• Sat. Jul 18th, 2026

24×7 Live News

Apdin News

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

Byadmin

Jul 18, 2026


ഹൈഡ്രജന്‍ ശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ഭാരതത്തിലെ ആദ്യത്തെ ട്രെയിന്‍ യാത്രയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചതോടെ ഭാരത റെയില്‍വേയുടെ ചരിത്രത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ പുതിയൊരു യുഗം പിറന്നിരിക്കുകയാണ്. ഉത്തര റെയില്‍വേയുടെ കീഴില്‍ ഹരിയാനയിലെ 89 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ജിന്ത്-സോനിപത്ത്് റൂട്ടിലാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുക. ഭാരതത്തില്‍ ആദ്യമായാണ് ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്ലുകള്‍ ഉപയോഗിക്കുന്നതിനാല്‍ ഡീസല്‍ ട്രെയിനുകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക മാലിന്യങ്ങള്‍ക്ക് കൃത്യവും ബൃഹത്തുമായ ഒരു പരിഹാരമാണിത്. ഈ പദ്ധതിയില്‍ ഹൈഡ്രജന്‍ സംഭരണവും ഇന്ധനം നിറയ്‌ക്കുന്നതിനുള്ള സൗകര്യങ്ങളും ഉള്‍പ്പെടുന്നു. പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യ ട്രെയിനില്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയിട്ടുള്ള പ്രതികരണം ശ്രദ്ധേയമാണ്.

ഇത്തരം ട്രെയിനുകളുള്ള അപൂര്‍വം രാജ്യങ്ങളുടെ കൂട്ടത്തില്‍ ഭാരതവും ഇടം നേടിയിരിക്കുന്നു. റെയില്‍വേ മേഖലയിലെ ഹരിത സാങ്കേതികവിദ്യ ഭാരതം സ്വീകരിക്കുന്നത് വലിയ മുന്നേറ്റമാകുമെന്നാണ് പ്രധാനമന്ത്രി പ്രതികരിച്ചത്.

ഹൈഡ്രജന്‍ സാങ്കേതികവിദ്യ പരീക്ഷിക്കുന്നത് ഭാരതത്തിലെ പരിസ്ഥിതി സൗഹൃദ റെയില്‍ യാത്രയില്‍ പുതിയ അധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കും. ഹൈഡ്രജന്‍ ട്രെയിനിന്റെ സവിശേഷതകള്‍ നിരവധിയാണ്. 10 കോച്ചുകളുള്ള ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ അധിഷ്ഠിത ട്രെയിനാണിത്. 1200 കിലോവാട്ട് ശേഷിയുള്ള ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ പ്രൊപ്പല്‍ഷന്‍ സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മണിക്കൂറില്‍ പരമാവധി 75 കിലോമീറ്റര്‍ വേഗതയില്‍ ഓടാനുള്ള അനുമതിയാണ് ലഭിച്ചിട്ടുണ്ട്. 110 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ കഴിയും.

ഏകദേശം 2,600 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുണ്ട്. ലോകത്ത് അപൂര്‍വ്വം രാജ്യങ്ങളില്‍ മാത്രമാണ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ട്രെയിനുകള്‍ ഉള്ളത്. ജര്‍മ്മനി, ജപ്പാന്‍, ചൈന, അമേരിക്ക എന്നിവയാണ് ഈ രാജ്യങ്ങള്‍. ഇത് അറിയുമ്പോഴാണ് ഭാരതം കൈവരിച്ച മഹത്വം മനസ്സിലാക്കാന്‍ കഴിയുക. ആദ്യമായി ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചത് ജര്‍മ്മനിയാണ്. 2022 ലായിരുന്നു ഇത്.

നാലുവര്‍ഷത്തിനുള്ളില്‍ ഇത്തരമൊരു സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ ഭാരതത്തിന് കഴിഞ്ഞു എന്നത് അപൂര്‍വ നേട്ടമാണ്. മറ്റു രാജ്യങ്ങളിലെ ഇത്തരം ട്രെയിനുകള്‍ക്ക് വളരെക്കുറച്ച് ആളുകളെ വഹിക്കാന്‍ മാത്രമേ ശേഷിയുള്ളൂ. ഭാരതത്തില്‍ രണ്ടായിരത്തിലേറെ യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ട്രെയിന്‍ മറ്റു രാജ്യങ്ങളെയും അമ്പരപ്പിക്കുമെന്ന് തീര്‍ച്ചയാണ്. മറ്റു രാജ്യങ്ങളിലെ ട്രെയിനുകളില്‍ 3-4 ചെയര്‍ കാറുകള്‍ മാത്രമുള്ളപ്പോള്‍ ഭാരതത്തില്‍ 10 ചെയര്‍ കാറുകളാണുള്ളത്. ഹരിയാനയിലൂടെയാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നതെങ്കിലും മലയാളികള്‍ക്ക് പ്രത്യേകമായി അഭിമാനിക്കാവുന്ന ഒരു ഘടകം ഇതിലുണ്ട്. ഹൈഡ്രജന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത് കൊച്ചിയിലെ ഒരു സ്ഥാപനമാണ്. ഹൈഡ്രജനില്‍ പ്രവര്‍ത്തിക്കുന്ന വളരെ ശക്തി കൂടിയ എന്‍ജിന്‍ വികസിപ്പിച്ചെടുത്തത് ഈ സ്ഥാപനമാണ്. പ്രധാനമന്ത്രി മോദി ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത പരിപാടിയില്‍ ഈ സ്ഥാപനത്തിന്റെ ഉടമയും സന്നിഹിതനായിരുന്നു.

പതിറ്റാണ്ടുകളായി മുരടിച്ചു കിടന്നിരുന്ന ഭാരതത്തിലെ റെയില്‍വേ മേഖല അത്ഭുതകരമായി വികസിക്കാന്‍ തുടങ്ങിയത് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റത്തിന് ശേഷമാണ്. സ്വച്ഛ് ഭാരതിലൂടെ റെയില്‍വേ സ്റ്റേഷനുകള്‍ സമ്പൂര്‍ണ്ണമായി ശുദ്ധീകരിച്ചതിലൂടെ ട്രെയിന്‍ യാത്ര സുഗമമായി. യാത്രക്കാര്‍ക്ക് മുക്കുപൊത്താതെ സ്റ്റേഷനുകളില്‍ തങ്ങാനും യാത്ര ചെയ്യാനും സാധിച്ചു. വന്ദേ ഭാരത് ഉള്‍പ്പെടെയുള്ള അതിവേഗ ട്രെയിനുകള്‍ കൊണ്ടുവന്ന് ഗതാഗതം പരിഷ്‌കരിച്ചു. കേവലം മാറ്റമല്ല, വലിയൊരു വിപ്ലവമാണ് മോദി ഭരണകാലത്ത് റെയില്‍വേയില്‍ സംഭവിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് ഹരിത സാങ്കേതിക വിദ്യയിലൂടെ പ്രവര്‍ത്തിക്കുന്ന ട്രെയിനിന്റെ വരവ്.



By admin