• Wed. Oct 7th, 2026

24×7 Live News

Apdin News

PCS ഉദ്യോഗസ്ഥ ചമഞ്ഞ് പഞ്ചാബിലെ ആപ്പ് നേതാവിനെ വിവാഹം കഴിച്ച് സ്വർണ്ണവും പണവുമായി യുവതി മുങ്ങി

Byadmin

Oct 7, 2026


ന്യൂഡൽഹി: പഞ്ചാബിൽ ആം ആദ്മി പാർട്ടി സംസ്ഥാന ജോയിന്റ് സെക്രട്ടറിയെ വ്യാജ വിവരങ്ങൾ നൽകി വിവാഹം കഴിക്കുകയും, മാസങ്ങൾക്കുള്ളിൽ വൻതോതിൽ സ്വർണ്ണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളയുകയും ചെയ്ത് യുവതി. എഎപി നേതാവും സിർഹിന്ദ് മാർക്കറ്റ് കമ്മിറ്റി ചെയർമാനുമായ അമരീന്ദർ സിംഗ് മണ്ടോഫലാണ് താൻ വഞ്ചിക്കപ്പെട്ടതായി കാട്ടി പൊലീസിൽ പരാതി നൽകിയത്.

പി സി എസ് ഉദ്യോഗസ്ഥയാണെന്ന് വ്യാജമായി വിശ്വസിപ്പിച്ചാണ് മൻവീന്ദർ കൗർ എന്ന യുവതിയും കുടുംബവും അമരീന്ദർ സിംഗുമായി അടുപ്പത്തിലായതെന്ന് പരാതിയിൽ പറയുന്നു. താൻ അവിവാഹിതയാണെന്നും വയസ്സ് കുറച്ചും വ്യാജ വിവരങ്ങളാണ് ഇവർ നൽകിയതെന്നും അദ്ദേഹം ആരോപിച്ചു. 2026 ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം. പഞ്ചാബ് നിയമസഭാ സ്പീക്കർ കുൽതാർ സിംഗ് സന്ധ്വാൻ, കാബിനറ്റ് മന്ത്രി തരുൺപ്രീത് സിംഗ് സൗന്ദ് എന്നിവരടക്കം പ്രമുഖ എഎപി നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

വിവാഹശേഷം യുവതി വീട്ടിൽ നിന്ന് വൻതോതിൽ സ്വർണ-വെള്ളി ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നു കളയുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൻവീന്ദർ കൗർ മുൻപ് വിവാഹിതയും വിവാഹമോചിതയുമാണെന്നും ഇവർക്ക് 18 വയസ്സുള്ള ഒരു മകനുണ്ടെന്നും അമരീന്ദർ സിംഗ് മനസ്സിലാക്കിയത്.

നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മൻവീന്ദർ കൗർ, സഹോദരൻ തർലോചൻ സിംഗ്, മാതാവ് വരീന്ദർജിത് കൗർ ഉൾപ്പെടെ ആറ് പേർക്കെതിരെ പൊലീസിൽ കേസ് രജിസ്റ്റർ ചെയ്തു. തർൻ താരൻ ജില്ലയിലെ നിവാസികളാണ് പ്രതികൾ. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.



By admin