• Sat. Oct 24th, 2026

24×7 Live News

Apdin News

സ്പെയിനിന്റെ ‘നൊബേൽ’ പൊൻകിരീടം ലയണൽ മെസ്സിക്ക്; ചരിത്രനേട്ടം സ്വന്തമാക്കുന്ന ആദ്യ ഫുട്ബോൾ താരം!

Byadmin

Oct 23, 2026


സ്പെയിൻ:ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കിരീടനേട്ടങ്ങളിൽ മറ്റൊരർഹമായ അംഗീകാരം കൂടി. സ്പെയിനിന്റെ ഏറ്റവും അബിമാനകരമായ പുരസ്കാരങ്ങളിലൊന്ന് സ്വന്തമാക്കി മെസ്സി വീണ്ടും ചരിത്രം കുറിച്ചിരിക്കുകയാണ്.

കായികരംഗത്തെ മികവിന് നൽകുന്ന സ്പെയിനിന്റെ ‘പ്രിൻസസ് ഓഫ് അസ്റ്റൂറിയാസ് അവാർഡ്’ (Princess of Asturias Award) ലയണൽ മെസ്സിക്ക് ലഭിക്കുകയുണ്ടായി.

സ്പെയിനിന്റെ നൊബേൽ സമ്മാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ഉന്നത ബഹുമതി വ്യക്തിഗതമായി നേടുന്ന ആദ്യ ഫുട്ബോൾ കളിക്കാരനെന്ന ചരിത്ര നേട്ടമാണ് അർജന്റീനിയൻ സൂപ്പർ താരം സ്വന്തമാക്കിയിരിക്കുന്നത്.

സ്പാനിഷ് രാജകുടുംബം നേരിട്ട് നൽകുന്ന ഈ പുരസ്കാരം, അതാത് മേഖലകളിലും സമൂഹത്തിലും സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിക്കുന്നതിനായാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഫുട്ബോളിലെ ചരിത്രവും സ്പെയിനുമായുള്ള ബന്ധവും

ചരിത്രത്തിൽ ഇതിനുമുമ്പ് ഫുട്ബോൾ രംഗത്തുനിന്ന് ചിലർക്ക് ഈ പുരസ്കാരം ലഭിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം സംയുക്തമായാണ് നൽകിയിരുന്നത്.

2010-ൽ ഫിഫ ലോകകപ്പ് വിജയത്തിന് ശേഷം സ്പാനിഷ് ദേശീയ ടീമിനും, 2012-ൽ സ്പാനിഷ് ഫുട്ബോൾ ഇതിഹാസങ്ങളായ ഐക്കർ കാസിലാസ്, സാവി ഹെർണാണ്ടസ് എന്നിവർക്കും സംയുക്തമായാണ് ഈ അവാർഡ് ലഭിച്ചിട്ടുള്ളത്.

എന്നാൽ ആദ്യമായാണ് ഒരു ഫുട്ബോൾ താരം വ്യക്തിഗതമായി ഈ സുവർണ്ണ നേട്ടത്തിന് അർഹനാകുന്നത്.

അർജന്റീനയെ അന്താരാഷ്ട്ര തലത്തിൽ പ്രതിനിധീകരിക്കുമ്പോഴും മെസ്സിക്ക് സ്പാനിഷ് പൗരത്വമുണ്ട്. തന്റെ 13-ാം വയസ്സിൽ ബാഴ്സലോണയുടെ പ്രശസ്തമായ ‘ലാ മാസിയ’ അക്കാദമിയിൽ ചേരാനായാണ് മെസ്സി സ്പെയിനിലേക്ക് ചേക്കേറിയത്.

2005 സെപ്റ്റംബറിൽ സ്പാനിഷ് പാസ്‌പോർട്ട് നേടിയ മെസി, കരിയറിന്റെ സിംഹഭാഗവും ചെലവഴിച്ചതും കറ്റാലൻ വമ്പന്മാർക്കൊപ്പമുള്ള സുവർണ്ണ കാലഘട്ടം ആഘോഷിച്ചതും സ്പെയിന്റെ മണ്ണിലാണ്.

മെസ്സിയുടെ വിസ്മയകരമായ കരിയർ നേട്ടങ്ങൾ

ആധുനിക ഫുട്ബോളിന്റെ മുഖം തന്നെ മാറ്റിമറിച്ച മെസ്സിയുടെ അസാധാരണ കരിയറിലെ പൊൻതൂവലാണ് ഈ പുരസ്കാരം.

റെക്കോർഡുകൾ

47 കിരീടങ്ങളുമായി ലോകത്ത് ഏറ്റവും കൂടുതൽ ടീം ട്രോഫികൾ നേടിയ താരം.

ബാഴ്സലോണയ്ക്കൊപ്പം 10 ലാ ലിഗ കിരീടങ്ങളും 4 യുവേഫ ചാമ്പ്യൻസ് ലീഗ് വിജയങ്ങളും.

അർജന്റീനയ്ക്കൊപ്പം 2022 ഫിഫ ലോകകപ്പ് വിജയവും കോപ്പ അമേരിക്ക കിരീടങ്ങളും.

എട്ട് ബാലൺ ഡി ഓർ പുരസ്കാരങ്ങളും ആറ് യൂറോപ്യൻ ഗോൾഡൻ ബൂട്ടുകളും.

ഔദ്യോഗിക സീനിയർ കരിയറിൽ 936 ഗോളുകൾ.

ഫുട്ബോളിന് മെസ്സി നൽകിയ അവിസ്മരണീയ സംഭാവനകളെയും, കായിക ലോകം കണ്ട എക്കാലത്തെയും മികച്ച കളിക്കാരനായി അദ്ദേഹം വളർന്ന സ്പെയിനുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധത്തെയുമാണ് ഈ പുരസ്കാരം അംഗീകരിക്കുന്നത്.







By admin