പത്തനംതിട്ട: സംസ്ഥാനത്ത് സ്വന്തം കെട്ടിടമില്ലാതെ 123 പൊതു വിദ്യാലയങ്ങള്‍. ഇതില്‍ 100 സ്‌കൂളുകളും പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ്. 103 സര്‍ക്കാര്‍ സ്‌കൂളുകളും 14 എയ്ഡഡ് സ്‌കൂളുകളും ആറ് അണ്‍ എയ്ഡഡ് സ്‌കൂളുകളും ആണ് നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഏറ്റവും കൂടുതല്‍ സ്‌കൂളുകള്‍ വാടക കെട്ടിടത്തിലുള്ളത് മലപ്പുറത്താണ്, 32 എണ്ണം. കണ്ണൂരില്‍ 29 ഉം.
സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാകിരണം പദ്ധതി, സമഗ്ര വിദ്യാഭ്യാസ നവീകരണ മിഷന്‍, സമഗ്ര ഗുണമേന്മ പദ്ധതി എന്നിവ നടപ്പാക്കുന്നുണ്ടെങ്കിലും സുരക്ഷിതമായ ക്ലാസ് മുറികളോ, നല്ല മൈതാനമോ, ആവശ്യമായ ശുചിമുറികളോ ഇല്ലാതെയാണ് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്ത് ഇപ്പോഴും പഠനം തുടരുന്നത്. സ്മാര്‍ട്ക്ലാസ് മുറി അടക്കമുള്ള സൗകര്യങ്ങള്‍ ഇവര്‍ക്ക് നിഷേധിച്ചിരിക്കുകയാണ്.
സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പരിധിക്ക് പുറത്ത് ആയതിനാലും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ അല്ലാത്തതുകൊണ്ടും അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് അടക്കം യാതൊരു ആനുകൂല്യങ്ങളും ഈ സ്‌കൂളുകള്‍ക്ക് ലഭിക്കില്ല. ചില സ്‌കൂളുകള്‍ നാട്ടുകാരില്‍ നിന്ന് പിരിവെടുത്താണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. ഇവയ്‌ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്നുപോലും വിദ്യാഭ്യാസ ഡയറക്‌റേറ്റ് കാര്യാലയത്തിന് അറിയില്ല.
യുഡിഎഫ് ഭരണത്തില്‍ 128 സ്‌കൂളുകളാണ് സ്വന്തം കെട്ടിടമില്ലാതെ പ്രവര്‍ത്തിച്ചിരുന്നത്. എല്‍ഡിഎഫിന്റെ ഒന്‍പതു വര്‍ഷത്തെ ഭരണത്തില്‍ വെറും അഞ്ച് സകൂളുകള്‍ക്ക് മാത്രമാണ് സ്വന്തമായി കെട്ടിടം പണിയാനായത്.
കൊല്ലം-2. പത്തനംതിട്ട -2, ആലപ്പുഴ-1, എറണാകുളം-3, തൃശൂര്‍ 10 പാലക്കാട് 13, മലപ്പുറം 30, കോഴിക്കോട് 13, കണ്ണൂര്‍ 25, കാസര്‍കോട്-4 എന്നിങ്ങനെയാണ് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍. അദ്ധ്യയന വര്‍ഷം ആരംഭിച്ച് ഒരു മാസം പിന്നിട്ടിട്ടും സംസ്ഥാനത്ത് പകുതിയോളം വിദ്യാഭ്യാസ ജില്ലകളില്‍ ഡിഇഒമാരുടെ പുനര്‍നിര്‍ണയവും പൂര്‍ത്തിയായിട്ടില്ല.
സ്‌കൂളുകളില്‍ ലൈബ്രേറിയന്മാരെ നിയമിക്കണമെന്ന് ഉത്തരവ് ഇറങ്ങി 25 വര്‍ഷമായിട്ടും അതും പ്രാബല്യത്തിലായിട്ടില്ല. നിലവില്‍ 650 ഹൈസ്‌കൂളുകളില്‍ ഇംഗ്ലീഷ് അദ്ധ്യാപകരുടെ ഒഴിവുകളും നികത്താനുണ്ട്.