തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി. പൊതുവിദ്യാഭ്യാസ മന്ത്രി എം. ഷംസുദ്ദീനുമായി നടത്തിയ ചർച്ച വിജയിച്ചതിനെ തുടർന്നാണ് സമരം പിൻവലിക്കാൻ ഉദ്യോഗാർഥികൾ തീരുമാനിച്ചത്.
കഴിഞ്ഞ 37 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കൽ ഉദ്യോഗാർഥികൾ പ്രതിഷേധത്തിലായിരുന്നു. സമരത്തിന് നേതൃത്വം നൽകിയ വളർമതി ടീച്ചർ നടത്തിവന്ന 13 ദിവസത്തെ നിരാഹാര സമരം മന്ത്രി നാരങ്ങാ നീര് നൽകി അവസാനിപ്പിച്ചു.
സെക്രട്ടറിയേറ്റിന് മുന്നിലെ സമരം കടുപ്പിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്‌ക്ക് ക്ഷണിച്ചത്. അധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്‌ക്കുക, പുതിയ തസ്തികൾ സൃഷ്ടിക്കുക, എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പി എസ് സിക്ക് വിടുക തുടങ്ങിയവയായിരുന്നു സമരാവശ്യങ്ങൾ. ഇതാദ്യമാണ് സർക്കാർ മുൻകൈയെടുത്ത് ചർച്ചയ്‌ക്ക് വിളിക്കുന്നത്. സമരസമിതി ഇതുവരെ ഏഴു തവണ സർക്കാരിനെ കണ്ടിരുന്നു.
സമരം നിർത്തിയെങ്കിലും നേതാക്കൾ അവിടെ തുടരുമെന്ന് സമരസമിതി സെക്രട്ടറി വളർമതി മാധ്യമങ്ങളോട് വ്യക്തമാക്കി. കാര്യങ്ങൾ പഠിക്കാൻ സർക്കാർ 45 ദിവസം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സമരം നിർത്തിവച്ചത്.
1:25 വിദ്യാർഥി അധ്യപാക അനുപാതം സർക്കാർ മേഖലയിൽ നടപ്പിലാക്കണം. ഇത് സർക്കാരിന് ബാധ്യതയാവുന്ന കാര്യമല്ല. എൽപിഎസ്ടി ലിസ്റ്റ് കാലാവധി തീരുന്ന മുറയ്‌ക്ക് നീട്ടുന്നത് പരിഗണിക്കാമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നോട്ടിഫിക്കേഷനും നീട്ടിവെയ്‌ക്കും. മന്ത്രി തന്ന വെള്ളം കുടിച്ച് നിരാഹാരം അവസാനിപ്പിച്ചതെന്നും വളർമതി പറഞ്ഞു.
കാര്യങ്ങൾ പരിശോധിക്കാൻ 45 ദിവസത്തെ സമയമാണ് സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് സെപ്റ്റംബർ 24നാണ് പൂർത്തിയാവുന്നത്. സമരത്തിന്റെ ഭാഗമായി ഇനി പ്രകടനമോ പ്രതിഷേധമോ ഉണ്ടാവില്ല. സമാധാനപരമായി സമരപന്തലിൽ തുടരും. സെപ്റ്റംബർ 24ന് തീരുമാനമായില്ലെങ്കിൽ പിന്നീട് സമരം എങ്ങനെ വേണമെന്ന് ആലോചിക്കും. സാമൂഹ്യ രാഷ്‌ട്രീയ പ്രവർത്തകരും, വിദ്യാർഥി യുവജന സംഘടനകളും സമരത്തെ പിന്താങ്ങി. ഇതുവരെ സർക്കാർ ഉപാധികളൊന്നും വെച്ചിട്ടില്ല. എയ്ഡഡിന് പ്രൊട്ടക്ഷൻ നൽകുമ്പോൾ സർക്കാർ മേഖലയിലും അത് ഉണ്ടാവണം. സർക്കാർ ഈ സമയപരിധിക്കുള്ളിൽ ഇക്കാര്യങ്ങൾ പഠിച്ച് തീരുമാനമെടുക്കും എന്നാണ് വിശ്വാസമെന്നും വളർമതി മാധ്യമങ്ങളോട് വ്യക്തമാക്കി.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ലെന്ന് ആരോപിച്ചാണ് ഉദ്യോഗാർഥികൾ സമരവുമായി വീണ്ടും രംഗത്തെത്തിയത്. കഴിഞ്ഞ സർക്കാറിന്റെ കാലത്തും ഉദ്യോഗാർഥികൾ പ്രതിഷേധവുമായി എത്തിയിരുന്നു. 2025 മെയ് 31-ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നാമമാത്രമാണെന്നാണ് ഉദ്യോഗാർഥികൾ പറഞ്ഞിരുന്നു.