ലണ്ടന്‍: സ്പാനിഷ് മധ്യനിര താരം മാര്‍ട്ടിന്‍ സുബിമെന്‍ഡിയെ ആഴ്‌സണല്‍ സ്വന്തമാക്കി. 60 ദശലക്ഷം പൗണ്ടിനാണ് സ്പാനിഷ് ക്ലബ്ബ് റയല്‍ സോസിദാദില്‍ നിന്നും ആഴ്‌സണല്‍ നേടിയെടുത്തത്. 26കാരനായ സുബിമെന്‍ഡിയുമായി അഞ്ച് വര്‍ഷത്തേക്ക് ആഴ്‌സണല്‍ കരാര്‍ ഒപ്പുവച്ചു.
റയല്‍ സോസിദാദിനായി 236 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള സുബിമെന്‍ഡി സ്പാനിഷ് ദേശീയ ടീമിന് വേണ്ടിയും മികച്ച പ്രകടനങ്ങള്‍ കാഴ്‌ച്ചവച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം യൂറോ കപ്പ് ഫൈനലിലും സുബിമെന്‍ഡിയുടെ മധ്യനിരയിലെ പ്രകടനം ഇംഗ്ലണ്ടിനെതിരായ സ്പാനിഷ് വിജയത്തില്‍ നിര്‍ണായകമായിരുന്നു.
സീസണില്‍ ആഴ്‌സണലിന്റെ രണ്ടാമത്തെ സൈനിങ് ആണിത്. ചെല്‍സി ഗോള്‍ കീപ്പര്‍ കെപ്പ അറിസാബാലാഗയെ ആണ് ആഴ്‌സണല്‍ ഇത്തവണ ആദ്യം സ്വന്തമാക്കിയ താരം. സ്‌പോര്‍ട്ടിങ്ങിലെ വിക്ടര്‍ ഗ്യോക്കെറെസുമായി ആഴ്‌സണല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 70 ദശലക്ഷം പൗണ്ടിന് എത്തിക്കാനാണ് ആലോചന.