• Thu. Jul 24th, 2025

24×7 Live News

Apdin News

സൈബര്‍ ക്രൈമുകള്‍ കൈകാര്യം ചെയ്തു പഠിച്ചു ; അതേവഴി ഉപയോഗിച്ച് എസ്‌ഐമാര്‍ തട്ടിയത് രണ്ടുകോടി രൂപ….!!

Byadmin

Jul 23, 2025


സൈബര്‍ ക്രൈമുകള്‍ കൈകാര്യം ചെയ്തിരുന്ന പോലീസുകാര്‍ തന്നെ രണ്ടു കോടിയുടെ സൈബര്‍തട്ടിപ്പ് നടത്തിയതിന് അറസ്റ്റില്‍. ഡല്‍ഹി പോലീസിലെ ഒരു പുരുഷ എസ്‌ഐയും ലേഡി എസ്‌ഐ യുമാണ് അറസ്റ്റിലായത്. നാലുമാസത്തോളം പോലീസിനെ വെട്ടിച്ചു നടന്ന ഇരുവരും ഒടുവില്‍ കഴിഞ്ഞദിവസം ഇന്‍ഡോറില്‍ വെച്ച് അറസ്റ്റിലായി. എസ്‌ഐ അങ്കുര്‍ മാലിക്കും സഹപ്രവര്‍ത്തക നേഹ പുനിയയുമാണ് അറസ്റ്റിലായത്. ഇരുവരും വ്യാജ ഐഡന്റിറ്റിയില്‍ തട്ടിപ്പ് നടത്തുകയും മുങ്ങിനടക്കുകയുമായിരുന്നു.

സൈബര്‍ തട്ടിപ്പ് അന്വേഷണത്തില്‍ നിന്ന് പിടിച്ചെടുത്ത ഫണ്ടുകള്‍ ശരിയായ ഇരകള്‍ക്ക് കൈമാറുന്നതിനു പകരം വിപുലമായ പദ്ധതി ആസൂത്രണം ചെയ്തു ആ പണം സ്വന്തം പോക്കറ്റിലേക്ക് ഇടുകയായിരുന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സൈബര്‍ പോലീസ് സ്റ്റേഷനില്‍ നിയമിതനായ എസ്‌ഐ മാലിക്കിന് സൈബര്‍ ക്രൈം നെറ്റ്വര്‍ക്കുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നേരത്തെ തന്നെ പരിചയമുണ്ടായിരുന്നു. എന്നാല്‍ വ്യാജ പരാതിക്കാരെ ഉപയോഗിച്ച് പിടിച്ചെടുത്ത പണം വിട്ടുനല്‍കാന്‍ കോടതി ഉത്തരവുകള്‍ നേടിയ മാലിക് പിന്നീട് തന്റെ കൂട്ടാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് രണ്ട് കോടിയിലധികം രൂപ വകമാറ്റിയതായി ഡല്‍ഹി പോലീസ് പറഞ്ഞു.

ഫണ്ട് ലഭിച്ചപ്പോള്‍, അദ്ദേഹം മെഡിക്കല്‍ അവധിയില്‍ പോയി അപ്രത്യക്ഷനായി. അതേ സമയം, ജിടിബി എന്‍ക്ലേവ് പോലീസ് സ്റ്റേഷനില്‍ പോസ്റ്റ് ചെയ്ത 2021 ബാച്ചിലെ നേഹപുനിയയും ഇതേ സമയം അപ്രത്യക്ഷമായതോടെയാണ് പോലീസുകാര്‍ അപകടം മണത്തത്. വേറെ വിവാഹം കഴിച്ചിരുന്ന ഇരുവരും പോലീസ് പരിശീലനത്തിനിടെ മോഷണം ആസൂത്രണം ചെയ്തിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു.

തിരികെ ഡ്യൂട്ടിക്ക് കയറുന്നതിന് പകരം മോഷ്ടിച്ച പണം ഉപയോഗിച്ച് അവര്‍ ഗോവ, മണാലി, കാശ്മീര്‍ തുടങ്ങിയ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്തു. പണം ക്ലെയിം ചെയ്യപ്പെടാതെ കിടക്കുമെന്ന് അറിയാമായിരുന്നതിനാല്‍ വ്യാജ രേഖകള്‍ ചമച്ച് വ്യാജ പരാതിക്കാരുടെ പേരില്‍ മോചിപ്പിക്കുകയായിരുന്നതായി ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പിന്നീട്, ഇന്‍ഡോറില്‍ എത്തിയ ശേഷം, ട്രാക്കിംഗ് ബുദ്ധിമുട്ടായതിനാല്‍ പണത്തിന് പകരമായി അവര്‍ സ്വര്‍ണ്ണം വാങ്ങി.

വ്യാജ ഐഡികള്‍ സൃഷ്ടിച്ച് മധ്യപ്രദേശിലെ മലയോര പ്രദേശങ്ങളില്‍ താമസമാക്കാനായിരുന്നു അവരുടെ പദ്ധതി. എന്നിരുന്നാലും, ഗ്രൗണ്ട് ലെവല്‍ ഇന്റലിജന്‍സും സാങ്കേതിക നിരീക്ഷണവും ഉപയോഗിച്ച് പോലീസ് ഇരുവരെയും ഇന്‍ഡോറില്‍ വെച്ച് പൊക്കി. ഇവരില്‍ നിന്ന് ഒരു കോടിയിലേറെ വിലമതിക്കുന്ന സ്വര്‍ണവും 12 ലക്ഷം രൂപയും പണവും 11 മൊബൈല്‍ ഫോണുകളും ലാപ്ടോപ്പും മൂന്ന് എടിഎം കാര്‍ഡുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും പോലീസ് കണ്ടെടുത്തു. കണ്ടെത്താതിരിക്കാനും പണം എളുപ്പം കൈമാറ്റം ചെയ്യാനും വേണ്ടിയാണ് സ്വര്‍ണം പ്രത്യേകമായി വാങ്ങിയതെന്ന് പോലീസ് വെളിപ്പെടുത്തി.

ബാങ്ക് അക്കൗണ്ടുകള്‍ പണം കൈമാറ്റം ചെയ്യാന്‍ അനുവദിച്ചതിന് മുഹമ്മദ് ഇല്യാസ്, ആഫി എന്ന മോനു, ഷദാബ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ഏപ്രിലില്‍ ഇന്റേണല്‍ ഓഡിറ്റിങ്ങിനിടെ കോടതി ഉത്തരവിട്ട റീഫണ്ട് രേഖകളിലെ പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കേസ് വെളിയില്‍ വന്നത്. എസ്‌ഐ മാലിക്കിന്റെ ഭാര്യ ഉത്തര്‍പ്രദേശിലെ ബരൗട്ടിലാണ് താമസിക്കുന്നത്. മിസ് പുനിയയുടെ ഭര്‍ത്താവ് ഡല്‍ഹിയിലെ രോഹിണി ഏരിയയിലും. തട്ടിപ്പില്‍ മറ്റുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും കൂടുതല്‍ സ്വത്തുക്കള്‍ ഒളിപ്പിച്ചിട്ടുണ്ടോയെന്നും കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്.

By admin