27 ഇന്ത്യൻ ജീവനക്കാരുമായി യാത്ര ചെയ്തിരുന്ന പനാമ പതാകയുള്ള എണ്ണക്കപ്പലിന് ഹോർമുസ് കടലിടുക്കിൽ ലിംപെറ്റ് മൈനുകൾ ഉപയോഗിച്ച് ആക്രമണം. വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ എംടി ലൂയിസ് 1 എന്ന കപ്പലിന്റെ പുറംഭാഗത്ത് ചെറുബോട്ടിലെത്തിയ സംഘം രണ്ട് ലിംപെറ്റ് മൈനുകൾ ഘടിപ്പിക്കുകയായിരുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.ആക്രമണങ്ങളിൽപ്പെട്ട ഇന്ത്യൻ നാവികർ സുരക്ഷിതരാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു.
കപ്പൽ മാനേജ്മെന്റ് കമ്പനികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം എക്‌സിലെ കുറിപ്പിൽ വ്യക്തമാക്കി. സ്ഫോടനത്തെത്തുടർന്ന് എൻജിൻ മുറിയിൽ തീപിടിച്ചെങ്കിലും ജീവനക്കാർ തീയണച്ചു. കപ്പലിന്റെ പ്രവർത്തനം താൽക്കാലികമായി തടസ്സപ്പെട്ടെങ്കിലും പിന്നീട് യാത്ര പുനരാരംഭിച്ചു. പരിസ്ഥിതിക്ക് നാശമുണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഒമാനിലെ ഖസബിന് 46 കിലോമീറ്റർ വടക്കുകിഴക്കുഭാഗത്താണ് സംഭവം നടന്നതെന്ന് ബ്രിട്ടീഷ് നാവിക ഏജൻസിയായ യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. ഫെബ്രുവരിയിൽ സംഘർഷം ആരംഭിച്ചതിനുശേഷം ഹോർമുസ് കടലിടുക്കിൽ ലിംപെറ്റ് മൈനുകൾ വിജയകരമായി ഉപയോഗിച്ച ആദ്യ സംഭവമാണിതെന്നും റിപ്പോർട്ടുണ്ട്. വില കുറഞ്ഞതും എളുപ്പത്തിൽ ലഭിക്കുന്നതുമായ ഈ മൈനുകൾ ചെറുബോട്ടുകൾ ഉപയോഗിച്ച് കപ്പലുകളിൽ ഘടിപ്പിക്കാമെന്നത് ആക്രമണരീതിയെ കൂടുതൽ അപകടകരമാക്കുന്നുവെന്ന് ഗ്രീസിലെ മാരിടൈം റിസ്ക് മാനേജ്മെന്റ് സ്ഥാപനമായ മാരിസ്ക്സ് ചൂണ്ടിക്കാട്ടി.
ഇതിന് തൊട്ടുമുമ്പ്, രണ്ട് ഇന്ത്യക്കാരുമായി യാത്ര ചെയ്തിരുന്ന ലൈബീരിയൻ പതാകയുള്ള വൻ എണ്ണക്കപ്പലായ എംടി അർസനയ്‌ക്കു നേരെയും കടലിടുക്കിൽ പ്രൊജക്ടൈൽ ആക്രമണമുണ്ടായിരുന്നു. ഫെബ്രുവരിയിൽ യുഎസും ഇറാനും തമ്മിലുള്ള സംഘർഷം ആരംഭിച്ചതിനുശേഷം വാണിജ്യക്കപ്പലുകൾക്കു നേരെയുള്ള ആക്രമണങ്ങൾ മേഖലയിൽ വർധിച്ചുവരികയാണ്. യാത്രാ നിയന്ത്രണങ്ങൾ ലംഘിച്ചെന്നാരോപിച്ച് ഇറാൻ കപ്പലുകളെ ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ടുകൾ.