• Wed. Oct 7th, 2026

24×7 Live News

Apdin News

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

Byadmin

Oct 7, 2026



ബാലാഘട്ട്(മധ്യപ്രദേശ്): ദേവറസ് സഹോദരന്മാരുടെ പൂര്‍വിക ഗ്രാമമായ കരംജയില്‍ നേത്രപരിശോധനാകേന്ദ്രവും സ്മൃതിഭവനും സമര്‍പ്പിച്ച് നാഗ്പൂര്‍ മാധവ് നേത്രാലയ ഐ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍. ആര്‍എസ്എസിന്റെ മൂന്നാമത് സര്‍സംഘചാലകായിരുന്ന ബാളാസാഹേബ് ദേവറസിന്റെയും മുതിര്‍ന്ന പ്രചാരകനായിരുന്ന ഭാവുറാവു ദേവറസിന്റെയും ഓര്‍മ്മകള്‍ക്ക് മുന്നിലാണ് സേവാകേന്ദ്രങ്ങളുടെ സമര്‍പ്പണമെന്ന് ചടങ്ങില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു.

പ്രസംഗത്തിനല്ല, പ്രവര്‍ത്തിക്കാണ് പ്രാധാന്യം. പ്രസംഗങ്ങള്‍ എല്ലാവരും മറക്കും. എന്നാല്‍ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ ചിരകാലം നിലനില്‍ക്കും, അദ്ദേഹം പറഞ്ഞു.
ഒരു മഹാനോടുള്ള ആദരവ് ജീവചരിത്രം വായിക്കുകയോ ഓര്‍മ്മിക്കുകയോ ചെയ്യുന്നതില്‍ മാത്രം ഒതുങ്ങരുത്, മറിച്ച്, ആ ജീവിതസന്ദേശം പെരുമാറ്റത്തില്‍ സ്വീകരിക്കണമെന്ന് സര്‍സംഘചാലക് പറഞ്ഞു. സേവന പ്രവര്‍ത്തനങ്ങളില്‍ കൂട്ടായ പങ്കാളിത്തം വേണം. എല്ലാവര്‍ക്കും പങ്കുണ്ടായിരിക്കണം. സാമൂഹിക സേവനം എന്നത് എല്ലാവരുടെയും സഹകരണത്തോടെയും പങ്കാളിത്തത്തോടെയും പുരോഗമിക്കുന്ന ഒരു പ്രവൃത്തിയാണ്. ഏതൊരു സാമൂഹിക പദ്ധതിയുടെയും വിജയത്തില്‍ ഓരോ വ്യക്തിക്കും ചുമതലകളുണ്ട്.

ഒരാള്‍ നേടിയെടുക്കുന്ന അറിവും കഴിവും മാതൃരാജ്യത്തിന്റെയും സമൂഹത്തിന്റെയും പ്രയോജനത്തിനായി ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസവും കഴിവും സമൂഹത്തിനും രാഷ്‌ട്രത്തിനും പ്രയോജനപ്പെടുന്നില്ലെങ്കില്‍, അവ വ്യക്തിപരമായ നേട്ടങ്ങളിലൊതുങ്ങും. രാഷ്‌ട്രത്തിന്റെ ഉന്നമനത്തിനായി നിരവധി മഹത്തുക്കള്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിലര്‍ സ്വാതന്ത്ര്യത്തിനായി പോരാടി, ചിലര്‍ സാമൂഹിക പരിഷ്‌കരണത്തിനായി പ്രവര്‍ത്തിച്ചു, മറ്റുള്ളവര്‍ ദേശീയത, ധര്‍മ്മം, സംസ്‌കാരം എന്നിവയ്‌ക്ക് സംഭാവന നല്‍കി. ഈ എല്ലാ ശ്രമങ്ങളുടെയും ആത്യന്തിക ലക്ഷ്യം രാഷ്‌ട്രത്തിന്റെ ഉന്നമനമായിരുന്നു. മറ്റുള്ളവരുടെ കഷ്ടപ്പാടുകളില്‍ ദുഃഖം തോന്നുകയും അത് ലഘൂകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ മുഖമുദ്രയാണ്, അദ്ദേഹം പറഞ്ഞു.

ട്രസ്റ്റ് പ്രസിഡന്റ് അതുല്‍ ശിരോദ്കര്‍, ആര്‍എസ്എസ് മധ്യക്ഷേത്ര സംഘചാലക് പൂര്‍ണേന്ദു സക്‌സേന, വിദര്‍ഭ പ്രാന്ത സംഘചാലക് ദീപക് താംശേട്ടിവാര്‍, ട്രസ്റ്റിന്റെ സ്ഥാപക പ്രസിഡന്റ് ഡോ. പവന്‍ എന്നിവര്‍ പങ്കെടുത്തു.

By admin