• Thu. Jul 17th, 2025

24×7 Live News

Apdin News

ഹൈടെക് റോഡ് നിര്‍മാണോദ്ഘാടനം കഴിഞ്ഞു; റോഡ് പണി തുടങ്ങിയില്ല, വാട്ടര്‍ അതോറിറ്റിയും മരാമത്ത് വകുപ്പും രണ്ടു തട്ടില്‍

Byadmin

Jul 16, 2025


നെയ്യാറ്റിന്‍കര: അരുവിപ്പുറത്തുനിന്ന് പെരുമ്പഴുതൂര്‍, കീളിയോടു വഴി മാമ്പഴക്കരയിലേക്കുള്ള റോഡ് ഹൈടെക്കാക്കുന്ന പദ്ധതിയുടെ പ്രഖ്യാപനവും കൊട്ടിഘോഷിച്ച് പെരുമ്പഴുതൂര്‍ കവലയില്‍ നടന്ന നിര്‍മാണോദ്ഘാടനവും കഴിഞ്ഞിട്ട് രണ്ടുമാസം പിന്നിട്ടു. റോഡ് നിര്‍മ്മാണം ഇതുവരെ ആരംഭിച്ചില്ല. ഏഴു കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഹൈടെക് റോഡ് ഏഴ് കിലോമീറ്റര്‍ ദൂരത്തില്‍ രണ്ട് റീച്ചുകളിലായി നിര്‍മ്മാണം വേഗതയില്‍ പൂര്‍ത്തീകരിക്കും എന്നാണ് മെയ് 6ന് കെ.ആന്‍സലന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്ന നിര്‍മാണോദ്ഘാടന വേളയില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചത്. അരുവിപ്പുറം മുതല്‍ പെരുമ്പഴുതൂര്‍ വരെയും തുടര്‍ന്ന് കീളിയോട് മുതല്‍ മാമ്പഴക്കര, പെരുങ്കടവിള വരെയുമാണ് റോഡ് ഹൈടെക്കാക്കുന്ന പദ്ധതി ലക്ഷ്യംവച്ചത്. ഇതിനിടയിലെ പെരുമ്പഴുതൂര്‍ മുതല്‍ കീളിയോട് വരെയുള്ള റോഡ് നെയ്യാറ്റിന്‍കര-കാട്ടാക്കട ജില്ലാറോഡിന്റെ നിര്‍മ്മാണ ഘട്ടത്തില്‍ ടാറിങ് പൂര്‍ത്തീകരിച്ചിരുന്നു.

ബിഎംബിസി സാങ്കേതിക വിദ്യയില്‍ റോഡ് ടാറിംഗ്, ഓടയില്ലാത്തിടത്ത് ഓട നിര്‍മാണം, നടപ്പാത കോണ്‍ക്രീറ്റിടല്‍, വളവുള്ളിടത്ത് കൈവരി സ്ഥാപിക്കല്‍ എന്നിങ്ങനെ പലതും ഹൈടെക് റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുമെന്നായിരുന്നു പറഞ്ഞിരുന്നത്. ആറുമാസം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കാനാണു കരാര്‍ നല്‍കിയത്. ഇനി അവശേഷിക്കുന്നത് നാലുമാസം മാത്രമാണ്. കീളിയോട് മുതല്‍ പെരുങ്കടവിള നീളുന്ന റോഡില്‍ ഹൈടെക് നവീകരണം മാമ്പഴക്കരയില്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ചത് വിമര്‍ശനങ്ങള്‍ക്കിടയാക്കി തുടര്‍ന്ന് പെരുങ്കടവിള വരെ ശേഷിക്കുന്ന ഒന്നര കിലോമീറ്റര്‍ ദൂരം കൂടി പദ്ധതിയിലുള്‍പ്പെടുത്തുകയായിരുന്നു.

പെരുങ്കടവിള കീളിയോട് റോഡ് കുണ്ടും കുഴിയും നിറഞ്ഞ് ദുരിതപാതയായിമാറി. വാട്ടര്‍ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും തമ്മില്‍ ഏകീകരണമില്ലാത്തത് പണി തുടങ്ങുന്നതിന് തടസമായി തുടരുന്നു. അരുവിപ്പുറം-കീളിയോട്-പെരുങ്കടവിള റോഡ് നിര്‍മാണത്തില്‍ കരാറുകാരന്‍ 48 മാസത്തെ ഗ്യാരണ്ടി മരാമത്ത് വകുപ്പിന് നല്‍കണം. പെരുങ്കടവിള-കീളിയോട് റോഡിന്റെ അവസ്ഥയില്‍ പരാതികളുയര്‍ന്നപ്പോള്‍ കരാറുകാരന്‍ പലയിടത്തും കോണ്‍ക്രീറ്റ് മിക്‌സ് ഉപയോഗിച്ച് കുഴി അടച്ചിരുന്നു, പെരുങ്കടവിള ബാലഭദ്രകാളി ക്ഷേത്രത്തിന് മുന്നിലെ വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ ജെസിബി ഉപയോഗിച്ച് റോഡിന്റെ ഉയരം കുറച്ചു. ഇതൊന്നും കരാറിലുള്ളവയല്ല.
വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈന്‍ സ്ഥാപിച്ച് കുഴി അടക്കുന്ന പണികള്‍ പൂര്‍ത്തീകരിച്ചെന്ന് അവകാശപ്പെടുന്നു. എന്നാല്‍ ഈ കുഴി അടക്കല്‍ അശാസ്ത്രീയമാണ്.

പൈപ്പിടല്‍ പണി നടക്കുന്നിടത്ത് വാട്ടര്‍ അതോറിറ്റി ജീവനക്കാരോ കരാറുകാരോ വന്ന് പരിശോധന നടത്താറില്ല, സബ് കരാറുകാരന്റെ മേല്‍നോട്ടത്തിലാവും പണി. പൈപ്പ് സ്ഥാപിക്കാന്‍ ഒരു മീറ്റര്‍ കുഴി വേണ്ടിടത്ത് 70 സെന്റീമീറ്ററിലധികം താഴാറില്ല. അതിന് മുകളില്‍ മണ്ണ് തട്ടി പേരിന് കോണ്‍ക്രീറ്റ് വിരിക്കുമ്പോള്‍ ദിവസങ്ങള്‍ക്കുള്ളില്‍ താണുപോകും. ഇതിന് മേലെ പ്രഷര്‍ മെഷീന്‍ ഉപയോഗിച്ച് ടാറിംഗ് നടത്തുമ്പോള്‍ വീണ്ടും താഴുകയും കരാറുകാരന് അധിക ബാധ്യത ഉണ്ടാവുകയും ചെയ്യും. വാട്ടര്‍ അതോറിറ്റി സ്ഥാപിക്കുന്ന പൈപ്പുകളുടെ ഗുണമേന്‍മയിലും പരാതികളുണ്ട്, സ്ഥാപിച്ച് തിരിയുമ്പോള്‍തന്നെ പൊട്ടുന്ന പൈപ്പുകള്‍ റോഡ് നിര്‍മ്മാണ ഘട്ടത്തിലും തുടര്‍ന്നും സൃഷ്ടിക്കാന്‍ പോകുന്ന തലവേദന ചെറുതാവില്ല. ടാറിംഗ് കഴിഞ്ഞ് പൊട്ടുന്ന പൈപ്പിന് മാത്രമേ വാട്ടര്‍ അതോറിറ്റിക്ക് ബാധ്യതയുള്ളു എന്നാണ് അവരുടെ ന്യായീകരണം.



By admin