തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ശസ്ത്രക്രിയകൾ നിരന്തരം മാറ്റിവയ്ക്കുകയാണെന്ന ആരോപണങ്ങളിൽ ഉറച്ച് യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ഹസൻ. പ്രശ്നത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപിക്കാൻ സർക്കാർ നിയോഗിച്ച നാലംഗ സമിതി ഹാരിസിന്റെയും വകുപ്പ് മേധാവികളുടെയും മൊഴി രേഖപ്പെടുത്തി. സമിതി സർക്കാരിന് ഉടനെ റിപ്പോർട്ട് നൽകും. സർക്കാർ സംവിധാനങ്ങളിലെ വീഴ്ചയെക്കുറിച്ച് ഡോ.ഹാരിസ് സമൂഹമാധ്യമത്തിൽ തുറന്നടിച്ചതോടെയാണ് സമിതിയെ നിയോഗിച്ചത്.
വർഷങ്ങളായി പ്രശ്നമുണ്ടെന്ന് ഡോ.ഹാരിസും വകുപ്പ് മേധാവികളും സമിതിയെ അറിയിച്ചു. പ്രശ്നങ്ങളില്ലെന്ന് ആശുപത്രി പ്രിൻസിപ്പലും സൂപ്രണ്ടും നിലപാടെടുത്തു. സർക്കാർ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കാത്തതാണ് വലിയ വീഴ്ച ഉണ്ടാക്കുന്നതെന്ന് ഹാരിസ് സമിതിയോട് പറഞ്ഞു. ഉപകരണങ്ങൾ വാങ്ങുന്നതില്‍ വീഴ്ചയുണ്ട്. രോഗികളാണ് പണം പിരിച്ച് ഉപകരണങ്ങൾ വാങ്ങുന്നത്. അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ഹാരിസ് പറഞ്ഞു.
വൃക്കയിലെ കല്ലു നീക്കംചെയ്യുന്ന ഉപകരണത്തിന്റെ ഘടകമായ 4 ലിത്തോക്ലാസ്റ്റ് പ്രോബിനുവേണ്ടി ഡോ.ഹാരിസ് മാസങ്ങളായി അധികാരികൾക്കു പിന്നാലെയായിരുന്നു. ആശുപത്രി വികസന സമിതി (എച്ച്ഡിഎസ്) വഴിയാണ് ഹൈദരാബാദിലെ കമ്പനിയിൽനിന്ന് ഉപകരണം വാങ്ങേണ്ടത്. ഒരു ലക്ഷത്തിലേറെ ചെലവഴിക്കണമെങ്കിൽ എച്ച്ഡിഎസിന്റെ ചുമതലയുള്ള കലക്ടറുടെ അനുമതി വേണം. ഡോ.ഹാരിസ് ഏറെ നിർബന്ധിച്ച ശേഷമാണു ഫയൽ കലക്ടർക്ക് അയച്ചത്. അവിടെയും തീരുമാനം വൈകി. ഒടുവിൽ ഫയൽ തിരികെ എത്തിയപ്പോൾ ഉപകരണത്തിന്റെ വില 32,000 രൂപയിൽനിന്നു 41,000 രൂപയായി. ഇതേതുടർന്നാണ് സമൂഹമാധ്യമത്തിൽ ഹാരിസ് പോസ്റ്റിട്ടത്. ഇക്കാര്യങ്ങളും ഹാരിസ് സമിതിയെ അറിയിച്ചു. വീഴ്ചകൾ വകുപ്പ് മേധാവികളും ചൂണ്ടിക്കാട്ടി.
ആലപ്പുഴ ഗവ.മെഡിക്കൽ കോളജ് പ്രിന്‍സിപ്പൽ ഡോ.ബി.പത്മകുമാർ, നെഫ്രോളജി വിഭാഗം മേധാവി ഡോ. എസ്. ഗോമതി, കോട്ടയം ഗവ. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാർ, യൂറോളജി വിഭാഗം മേധാവി ഡോ.രാജീവൻ അമ്പലത്തറക്കൽ എന്നിവരാണ് സമിതി അംഗങ്ങൾ.