• Wed. May 27th, 2026

24×7 Live News

Apdin News

ഹൈന്ദവ സംസ്‌കാരത്തെ നശിപ്പിക്കാനുള്ള ഗൂഢലക്ഷ്യം തിരിച്ചറിയണം: ബിജെവിഎസ്

Byadmin

May 27, 2026


കൊച്ചി: സംസ്ഥാനത്ത് നിലവില്‍ വരാന്‍ പോകുന്ന ദുര്‍മന്ത്രവാദ നിരോധന നിയമത്തിന്റെ മറവില്‍ പരമ്പരാഗത മതാചാരങ്ങളെയും ജ്യോതിഷം ഉള്‍പ്പെടെയുള്ളവയേയും നിയന്ത്രിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഭാരതീയ ജ്യോതിഷ വിചാര സംഘം (ബിഎംഎസ്) സംസ്ഥാന സംസ്ഥാന പ്രസിസന്റ് സുധീഷ് പണിക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഹൈന്ദവ സംസ്‌കാരത്തെ നശിപ്പിക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇതിന് പിന്നില്‍. നരബലി, ജീവന് ഭീക്ഷണിയുണ്ടാകുന്ന വിധം പരിക്കേല്‍പ്പിക്കല്‍, മുറിവ് ഏല്‍പ്പിക്കുക, ലൈംഗിക ചൂഷണം, ശ്വാസം മുട്ടിക്കുക, പ്രഹരിക്കുക, പൊള്ളിക്കുക, സാമ്പത്തിക വഞ്ചന തുടങ്ങിയവയ്‌ക്കെതിരെ ഭാരതത്തില്‍ പോലീസ് ശിക്ഷാ നിയമം നിലനില്‍ക്കുന്നുണ്ട്. നിലവിലുള്ള നിയമത്തെ സംഘടന പിന്തുണയ്‌ക്കുന്നുമുണ്ട്.

ഹീന പ്രവര്‍ത്തികള്‍ക്ക് ഭാരതീയ ജ്യോതിഷ വിചാരസംഘം എക്കാലത്തും എതിരാണ്. വേദങ്ങളായ ജ്യോതിഷം, താന്ത്രികം, വാസ്തുശാസ്ത്രം, ക്ഷേത്രസങ്കല്പം എന്നിവയെ സമൂഹത്തില്‍ നിന്ന് ഉന്മൂലനം ചെയ്യുന്ന തരത്തിലാണ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. രാജ്യത്ത് ഇങ്ങനെയുള്ള പ്രവര്‍ത്തികള്‍ക്ക് നീതിന്യായ വ്യവസ്ഥകളില്‍ ശിക്ഷാ നടപടികള്‍ ഉണ്ട്. ഹൈന്ദവ ആചാരത്തെ മാത്രം സൂചിമുനയില്‍ നിര്‍ത്തികൊണ്ട് ഇങ്ങനെയൊരു കരട് രൂപരേഖ പുറത്ത് വരുമ്പോള്‍ ഒരുപാട് സംശയങ്ങള്‍ തങ്ങള്‍ക്കുണ്ട്. നിയമം വരുന്നതോടെ ജ്യോതിഷ പ്രവചനങ്ങളില്‍ വിശ്വാസക്കുറവ് സൃഷ്ടിക്കുകയും തൊഴില്‍ മേഖലയില്‍ ശത്രുത തീര്‍ക്കുന്ന രിതിയില്‍ ആര്‍ക്കും പരാതി കൊടുത്ത് അപമാനിക്കാന്‍ ഇടയാക്കും. ആരാധനാലയങ്ങളില്‍ നിന്നടക്കം ലഭിക്കുന്ന ഏലസ്, യന്ത്രം, ഗുരുതിപ്രസാദം, മഞ്ഞള്‍പൊടി, ചന്ദനം ഇവ ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് കണക്കാക്കപ്പെടും.

ഹൈന്ദവ- ഭാരതീയ സംസ്‌കാരങ്ങള്‍ ഇല്ലാതാക്കുകയും വരും തലമുറയ്‌ക്ക് പകര്‍ന്ന് കൊടുക്കാന്‍ സാധ്യമല്ലാതാക്കുകയും ചെയ്യും. കരട് നിയമങ്ങള്‍ വ്യക്തത വരുത്തി, വിശ്വാസപരമായ ആചാരങ്ങളെ ഇതില്‍ അനാവശ്യമായി ഉള്‍പ്പെടുത്തിയത് നീക്കണം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ സമഗ്രമായ ചര്‍ച്ചകള്‍ നടത്തി മതസംഘടനാ നേതാക്കെളയും വേദപണ്ഡിതന്മാരെയും നിയമനിര്‍മാണ സമിതിയില്‍ ഉള്‍പ്പെടുത്തി ഒരു വിദഗ്ധസമിതി രൂപീകരിച്ച് പുനഃപരിശോധന നടത്തണം. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ഡെപ്യൂട്ടി സെക്രട്ടറി രജീഷ് കൃഷ്ണ, സംസ്ഥാന വൈസ് പ്രസിഡന്റ് സദാശിവന്‍ പിള്ള, സംസ്ഥാന സെക്രട്ടറി ഉഷാകുമാരി, ജില്ലാ സെക്രട്ടറി ഷിബു രാമന്‍ എന്നിവര്‍ പങ്കെടുത്തു.

ജ്യോതിഷ താന്ത്രിക സംഗമം 30ന്

കൊച്ചി: ഭാരതീയ ജ്യോതിഷ വിചാര സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ജ്യോതിഷ താന്ത്രിക സംഗമം 30ന് ബിഎംഎസ് സംസ്ഥാന കാര്യാലയത്തില്‍ നടക്കും. ഉച്ചതിരിഞ്ഞ് 2ന് നടക്കുന്ന സംഗമത്തില്‍ അന്ധവിശ്വാസ- അനാചാര നിര്‍മാര്‍ജന ബില്ലില്‍ വിശ്വാസപരമായ ആചാരങ്ങളെ ഉള്‍പ്പെടുത്തിയതിനെതിരെ സംയുക്ത സമരസമിതി രൂപീകരിക്കുന്നതിന്റെ ഭാഗമായുള്ള ആലോചനാ യോഗം നടക്കും. ബിജെവിഎസ് സംസ്ഥാന രക്ഷാധികാരി സൂര്യകാലടി മന സൂര്യന്‍ സുബ്രഹ്‌മണ്യന്‍ ഭട്ടതിരിപ്പാട് അധ്യക്ഷനാകും. ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ബി. ശിവജി സുദര്‍ശന്‍ ഉദ്ഘാടനം ചെയ്യും. ബിജെവിഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. സുധീഷ് പണിക്കര്‍, ജനറല്‍ സെക്രട്ടറി ഡോ. രാജ ജെ. അയ്യര്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന സമരസമിതി രൂപീകരണ യോഗത്തില്‍ ബിജെവിഎസ് സംസ്ഥാന പ്രഭാരി അഡ്വ. പി. മുരളീധരന്‍ വിഷയം അവതരിപ്പിക്കും. സംസ്ഥാന ട്രഷറര്‍ ആര്‍. സോമശേഖരന്‍ പിള്ള, സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ. ബ്രഹ്‌മദത്തന്‍ എന്നിവര്‍ സംസാരിക്കും. സമാപന സമ്മേളനം ബിഎംഎസ് സംസ്ഥാന സംഘടന കാര്യദര്‍ശി കെ. മഹേഷ് ഉദ്ഘാടനം ചെയ്യും.



By admin