മലപ്പുറം: സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണിനായി ടീമിനെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ വമ്പന്‍ വിദേശ സൈനിങ്ങുമായി മലപ്പുറം എഫ്സി. ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിന്റെ മുന്‍ മധ്യനിര താരവും പ്രമുഖ യൂറോപ്യന്‍ ക്ലബ്ബുകളില്‍ കളിച്ച് പരിചയസമ്പത്തുമുള്ള ബൊംഗാനി സുംഗുവിനെ റാഞ്ചി മലപ്പുറം ഫുട്‌ബോള്‍ ക്ലബ്. 33 കാരനായ ഈ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ യൂറോപ്യന്‍ ഫുട്‌ബോളിലും ആഫ്രിക്കന്‍ ലീഗുകളിലും മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള കളിക്കാരനാണ്. സ്‌കോട്ടിഷ് വമ്പന്മാരായ റേഞ്ചേഴ്‌സ് എഫ്സി, ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ്ബായ അമിയന്‍സ് എസ്.സി, പോര്‍ച്ചുഗീസ് ക്ലബ്ബായ വിറ്റോറിയ ഗുയിമാറെസ് എന്നിവര്‍ക്കായി ജേഴ്സിയണിഞ്ഞിട്ടുള്ള സുംഗു ദക്ഷിണാഫ്രിക്കയിലെ പ്രമുഖ ടോപ് ഡിവിഷന്‍ ക്ലബ്ബായ മമെലോഡി സുണ്‍ഡൗണ്‍സില്‍ നിന്നാണ് മലപ്പുറം എഫ്‌സിയിലേക്കെത്തുന്നത്.
ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിനായി 30ലധികം മത്സരങ്ങള്‍ കളിച്ചിട്ടുള്ള സുംഗു അഞ്ച് ഗോളുകള്‍ നേടിയിട്ടുണ്ട്. മധ്യനിരയിലെ കളി നിയന്ത്രിക്കുന്നതിലും ക്രിയേറ്റീവ് പാസുകള്‍ നല്‍കാനും മികവുണ്ട്.
സെന്‍ട്രല്‍ മിഡ്ഫീല്‍ഡ്, ഡിഫന്‍സീവ് മിഡ്ഫീല്‍ഡ്, അറ്റാക്കിംഗ് പൊസിഷനുകളില്‍ ഒരുപോലെ തിളങ്ങാന്‍ കഴിയുന്ന താരമാണ് സുംഗു.