ഷില്ലോങ്ങ് : മേഘാലയയില്‍ ഹണിമൂണിനിടെ ഭര്‍ത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി സോനം രഘുവംശിക്ക് വിചാരണ കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കി. സോനം രഘുവംശിയോട് മൂന്ന് ആഴ്ചയ്‌ക്കുള്ളില്‍ കീഴടങ്ങാന്‍ കോടതി നിര്‍ദ്ദേശിച്ചു. ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയായില്ലെങ്കില്‍ ജാമ്യത്തിനായി അപേക്ഷിക്കാമെന്ന് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ് , പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി .
2025 മെയില്‍ ഈസ്റ്റ് ഖാസി ഹില്‍സില്‍ ഹണിമൂണിനിടെ ഭര്‍ത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് സോനം രഘുവംശിക്കെതിരെയുള്ള കുറ്റം. ജൂണില്‍ ഇവരെ അറസ്റ്റ് ചെയ്തു. കേസില്‍ വിചാരണ നടക്കുകയാണ്.
2026 ഏപ്രിലില്‍, അറസ്റ്റിന്റെ കാരണങ്ങള്‍ ഫലപ്രദമായി അറിയിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ സെഷന്‍സ് കോടതി സോനത്തിന് ജാമ്യം അനുവദിച്ചത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഇപ്പോള്‍ സുപ്രീം കോടതി വിധി.