെടുത്തുകയും ചെയ്തു.

ഒരു മരത്തിന്റെ മറവിൽ നിന്നിരുന്ന രാമൻ സുഗ്രീവനെയും ബാലിയെയും തിരിച്ചറിയാൻ കഴിയാത്ത  പ്രതിസന്ധിയിൽ അബദ്ധവശാൽ സുഗ്രീവന്റെ മേൽ അമ്പുകൊള്ളാതിരിക്കാൻ തന്റെ ഉദ്യമത്തിൽ നിന്നും പിന്തിരിഞ്ഞു. മുറിവേറ്റ് പരാജയപ്പെട്ട സുഗ്രീവൻ യുദ്ധക്കളത്തിൽ നിന്ന് ഓടിപ്പോയി, ലജ്ജയോടും നിരാശയോടും രാമന്റെ അടുത്തേക്ക് മടങ്ങി. അവൻ സങ്കടത്തോടെ പറഞ്ഞു, “രാമ! അങ്ങ് എന്നെ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്തു, എന്നിട്ടും ഞാൻ വീണ്ടും പോരിൽ തോറ്റ് അപമാനിതനായി. ഇനി ബാലിയെ നേരിടാൻ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല.”

രാമൻ അവനെ സൗമ്യശാന്തനായി ആശ്വസിപ്പിച്ചു. മൽപ്പിടുത്തത്തിനിടയിൽ സഹോദരന്മാരെ രണ്ടാളേയും തമ്മിൽ  വേർതിരിച്ചറിയാൻ കഴിയാത്തതിനാൽ അമ്പ് തൊടുക്കാൻ തനിക്ക് കഴിഞ്ഞില്ലെന്ന് വിശദീകരിച്ചു. “അടുത്ത തവണ, നിന്നെ തിരിച്ചറിയാൻ കഴിയുന്ന വിധത്തിൽ ഒരു തിളക്കമുള്ള പുഷ്പമാല നിന്റെ കഴുത്തിൽ ഇട്ടാൽമതി.” രാമന്റെ നിർദ്ദേശപ്രകാരം ഹനുമാൻ സുഗ്രീവന്റെ കഴുത്തിൽ കാട്ടുപൂക്കളുടെ ഒരു മാല ചാർത്തി, അവനെ അടുത്ത സംഘട്ടനത്തിനായി തയ്യാറാക്കി.

By admin