ന്യൂദല്‍ഹി: യുദ്ധ സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ ഫലം പ്രഖ്യാപിക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ചില നയങ്ങള്‍ രൂപീകരിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. പന്ത്രണ്ടാം ക്ലാസ് ഇംപ്രൂവ്മെന്റ് പരീക്ഷാ ഫലം പ്രഖ്യാപിക്കാന്‍ സിബിഎസ്ഇയോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സൗദി അറേബ്യയില്‍ നിന്നുള്ള ഒരു വിദേശ വിദ്യാര്‍ത്ഥി സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും കേള്‍ക്കും.
നിലവിലുള്ള യുദ്ധ സാഹചര്യം കാരണം നിരവധി ഗള്‍ഫ് രാജ്യങ്ങളിലെ പരീക്ഷകള്‍ റദ്ദാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക മൂല്യനിര്‍ണ്ണയ പദ്ധതി തയ്യാറാക്കിയിട്ടും സിബിഎസ്ഇ ചിലരുടെ ഫലം പ്രഖ്യാപിക്കാത്തതിനെ ചോദ്യം ചെയ്ത് പ്രാന്‍സു ജിഗാര്‍കുമാര്‍ പട്ടേല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്് സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയത്.
യുദ്ധവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ കാരണം ബഹ്റൈന്‍, ഇറാന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ നിരവധി പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ സിബിഎസ്ഇ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഫലപ്രഖ്യാപനത്തിനായി മറ്റൊരു വിലയിരുത്തല്‍ രീതി പ്രഖ്യാപിച്ചു. ഇതു പ്രകാരം, പരീക്ഷ മുടങ്ങിയ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ രേഖകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്താനാണ് നിര്‍ദേശിച്ചത്. 80 അല്ലെങ്കില്‍ 70 തിയറി മാര്‍ക്ക് ഉള്ള വിഷയങ്ങള്‍ക്ക്, പാദവാര്‍ഷിക പരീക്ഷകളിലെയും അര്‍ദ്ധവാര്‍ഷിക പരീക്ഷകളിലെയും അവസാന പ്രീ-ബോര്‍ഡ് പരീക്ഷകളിലെയും പ്രകടനം വിലയിരുത്തി, മൂന്ന് സ്‌കോറുകളില്‍ ഏറ്റവും മികച്ചത് അന്തിമ ഫലത്തിനായി പരിഗണിക്കാനായിരുന്നു നിര്‍ദേശം. ഈ മൂല്യനിര്‍ണ്ണയത്തില്‍ അതൃപ്തിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബന്ധപ്പെട്ട വിഷയങ്ങളില്‍ വീണ്ടും പരീക്ഷ എഴുതാന്‍ അവസരം നല്‍കാമെന്നും വ്യവസ്ഥ ചെയ്തിരുന്നു.