• Wed. Oct 7th, 2026

24×7 Live News

Apdin News

ഷാൾ അണിയിച്ച് രാജീവ് ചന്ദ്രശേഖറും വി.മുരളീധരനും; തലസ്ഥാനത്ത് എത്തിയ ആർ സുഗതന് വൻ സ്വീകരണം

Byadmin

Oct 7, 2026


തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കാപ്പ റദ്ദാക്കി ജയിൽ മോചിതനായി തിരിച്ചെത്തിയ തിരുവനന്തപുരം നഗരസഭ വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ സുഗതന് തലസ്ഥാനത്ത് ഊഷ്മള സ്വീകരണം. സിപിഎം–കോൺഗ്രസ് കൂട്ടുകെട്ടിന്റെ ഭാഗമായി കള്ളക്കേസിൽ കുടുക്കി കാപ്പ ചുമത്തി ജയിലിലടച്ച സുഗതനെ തിരുവനന്തപുരത്ത് നടന്ന സേവ ജ്യോതി യാത്രയിൽ വച്ചായിരുന്നു സ്വീകരിച്ചത്.

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ എംഎൽഎ, മേയർ വിവി രാജേഷ്, ഡെപ്യൂട്ടി മേയർ ഡിഎസ് ആശാനാഥ് തുടങ്ങിയവർ ഷാൾ അണിയിച്ച് സുഗതനെ സ്വീകരിച്ചു. ജയിൽ മോചിതനായ യുഗതൻ ആദ്യമായി പങ്കെടുക്കുന്ന പരിപാടിയാണിത്. എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്കുള്ള ഹൈക്കോടതിയുടെ ഒരു താക്കീതാണ് സുഗതന് അനുകൂലമായ വിധിയെന്ന് ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ പറഞ്ഞു.

സേവനത്തിന്റെയും സമർപ്പണത്തിന്റെയും 25 വർഷങ്ങളെ അനുസ്മരിച്ച് നടന്ന റാലിയിൽ നൂറുകണക്കിന് പ്രവർത്തകർ ആവേശത്തോടെ അണിനിരന്നു. കാപ്പ കേസിലെ കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കിയതോടെ തിരുവനന്തപുരം നഗരസഭാ കൗൺസിലർ ആർ സുഗതൻ ഇന്നലെയാണ് ജയിൽമോചിതനായത്. തൃശൂർ വിയ്യൂർ ജയിലിൽ നിന്നും പുറത്തിറങ്ങിയ സുഗതനെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയടക്കമുളളവരെത്തിയാണ് സ്വീകരിച്ചത്. അദ്ദേഹത്തെ കാത്ത് കുടുംബവും ജയിലിന് പുറത്തുണ്ടായിരുന്നു. ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ ഷാൾ അണിയിച്ചാണ് സുഗതനെ സ്വീകരിച്ചത്.



By admin