അങ്കാര: സൈപ്രസിന് ബ്രഹ്മോസ് വില്‍ക്കാന്‍ ഇന്ത്യ ഒരുങ്ങുമ്പോള്‍ ഇത് തൊണ്ണൂറുകളിലെ ഇരുണ്ട യുഗത്തെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് തുര്‍ക്കി. പാകിസ്ഥാനില്‍ നാശം വിതച്ച ബ്രഹ്മോസിന്റെ താണ്ഡവത്തെ ചെറുക്കാന്‍ കഴിയില്ലെന്നതിനാല്‍ തുര്‍ക്കി വേവലാതിയിലാണ്.
എന്താണ് തൊണ്ണൂറുകളിലെ ഇരുണ്ട ആ യുഗം? 1997ല്‍ സൈപ്രസ് റഷ്യയില്‍ നിന്നും എസ് 300 എന്ന വ്യോമപ്രതിരോധ സംവിധാനം വാങ്ങാന്‍ തീരുമാനിച്ചു. തുര്‍ക്കിയുടെ ആകാശത്തിലെ മേധാവിത്വം തകര്‍ക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതോടെ തുര്‍ക്കി വിരണ്ടു. എസ് 300 റഷ്യ സൈപ്രസിന് നല്‍കിയാല്‍ അത് ഒടുക്കത്തെ യുദ്ധമായി മാറുമെനന് തുര‍്ക്കി പ്രഖ്യാപിച്ചു. അവര്‍ സൈപ്രസിന്റെ അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയച്ചു. ഇതോടെ തുര്‍ക്കി റഷ്യയുമായും ഗ്രീസൂമായും അകന്നു. ഇത് വലിയൊരു യുദ്ധത്തിലേക്ക് നയിക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നു. ഇതിനിടെ തുര്‍ക്കിക്ക് വേണ്ടി അമേരിക്ക റഷ്യയില്‍ ഇടപെട്ടു. എങ്ങിനെയെങ്കിലും ഈ ആയുധക്കച്ചവടം ഒഴിവാക്കണമെന്ന് അപേക്ഷിച്ചു. ഒടുവില്‍ റഷ്യ വഴങ്ങി. സൈപ്രസിന് നല്‍കേണ്ട എസ് 300 ഗ്രീസിലേക്ക് അയച്ചു. അത് ഗ്രീസ് ഉപയോഗിച്ചില്ല. അവരുടെ ആയുധശേഖരത്തില്‍ സൂക്ഷിച്ചു. ഈ കാലഘട്ടത്തെ ഇരുണ്ട യുഗം എന്നാണ് തുര്‍ക്കി വിശേഷിപ്പിക്കുന്നത്.
അന്ന് റഷ്യ എസ് 300 നല്‍കാന്‍ ശ്രമിച്ചതുപോലുള്ള ഒരു സാഹചര്യമാണ് ഇപ്പോള്‍ ഇന്ത്യ ബ്രഹ്മോസ് സൈപ്രസിന് നല‍്കാന്‍ തീരുമാനിച്ചത് വഴി സംജാതമായിരിക്കുന്നത് എന്നാണ് തുര്‍ക്കിയുടെ വാദം. മാത്രമല്ല, ബ്രഹ്മോസ് സൈപ്രസിന് നല്‍കിയേക്കും എന്ന വാര്‍ത്ത വന്നതോടെ തുര‍്ക്കിയുടെ വിദേശകാര്യമന്ത്രി ഹകാന്‍ ഫിദാന്‍ സിംഗപ്പൂരില്‍ നടന്ന ഒരു യോഗത്തില്‍ ഇന്ത്യയും തുര്‍ക്കിയും തമ്മിലുളള സൗഹൃദത്തെക്കുറിച്ച് പ്രത്യേകിച്ച് എടുത്തുപറഞ്ഞിരിക്കുകയാണ്. ഓപ്പറേഷന്‍ സീന്ദൂര്‍ സമയത്ത് പാകിസ്ഥാന് വേണ്ടി തുര്‍ക്കി ഡ്രോണുകളും മിസൈലുകളും നല്‍കിയിരുന്നു. ആയുധങ്ങളടങ്ങിയ തുര്‍ക്കി കപ്പല്‍ പാകിസ്താനില്‍ എത്തിയിരുന്നു. ഇതാണ് ഇന്ത്യയെ തുര്‍ക്കിയുടെ ശത്രുവാക്കിയത്. എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ പാകിസ്ഥാനുമായുള്ള ബന്ധത്തിനര്‍ത്ഥം തുര്‍ക്കി ഇന്ത്യയുടെ ശത്രുവാണെന്നല്ലെന്നും തുര്‍ക്കി വിദേശകാര്യമന്ത്രി പറയുന്നു.