• Tue. Jul 8th, 2025

24×7 Live News

Apdin News

സുംബാ വിഷയത്തില്‍ പ്രതികരിച്ച അധ്യാപകനെതിരായ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണം: അല്‍ഖോബാര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍

Byadmin

Jul 8, 2025


അല്‍ ഖോബാര്‍: കേരളത്തിലെ പോതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ഭാവിയെ അവതാളത്തിലാക്കാന്‍ കാരണമായേക്കാവുന്ന തരത്തിലുള്ള പുതിയ പദ്ധതികള്‍ യാതൊരു ചര്‍ച്ചയോ കൂടിയാലോചനയോ കൂടാതെ തികച്ചും ഏകാധിപത്യ രീതിയില്‍ തിടുക്കത്തില്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തെ ജനാധിപത്യ രീതിയില്‍ ഭരണഘടന പൗരന് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യമുപയോഗിച്ച് പ്രതികരിച്ചതിന്റെ പേരില്‍ സ്‌കൂള്‍ അധ്യാപകനും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ടി. കെ. അഷ്‌റഫിനെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്ത നടപടി തീര്‍ത്തും അപലപനീയമാണെന്ന് അല്‍ ഖോബാര്‍ ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി പ്രസ്താവിച്ചു.

ഏതൊരു പൗരനും അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനാനുസൃതമായി അനുവദിക്കപ്പെട്ട ഒരു ദേശത്ത് ഒരു വിധത്തിലുള്ള ചര്‍ച്ചകള്‍ക്കും വേദിയൊരുക്കാതെ, അധ്യാപക വിദ്യാര്‍ത്ഥി സമൂഹത്തിനുമേല്‍ സര്‍ക്കാര്‍ പൊടുന്നനെ അടിച്ചേല്‍പ്പിച്ച സൂംബാ ഡാന്‍സ് വിഷയത്തില്‍ പ്രതികരിച്ചതിന്നാണ് നടപടി.
ജനാധിപത്യ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന കേരളീയ പൊതുസമൂഹത്തിന്റെ ഭരഘടനാ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമായേ സര്‍ക്കാരിന്റെ ഇത്തരം സമീപനങ്ങളെ കാണാനാകൂ എന്നും യോഗം വിലയിരുത്തി.

സമൂഹത്തെ പൊതുവിലും കലാലയങ്ങളില്‍ പ്രത്യേകിച്ചും വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ ശക്തവും ക്രിയാത്മകവുമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ നേതൃസ്ഥാനത്തുള്ള ടി കെ അഷ്‌റഫിന്റെ പ്രസ്താവനയെയും ഒപ്പം സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവന്ന വിയോജിപ്പുകളെയും ദുര്‍വ്യാഖ്യാനിച്ച് സ്ത്രീ വിരുദ്ധതയായും പ്രാകൃതമായും ചിത്രീകരിക്കുവാനും ചില പദ പ്രയോഗങ്ങളുടെ ചാപ്പ കുത്തി വിയോജിക്കുന്നവരെ അരികുവല്‍ക്കരിക്കുവാനുമുള്ള ശ്രമങ്ങള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹാമാണ്. മര്‍മ്മ പ്രധാനമായ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചു മതത്തെയും സംസ്‌കാരത്തെയും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലേക്ക് ചുരുക്കം ചില വാര്‍ത്താ ചാനലുകളിലെയും സാമൂഹ്യ മാധ്യമങ്ങളിലെയും ചര്‍ച്ചകള്‍ വഴിമാറ്റപ്പെട്ടു കൊണ്ടിരിക്കുന്നു എന്നത് ഖേദകരമാണ്.

ധാര്‍മ്മിക മാനവിക സാംസ്‌കാരിക മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന, കുടുംബത്തിനും നാടിനും പ്രയോജനകരമാവുന്ന സംസ്‌കാരസമ്പരായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കേണ്ട കലാലയങ്ങളെ ആഭാസങ്ങളിലേക്ക് വഴിതിരിച്ചു വിടാന്‍ മാത്രം പര്യാപ്തമാകുന്ന വേണ്ടത്ര പഠനങ്ങള്‍ നടത്താതെ പ്രയോഗവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന ഇത്തരം സാംസ്‌കാരിക അധിനിവേശങ്ങള്‍ക്കെതിരെ സമൂഹം ഉണരണമെന്നും, എതിര്‍ ശബ്ദങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഇത്തരം ജനാധിപത്യ വിരുദ്ധ നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും അധ്യാപകനെതിരായ സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കണമെന്നും ബിവി സക്കരിയ്യയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യുട്ടീവ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സെന്റര്‍ സെക്രട്ടറി ഫക്രുദ്ദീന്‍ പാടൂര്‍ സ്വാഗതം പറഞ്ഞു.അന്‍വര്‍ഷാ പ്രമേയം അവതരിപ്പിച്ചു അബ്ദുല്‍ ലത്തീഫ് നന്ദി പറഞ്ഞു.

By admin