ജിദ്ദ: സൗദിയിൽ വിദേശികൾക്ക് ഭൂമി വാങ്ങാൻ അവസരം ഒരുക്കുന്ന നിയമത്തിന് രൂപരേഖയായി. അടുത്ത വർഷം ആദ്യത്തോടെ നിയമം പ്രാബല്യത്തിലാകും. മക്ക മദീന പ്രദേശങ്ങളിൽ ഭൂമി വാങ്ങുന്നതിന് വിദേശികൾക്ക് അനുമതി ഉണ്ടാകില്ല.
നിയമാനുസൃതമായി താമസിക്കുന്ന വിദേശികൾക്കും, നിക്ഷേപകർക്കും, വിദേശ കമ്പനികൾക്കുമാണ് അവസരമൊരുക്കുന്നത്. 2025 ജൂലൈ എട്ടിന് മന്ത്രിസഭ അംഗീകരിച്ച നിയമം അടുത്തവർഷം ജനുവരി മുതൽ പ്രാബല്യത്തിൽ വരും. 15 വകുപ്പുകൾ ഉൾക്കൊള്ളുന്നതാണ് പുതിയ നിയമം. ഇത് പ്രകാരം സൗദിയിലെ ചില പ്രദേശങ്ങളിൽ ഭൂമി വാങ്ങുന്നതിനും, ഉടമസ്ഥാവകാശങ്ങൾ നേടുന്നതിനും അവസരം ലഭിക്കും.
ഏതെല്ലാം പ്രദേശങ്ങളിൽ ഭൂമി കൈവശപ്പെടുത്താൻ കഴിയുമെന്നും ഉപയോഗിക്കാവുന്ന കാലാവധിയും മന്ത്രിസഭ തീരുമാനിക്കും. എംബസികൾക്കും അന്താരാഷ്‌ട്ര സ്ഥാപനങ്ങൾക്കും ഔദ്യോഗിക കെട്ടിടങ്ങളും വസതികളും സ്വന്തമാക്കാം. ഇടപാടുകളുടെ മൂല്യത്തിൽ അഞ്ചു ശതമാനം ഫീസ് ആയി നൽകണം. തെറ്റായ വിവരങ്ങൾ നൽകി ഭൂമി സ്വന്തമാക്കിയാൽ 10 മില്യൺ റിയാൽ വരെ പിഴ ഒടുക്കേണ്ടിവരും. നിയമത്തിന്റെ പൂർണ്ണമായ രൂപം 180 ദിവസത്തിനകം തയ്യാറാക്കി പ്രഖ്യാപിക്കും.