
കൊല്ലം: ആര്‍എസ്എസ് രൂപീകരിച്ചതും വളര്‍ന്നതും സുവ്യക്തമായ ആശയ അടിത്തറയിലാണെന്ന് അഖില ഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേക്കര്‍. സ്വയംസേവകരുടെ കഠിനാധ്വാനവും സമൂഹത്തിന്റെ സജീവ പിന്തുണയുമാണ് നൂറ് വര്‍ഷത്തെ യാത്രയെ കരുത്തുള്ളതാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംഘ ശതാബ്ദിയുടെ ഭാഗമായി കൊല്ലം ചിന്നക്കട നാണി ഹോട്ടലില്‍ സംഘടിപ്പിച്ച പ്രബുദ്ധ പൗരസംഗമത്തില്‍ സംഘത്തിന്റെ വൈചാരിക അടിത്തറ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധിനിവേശവല്‍ക്കരിക്കപ്പെട്ട സമൂഹത്തെ ഭാരതീയ ചിന്തയ്‌ക്ക് അനുസൃതമായി ഉയര്‍ത്തുകയാണ് സംഘം ചെയ്തത്. സാഹചര്യങ്ങള്‍ക്കനുസരിച്ചല്ല, അവനവന്റെ വിചാരധാരയ്‌ക്ക് അനുസൃതമായാണ് സ്വയംസേവകന്‍ പ്രവര്‍ത്തനത്തെ കരുപ്പിടിപ്പിച്ചത്. കാലം ആ പ്രവര്‍ത്തനത്തെ ശരി വയ്‌ക്കുന്നു. ബ്രിട്ടീഷ് അധികൃതരുടെ വിലക്കുകളെ മറികടന്ന് സംഘസ്ഥാപകന്‍ ഡോക്ടര്‍ജി വന്ദേമാതരം ചൊല്ലിയ അതേ വിദ്യാലയം ഇന്ന് വന്ദേമാതരം ആഘോഷിക്കുന്നത് കാലത്തിന്റെ നീതിയാണെന്ന് അദ്ദേഹം പറഞ്ഞു.
നമ്മുടെ സ്വന്തം കാഴ്ചപ്പാടിലൂടെ ഈ രാഷ്‌ട്രത്തിന്റെ ധര്‍മത്തെയും സംസ്‌കൃതിയെയും ജീവിതത്തെയും ആവിഷ്‌കരിക്കുകയാണ് വേണ്ടതെന്ന് സംഘസ്ഥാപകന് ഉറച്ച ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് ഭാരതത്തിന്റെ തനിമ ഹിന്ദുത്വമാണെന്നും ഇത് ഹിന്ദുരാഷ്‌ട്രമാണെന്നും അദ്ദേഹം സംശയം ലേശമില്ലാതെ പ്രഖ്യാപിച്ചത്.
ഹിന്ദുത്വം എന്നത് സമൂഹത്തെയാകെ കോര്‍ത്തിണക്കുന്ന സത്തയാണ്. അതാണ് നമ്മുടെ പരസ്പരബന്ധത്തെ ബലപ്പെടുത്തുന്നത്. ഹിന്ദു ജീവിത മൂല്യങ്ങള്‍ പിന്തുടരുന്നവരെല്ലാം ഹിന്ദുക്കളാണ്. അത് മതമല്ല, ജീവിത രീതിയാണ്, സംസ്‌കാരമാണ്. ഹിന്ദുധര്‍മം അനേകം മതങ്ങളെ ഉള്‍ക്കൊള്ളുന്നതാണ്. ധര്‍മം എന്നത് ഈ മതങ്ങളെയെല്ലാം ശരിയായ പാതയില്‍ നയിക്കുന്ന ചിട്ടകളാണ്. ഹിന്ദുരാഷ്‌ട്രവും ഹിന്ദുധര്‍മവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ്. ഭിന്നതയിലേക്ക് നയിക്കുന്ന ഒന്നും ഹിന്ദുത്വത്തിലില്ല. ദേശീയ ഏകതയുടെയും രാഷ്‌ട്ര ഭക്തിയുടെയും വിഷയത്തില്‍ സംഘം വിട്ടുവീഴ്ച ചെയ്യില്ല. ഡോക്ടര്‍ജി സമാജത്തില്‍ ഒരു സംഘടന എന്ന നിലയിലല്ല സമാജത്തിന്റെയാകെ സംഘടന എന്ന നിലയിലാണ് സംഘത്തെ വിഭാവനം ചെയ്തത്. സംഘം ഒരു മതത്തിനും എതിരല്ല. ആര്‍ക്കും സംഘത്തിലേക്ക് കടന്നുവരാം. ഭേദമില്ലാതെ എല്ലാവരിലേക്കും സംഘാശയം എത്തണം എന്നത് ഈ കാലത്തിന്റെ ആവശ്യമാണ്, സുനില്‍ ആംബേക്കര്‍ പറഞ്ഞു.
പഞ്ചപരിവര്‍ത്തനം എന്ന വിഷയത്തില്‍ ദക്ഷിണ കേരളം പ്രാന്ത പ്രചാരക് എസ്. സുദര്‍ശനന്‍ സംസാരിച്ചു. ഡോ. ആര്‍.കെ. ഭൂദേശ് അധ്യക്ഷത വഹിച്ചു. കൊല്ലം മഹാനഗര്‍ സഹ സംഘചാലക് ഡോ. ജി. മോഹന്‍, എസ്. ആര്‍. സജീവ്, എസ് രഞ്ജന്‍ എന്നിവരും പങ്കെടുത്തു.