മലപ്പുറം: സ്ത്രീകളെ പൊതുരംഗത്തിറക്കിയാല്‍ വന്‍ നാശമെന്ന് ആവര്‍ത്തിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍. പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്കണം. പര്‍ദ ഏര്‍പ്പെടുത്തിയത് അതുകൊണ്ടാണ്. മുസ്ലിം സമുദായത്തെക്കുറിച്ച് പറയാന്‍ തനിക്ക് അധികാരമുണ്ട്. പറയാനുള്ളത് പറയുക തന്നെ ചെയ്യും. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് പേടിച്ചോടില്ലെന്നും കാന്തപുരം വ്യക്തമാക്കി.
ഉബുല്‍ റസൂല്‍ സമ്മേളനത്തിലാണ് കാന്തപുരത്തിന്റെ വിവാദ പ്രസ്താവന. സ്ത്രീകളെ രംഗത്തിറക്കിയാല്‍ വലിയ നാശം ഉണ്ടാകുമെന്നതുകൊണ്ടു തന്നെയാണ്, ഇസ്ലാം സ്ത്രീകള്‍ക്ക് പര്‍ദ സമ്പ്രദായം നിശ്ചയിച്ചത്. പെണ്ണുങ്ങള്‍ അവരുടെ വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കണം. അവര്‍ രംഗപ്രവേശനം ചെയ്യാന്‍ പാടില്ല എന്ന് വിശുദ്ധ ഖുറാന്‍ പറയുന്നു. അത് ബുദ്ധിപരമായി ആലോചിച്ചാലും അത് ഏറ്റവും വലിയ സംഗതിയാണ്. കാന്തപുരം പറഞ്ഞു.
ബഹുമാനം കൊണ്ടാണ് സ്ത്രീകളോട് പൊതുരംഗത്ത് ഇറങ്ങരുതെന്ന് പറയുന്നത്. സ്വത്തവകാശം ഉള്‍പ്പെടെ കൊടുത്തത് സ്ത്രീകളെ ഉയര്‍ത്തിക്കൊണ്ടു വരാനാണ്. മതം പഠിച്ചയാളാണ് താന്‍. അതുകൊണ്ടു തന്നെ മുസ്ലിം സമുദായത്തെക്കുറിച്ച് പറയാന്‍ തനിക്ക് അധികാരമുണ്ട്. തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് മതത്തെക്കുറിച്ച് അറിയില്ല. മറ്റു മതങ്ങളുടെ കാര്യത്തില്‍ താന്‍ ഇടപെടുന്നില്ല. തന്നെ പിന്തിരിപ്പന്‍ എന്നു വിമര്‍ശിക്കുന്നതിനെ വകവെയ്‌ക്കുന്നില്ലെന്നും കാന്തപുരം വ്യക്തമാക്കി.
എതിര്‍പ്പുകളെയും വിമര്‍ശനങ്ങളെയും ഭയക്കാതെ ഇനിയും ഇത്തരം കാര്യങ്ങള്‍ തുറന്നു പറയുക തന്നെ ചെയ്യുമെന്ന് പ്രഖ്യാപിച്ചാണ് കാന്തപുരം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
അന്യപുരുഷന്മാർക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നുള്ള സമസ്ത കാന്തപുരം വിഭാഗത്തിന്റെ സർക്കുലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മത ആഘോഷങ്ങളിൽ അതിർവരമ്പ് ലംഘിക്കരുത്. പരിപാടികൾ ഇസ്ലാമിക മാനദണ്ഡം വെച്ചായിരിക്കണം നടത്തേണ്ടത്. നിരത്തുകളിലും വേദിയിലും അന്യ പുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്. ഇസ്ലാമികമല്ലാത്ത ആചാരങ്ങൾ കൂട്ടിചേർക്കരുതെന്നും മഹല്ലുകൾക്ക് നൽകിയ സമസ്ത കാന്തപുരം വിഭാഗത്തിന്റെ സർക്കുലറിൽ വിശദീകരിച്ചിരുന്നു. ഇതിനെതിരെ വലിയ സാംസ്‌കാരിക-രാഷ്‌ട്രീയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചതിന് തൊട്ടുപിന്നാലെയാണ് നിലപാട് ആവര്‍ത്തിച്ച് അദ്ദേഹം രംഗത്തെത്തിയത്.