പിറ്റ്‌സ് ബര്‍ഗ് സര്‍വകലാശാലയിലെ ഗവേഷകര്‍ സ്വന്തമായി മിടിക്കാന്‍ കഴിവുള്ള ഹൃദയം വികസിപ്പിച്ചെടുത്തതായി അവകാശപ്പെടുന്നു. ശ്വാസകോശം, കരള്‍ തുടങ്ങിയ കള്‍ച്ചര്‍ ചെയ്ത അവയവങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഹൃദയത്തെ രൂപപ്പെടുത്തിയെടുക്കുക ഏറെ ബുദ്ധിമുട്ടുള്ള പ്രക്രിയയാണ്. ഇന്‍ഡ്യൂസ് ചെയ്ത പ്ലൂറിപൊട്ടന്റ് സ്റ്റെം സെല്ലുകളുടെ സഹായത്തോടെയാണ് അപൂര്‍ണമെങ്കിലും ആശാവഹമായ ഈ പരീക്ഷണത്തിന് ഗവേഷകര്‍ തുടക്കമിട്ടത്. ഗുരുതരമായ രോഗങ്ങള്‍മൂലം അവയവ മാറ്റിവയ്‌ക്കല്‍ എന്ന ഏക രക്ഷാദൗത്യത്തിനായി അലയുന്ന രോഗികളെ സംബന്ധിച്ചിടത്തോളം അല്പം പ്രതീക്ഷ നല്‍കുന്നതാണ്, അപൂര്‍ണമെങ്കിലും ഈ മുന്നേറ്റം.
അതുപോലെതന്നെയാണ് നഷ്ടപ്പെട്ട അവയവം പുനര്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച് ടെക്‌സസ് എ &എം സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തുന്ന പരീക്ഷണങ്ങള്‍, നവജാത എലിയുടെ ഛേദിക്കപ്പെട്ട വിരലുകള്‍ പുനര്‍ജനിപ്പിക്കുന്നതില്‍ സര്‍വകാലാശാലയിലെ ഡോ.കെന്‍ മുനിയോകയുടെ നേതൃത്വത്തിലുള്ള സംഘം വിജയം വരിച്ചിരിക്കുന്നു. സസ്തനികളുടെ ഛേദിക്കപ്പെട്ട അവയവങ്ങള്‍ പുനര്‍ജനിപ്പിക്കാന്‍ സാധിക്കില്ല എന്ന സങ്കല്പത്തെയാണ് മുനിയോക വെല്ലുവിളിച്ച് വിജയം നേടിയത്.
അവയവം മാറ്റിവയ്‌ക്കല്‍ കാത്തിരിക്കുന്ന രോഗികളെ സഹായിക്കുന്നതിനായി കുത്തിവയ്‌ക്കാന്‍ കഴിയുന്ന ‘സാറ്റലൈറ്റ് കരളുകള്‍’ക്ക് രൂപം നല്‍കിയതാണ് ആശയണര്‍ത്തുന്ന മറ്റൊരു വാര്‍ത്ത. ട്രാന്‍സ്പ്ലാന്റ് അഥവാ അവയവ മാറ്റം മാത്രം ഏകരക്ഷയെന്ന് വിധിക്കപ്പെട്ട് കാത്ത് കഴിയുന്ന രോഗികളെ സംബന്ധിച്ചിടത്തോളം ആശാകിരണം പകരുന്ന ഈ കണ്ടുപിടുത്തം നടത്തിയത് എംഐടിയിലെ ബയോ എഞ്ചിനിയര്‍മാരുടെ സംഘമാണ്. പുതിയ അവയവത്തിനു പകരം ലളിതമായ ഒരു സിറിഞ്ച് ഉപയോഗിച്ച് രോഗിയുടെ ഉള്ളിലേക്ക് നേരിട്ട് കുത്തിവയ്‌ക്കാന്‍ കഴിയുന്ന മിനിലിവര്‍ അവര്‍ രൂപപ്പെടുത്തിയിരിക്കുന്നു. രോഗബാധിതമായ അവയവം അതേപടി നിലനിര്‍ത്തിക്കൊണ്ട് ഈ കോശങ്ങളെ ശരീരത്തിലേക്ക് കൃത്യമായി എത്തിച്ചാല്‍ ഒരു ബൂസ്റ്റര്‍ പോലെ അത് പ്രവര്‍ത്തിക്കുമെന്ന് പഠനസംഘം മേധാവി പ്രൊഫ. സംഗീത ഭാട്ടിയ അവകാശപ്പെടുന്നു.