ന്യൂദല്‍ഹി: സര്‍ക്കാരിന്റെ നയങ്ങളുടെയും സംരംഭങ്ങളുടെയും കേന്ദ്രബിന്ദു യുവജനങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരത് മണ്ഡപത്തില്‍ വെളളിയാഴ്ച നടന്ന ചിന്മയ അമൃത് മഹോത്സവ് ആഗോള സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.കഴിഞ്ഞ 25 വര്‍ഷമായി, സര്‍ക്കാരിന്റെ തലവന്‍ എന്ന നിലയില്‍ താന്‍ കഴിവിന്റെ പരമാവധി രാഷ്‌ട്രത്തെ സേവിച്ചുവരികയാണെന്ന് മോദി പറഞ്ഞു.
രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെ പുതിയ ഭാരതത്തിന്റെ ആവശ്യങ്ങളുമായി സമന്വയിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസ നയം അവതരിപ്പിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാരതത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെയും അറിവുകളെയും മാതൃഭാഷയിലും ആധുനിക ശാസ്ത്രത്തില്‍ ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളിലും വിദ്യാഭ്യാസം നല്‍കുന്നതിലൂടെ ഈ നയം ഊന്നിപ്പറയുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വികസനത്തിന്റെയും രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുന്നതിന്റെയും പൊതു ലക്ഷ്യങ്ങള്‍ക്കായി എല്ലാ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിഭജന ശക്തികള്‍ക്കെതിരെ സമൂഹത്തെ ഒന്നിപ്പിക്കേണ്ടതിന്റെയും സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും 2047 ഓടെ വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള ദൃഢനിശ്ചയത്തില്‍ ഓരോ പൗരനെയും ഉള്‍പ്പെടുത്തേണ്ടതിന്റെയും ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനിടെ മോഷ്ടിക്കപ്പെട്ട 650-ലധികം പുരാതന വിഗ്രഹങ്ങളും പുരാവസ്തുക്കളും വിദേശത്ത് നിന്ന് ഭാരതത്തിലേക്ക് തിരികെ കൊണ്ടുവന്നതായി പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം പുനഃസ്ഥാപിക്കപ്പെട്ടു വരികയാണെന്നും അതിന്റെ സാംസ്‌കാരിക കേന്ദ്രങ്ങള്‍ക്ക് ആഗോളതലത്തില്‍ അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ സാംസ്‌കാരിക കേന്ദ്രങ്ങള്‍ യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
1951-ല്‍ സ്വാമി ചിന്മയാനന്ദ സ്ഥാപിച്ച ആഗോള ആത്മീയ പ്രസ്ഥാനമായ ചിന്മയ മിഷന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ പരിസമാപ്തിയാണ് ഇത്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി ഭഗവദ്ഗീതയുടെ തമിഴ് പതിപ്പ് പുറത്തിറക്കിയതോടെയാണ് ഒരു വര്‍ഷം നീണ്ടുനിന്ന ആഘോഷങ്ങള്‍ ആരംഭിച്ചത്. പതിറ്റാണ്ടുകളായി, ആത്മീയ വിദ്യാഭ്യാസം, സാംസ്‌കാരിക സംരക്ഷണം, യുവജന ശാക്തീകരണം, സമൂഹ സേവനം എന്നിവയിലുടെ ചിന്മയ മിഷന്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചു.